/sathyam/media/post_attachments/lI5zAsLUmepGxg5ONBg7.jpg)
തിരുവനന്തപുരം: കവിയും ചലച്ചിത്രഗാന രചയിതാവുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു. കോവിഡ് ബാധിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഖാദറിന് ന്യൂമോണിയയും ബാധിച്ചതിനെത്തുടർന്ന് നില ഗുരുതരമായിരുന്നു. രാത്രി 12.20 നായിരുന്നു അന്ത്യം.
ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യ: ആമിന. മക്കൾ: തുഷാര, പ്രസൂന. കളിവീണ, പാടുവാൻ പഠിക്കുവാൻ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാന സമാഹാരം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്. ഏതോ ജന്മ കൽപനയിൽ, ശരറാന്തൽ തിരിതാഴും, നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ, അനുരാഗിണി ഇതായെൻ, രാജീവം വിടരും നിൻ മിഴികൾ, നാണമാവുന്നു മേനി നോവുന്നു, ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ, പൂമാനമേ ഒരു രാഗമേഘം താ, കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ, മന്ദാരച്ചെപ്പുണ്ടോ മണിക്യക്കല്ലുണ്ടോ, ഇത്തിരി നാണം പെണ്ണിന് കവിളിൽ തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ പൂവച്ചലിന്റേതാണ്.