മൊസാംബിക് സന്ദർശനത്തിനിടെ ഫ്രാൻസിസ് മാർപാപ്പ സഞ്ചരിച്ചത് കോട്ടയം സ്വദേശിയായ മലയാളിയുടെ മഹീന്ദ്ര കെയുവി 100 ൽ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, September 7, 2019

മൊസാംബിക് സന്ദർശനത്തിനിടെ ഫ്രാൻസിസ് മാർപാപ്പ മഹീന്ദ്രയുടെ ചെറു കാർ കെയുവി 100 ൽ സഞ്ചരിക്കുന്ന വിഡിയോ വൈറലായിരുന്നു. എന്നാല്‍ ഈ വിഡിയോയിൽ പച്ച മലയാള൦ കേട്ടപ്പോഴാണ് യഥാര്‍ത്ഥ വിവരം പുറത്തുവന്നത്. പോപ്പ് സഞ്ചരിച്ചത് മലയാളിയുടെ കാറിലായിരുന്നു, അതും ഒരു കോട്ടയം സ്വദേശിയുടെ കാര്‍.

കോട്ടയം മണിമല സ്വദേശി ജോസ് പറയങ്കന്റേതാണ് ആ മഹീന്ദ്ര 100. ഇരുപതു വർഷത്തോളമായി മൊസാംബിക്കിൽ മഹീന്ദ്ര ഡീലർഷിപ്പ് നടത്തുകയാണ് ജോസ് പറയങ്കൻ. മാർപാപ്പയെ അടുത്തു കണ്ട് അനുഗ്രഹം വാങ്ങാനുള്ള ഭാഗ്യവും ലഭിച്ചു ഈ മണിമലക്കാരന്.

ചെറു വാഹനങ്ങൾ ഇഷ്ടപ്പെടുന്ന മാർപാപ്പ എപ്പോഴും ചെറിയ വാഹനങ്ങളാണ് ഉപയോഗിക്കാറ്. പോപ്പ്മൊബീൽ (മാർപാപ്പയുടെ ഔദ്യോഗിക വാഹനം) ഉപയോഗിക്കാത്ത സമയത്താണ് മഹീന്ദ്ര കെയുവി 100 ഉപയോഗിച്ചത്.

മാർപ്പാപ്പയുടെ സന്ദര്‍ശനം മൊസാംബിക്കിന് ആവേശമായിരുന്നു എന്നാണ് മപുട്ടോയിൽ അധ്യാപികയായി ജോലി നോക്കുന്ന വിദ്യ അഭിലാഷ് പറയുന്നത്. മപുട്ടോയിലെ തെരുവുകളിൽ നിന്ന് മലയാളികൾ എടുത്ത വിഡിയോയും ചിത്രങ്ങളു൦ ആനന്ദ് മഹീന്ദ്ര ട്വിറ്റ് ചെയ്തെന്നും വിദ്യ പറയുന്നു.

ഫ്രാൻസിന് മാർപാപ്പ മഹീന്ദ്ര കെയുവി 100 ഉപയോഗിച്ചതിൽ സന്തോഷമുണ്ടെന്നു വ്യക്തമാക്കിയാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് പുറത്തുവന്നത് . പോപ്പിന്‍റെ വാഹനവ്യൂഹത്തില്‍ നിരവധി ആഡംബര വാഹനങ്ങള്‍ ഉണ്ടായിരുന്നു.

പോപ്പിന് സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും സഞ്ചരിച്ചത് മുന്തിയ വാഹനങ്ങളിലാണ്. ഈ സാഹചര്യത്തിലാണ് സാധാരണക്കാരന്‍റെ വാഹനം തന്നെ തനിക്ക് സഞ്ചരിക്കാനായി പോപ്പ് തെരഞ്ഞെടുത്തത്.

×