Advertisment

ചുംബനത്തിനു കാത്തു നില്കാതെ 'അമ്മ' യാത്രയായി…

New Update

publive-image

Advertisment

പതിവുപോലെ ഈവര്ഷവും താങ്ക്സ് ഗിവിങ്ങ് ഡേ സമാഗതമായി. ആർക്കും സുപരിചിതമല്ലാത്ത ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് നാം എല്ലാവരും കടന്നുപോകുന്നത്.

കോവിഡ് എന്ന മഹാമാരി ലോകജനതയെ ഭയത്തിനു അടിമകളാക്കി ബന്ധിച്ചിരിക്കുന്നു. എന്തുചെയ്യണം, എന്തെല്ലാം ചെയാതിരിക്കണം എന്നു തിരിച്ചറിയാനാകാത്ത മാസങ്ങളായി നിലനിൽക്കുന്നു അനിശ്ചിതാവസ്ഥ.

മനുഷ്യബന്ധങ്ങളിൽ വലിയൊരു വിള്ളലാണ് മഹാമാരി ശ്രഷ്ടിച്ചിരിക്കുന്നത്. സ്വന്തം കുടുംബാംഗളെപോലും കണ്ണ് നിറയെ കാണുന്നതിനോ, ഒരുമിച്ചിരുന്നു കുശലം പറയുന്നതിനോ, സമ്പർക്കം പുലർത്താനോ കഴിയാത്ത ദുഃഖകരമായ അവസ്ഥ. ഇൻപെഴ്‌സൻ കോണ്ടാക്ടിൽ നിന്നും വെർച്വൽ കോണ്ടാക്ടിലേക്കു അതിവേഗം കാര്യങ്ങൾ എത്തിനിൽക്കുന്നു.

ഇനി ഒരിക്കലും താങ്ക്സ് ഡേയിൽ എനിക്ക് ജന്മം നൽകിയ അമ്മയെ ഒരുനോക്കു കാണാൻ കഴിയുകയില്ലല്ലോ ഗദ്‌ഗദകണ്ഠനായി ശീതീകരിച്ച മുറിയിലെ സോഫയിലിരുന്നു ഭൂതകാല സ്മരണകളിലേക്കു ചാർളിയുടെ മനസ്സ് അതി വേഗം സഞ്ചരിച്ചു. തലേ ദിവസ്സത്തെ ഉറക്ക ക്ഷീണം നയനങ്ങളെ തലോടിയതറിഞ്ഞില്ല .

താമസിച്ചിരുന്ന പട്ടണത്തിൽ നിന്നും അനന്തമായ വിഹായസിലൂടെ വിമാനത്തിൽ
മൂന്ന്‌മണിക്കൂര്‍ യാത്ര. വിമാനത്താവളത്തില്‍ വന്നിറങ്ങിയതും മുന്‍കൂട്ടി ബുക്ക് ‌ചെയ്‌തിരുന്ന റെന്റല്‍ കാര്‍ കുടുംബാംഗങ്ങളേയും കാത്ത്‌ പുറത്തു ‌ പാര്‍ക്ക്‌ ചെയ്‌തിരുന്നു.

ഏജന്റില്‍ നിന്നും താക്കോല്‍ വാങ്ങി ഭാര്യയേയും നാലര വയസുളള മകനെയും കയറ്റി, കാര്‍ നേരെ പാഞ്ഞത്‌ വിമാനത്താവളത്തില്‍ നിന്നും ഏകദേശം മുപ്പതുമൈല്‍ ദൂരെ സ്ഥിതിചെയ്യുന്ന നഴ്സിംഗ് ‌ഹോമിലേക്ക്.

വഴിയില്‍ കാര്‍ നിര്‍ത്തി മൂന്നു വിലകൂടിയതും മനോഹരവുമായ റോസാപുഷ്‌പങ്ങള്‍ വാങ്ങുന്നതിനും മറന്നില്ല. പഠിച്ചു വളര്‍ന്ന സ്‌കൂളും കോളേജും പിന്നിട്ട്‌ കാർ നഴ്‌സിംഗ് ഹോമിന്റെ മുൻപിൽ എത്തി പാര്‍ക്ക്‌ ചെയ്‌തു.

നേഴ്സിങ് ഹോമിന്റെ സുപരിചിതമായ കെട്ടിട സമുച്ചയ ഇടനാഴിയിലൂടെ അതിവേഗം നടന്ന്‌ 56-ാം നമ്പര്‍ മുറിയില്‍ പ്രവേശിച്ചു .അകത്തു കയറിയതും കൊച്ചുമോന്‍ ഓടിചെന്ന്‌ ഉറങ്ങി കിടക്കുകയായിരുന്ന അച്ചമ്മയുടെ കവിളില്‍ ചുംബിച്ചു.

ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണർന്ന 'അമ്മ കണ്ടത്‌ കട്ടിലിന്റെ ഇരുവശങ്ങളിലായി ഇരിക്കുന്ന എന്നെയും ഭാര്യേയും കൊച്ചുമോനേയുമാണ്‌. ഞാൻ കുനിഞ്ഞു അമ്മയുടെ നെറ്റിയില്‍ ചുംബിച്ചപ്പോള്‍ പാതിവിടര്‍ന്നിരുന്ന കണ്ണുകള്‍ സജ്ജീവമായി. മറുവശത്തായി ഇരുന്നിരുന്ന ഭാര്യ ചായം തേച്ചു ‌ ചുവപ്പിച്ച അധരങ്ങള്‍ നെറ്റിയില്‍ സ്പർശിക്കാതെ ചുംബനം നല്‍കി.

അമ്മേ ഇന്ന്‌ `താങ്ക്‌സ്‌ഗിവിങ്‌ഡേ' ആണ്‌. അമ്മയെ കാണുന്നതിനാണ്‌ ഞങ്ങള്‍ ഇവിടെ വന്നത്‌. രണ്ടുദിവസം മാത്രമാണ് എനിക്ക് അവധി ലഭിച്ചിരിക്കുന്നത്‌. കൊച്ചുമോന്റെ മമ്മിയുടെ മാതാപിതാക്കള്‍ ഇവിടെയടുത്താണല്ലോ താമസിക്കുന്നത്‌.

ഇന്നു രാത്രി അവരുടെ വീട്ടില്‍ കഴിയണം നാളെ രാവിലെ മടങ്ങി പോകുകയും വേണം. എല്ലാവരേയും മാറിമാറി നോക്കുന്നതിനിടയില്‍ അമ്മയുടെ കണ്ണില്‍ നിന്നും പുറത്തേയ്‌ക്കൊഴുകിയ ചുടുകണ്ണുനീര്‍ കയ്യിലുണ്ടായിരുന്ന ടിഷ്യുപേപ്പര്‍ കൊണ്ട്‌ തുടച്ചു നീക്കി .

കിടന്ന കിടപ്പില്‍ നിന്നും ചാരിയിരിക്കുന്നതിനു അമ്മ നടത്തിയ ശ്രമം ഞാൻ തടഞ്ഞു. അമ്മ അവിടെതന്നെ കിടന്നോളൂ. ഞങ്ങള്‍ എല്ലാവരും ഇവിടെയുണ്ടല്ലോ.

അമ്മ മേരിക്ക്‌ വയസ് അറുപത്തിയെട്ടായി. ശരീരത്തിന്റെ അരയ്‌ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടുവെങ്കിലും അള്‍സൈമേഴ്‌സ്‌ മേരിയുടെ ഓര്‍മ്മശക്തിയില്‍ ഇതുവരെ പിടിമുറിക്കിയിരുന്നില്ല.

ഒരുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ എന്നേയും കുടുംബത്തേയും വീണ്ടുംകാണുന്നത്‌. കഴിഞ്ഞ താങ്ക്‌സ്‌ഗിവിങ്‌ഡേയില്‍ കാണാന്‍ വന്നപ്പോള്‍ പറഞ്ഞതാണ്‌ ഞങ്ങള്‍ ഇടയ്‌ക്കിടെ അമ്മയെ വന്ന്‌ കാണാമെന്ന്‌.

പിതാവ് മുപ്പത്തിയെട്ട്‌ വയസ്സില്‍ ഈലോകത്തില്‍ നിന്നും വിടപറയുമ്പോള്‍ എനിക്ക് പ്രായം രണ്ട്‌ വയസ്. എൻറെയും മാതാവിൻറെയും കൈകള്‍ കൂട്ടിപിടിച്ച്‌ പിതാവ് ഇപ്രകാരംപറഞ്ഞു. "മോനെ നീ പൊന്നുപോലെ നോക്കണം, അവൻ നിന്നെ ജീവിതാന്ത്യംവരെ നോക്കികൊളളും".

മുപ്പത്തി മൂന്നു വയസ്സില്‍ ഭര്‍ത്താവ്‌ നഷ്ടപ്പെട്ടുവെങ്കിലും മേരി നഴ്‌സായിരുന്നതിനാല്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കേണ്ടിവന്നില്ല. മേരിയുടെ മനസ്സില്‍ ‌ ഉയര്‍ന്നുവന്ന ആശയം മറ്റൊന്നായിരുന്നു.

എങ്ങനെയെങ്കിലും അമേരിക്കയില്‍ എത്തണം. മകന്‌ നല്ല വിദ്യാഭ്യാസം നല്‍കണം. നല്ലൊരു ഭാവി ഉണ്ടാകണം. ഒരു നഴ്‌സിനെ സംബന്ധിച്ചു അമേരിക്കയിൽ വരുന്നതിനു വലിയ കടമ്പകള്‍ അന്ന് ഇല്ലായിരുന്നു.

ഭര്‍ത്താവ്‌ മരിച്ചു രണ്ട്‌ വര്‍ഷത്തിനുളളില്‍ എന്നേയും കൂട്ടി മേരി അമേരിക്കയില്‍ എത്തി. ഭര്‍ത്താവില്ലാതെ തികച്ചും മാതൃകപരമായ ജീവിതം നയിച്ച മേരി, എനിക്കൊരു നല്ല ജോലി ലഭിച്ചതോടെ അമേരിക്കയിൽ മലയാളി കുടുംബത്തില്‍ ജനിച്ചു വളർന്ന ‌പരിഷ്‌കാരിയും സൽസ്വഭാവിയുമായിരുന്ന പെൺകുട്ടിയെ കണ്ടെത്തി വിവാഹവും നടത്തി. ഉയര്‍ന്ന വിദ്യാഭ്യാസവും, ഉയര്‍ന്ന ജോലിയും എനിക്ക് ‌സമൂഹത്തില്‍ ഉന്നതസ്ഥാനവും നേടിതന്നു.

ഒറ്റക്ക്‌ ജീവിച്ച എന്നെ വളര്‍ത്തുന്നതിനു അമ്മ നയിച്ച വിശ്രമരഹിത ജീവിതം ശരീരത്തേയും മനസ്സിനേയും സാരമായി തളര്‍ത്തിയിരുന്നു. ഒരുദിവസം ജോലികഴിഞ്ഞു മടങ്ങിവരുന്നതിനിടെ ഉറക്കത്തില്‍പ്പെട്ട്‌ ഉണ്ടായ അപകടത്തില്‍ അമ്മക്ക് ‌ സാരമായി പരിക്കേറ്റു.

വിദഗ്‌ധ ചികിത്സ ലഭിച്ചതിനാൽ ജീവന്‍ രക്ഷിക്കാനായെങ്കിലും നട്ടെല്ലു തകര്‍ന്നു ശരീരത്തിന്റെ അരയ്‌ക്കുതാഴെ പൂര്‍ണ്ണമായും ചലനശേഷി നഷ്ടപ്പെട്ടു. ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ്‌ചെയ്‌ത വീട്ടിലെത്തിയ അമ്മയെ ശുശ്രൂഷിക്കുന്നതിന്‌ ആദ്യ ദിവസങ്ങളിൽ ഞാനും ഭാര്യയും താല്‌പര്യം കാണിച്ചു.

ദിവസങ്ങള്‍ പിന്നിട്ടതോടെ അമ്മക്ക് ശരിയായ ശുശ്രൂഷ ലഭിക്കാതെയായി. ഭാര്യയുടെ താല്‌പര്യം പരിഗണിച്ച് അമ്മയെ നഴ്‌സിങ്‌ഹോമില്‍ ‌പ്രവേശിപ്പിക്കുന്നതിന് നിർബന്ധിതനായി.

ഇതിനിടയിലാണ്‌ ജോലിയുമായി ബന്ധപ്പെട്ട്‌ മറ്റൊരു സ്ഥലത്തേക്കു ട്രാന്‍സ്‌ഫര്‍ ലഭിച്ചത്‌. അന്ന്‌മുതല്‍ നഴ്‌സിങ്‌ഹോമില്‍ ഒറ്റക്ക്‌കഴിയുകയാണ്‌ 'അമ്മ. ഇപ്പോള്‍ ഇവിടെ എത്തിയിട്ട്‌ നാല് വർഷമായി.

`അമ്മേ ഞങ്ങള്‍ ഇറങ്ങുകയാണ്‌ എന്ന്‌ ശബ്ദം കേട്ടാണു അമ്മ സ്ഥലകാലബോധം വീണ്ടെടുത്തത്‌. മൂന്നുപേരും ഒരിക്കല്‍ കൂടി കവിളിൽ ചുംബിച്ചു. ഏകദേശം ഒരുമണിക്കൂര്‍ നേരത്തെ സംഗമത്തിനുശേഷം യാത്ര പറഞ്ഞു പിരിയുമ്പോൾ അമ്മയുടെ കൈകളില്‍ ഉണ്ടായിരുന്ന റോസാപുഷ്‌പങ്ങള്‍ നോക്കി കൊണ്ട്‌ മനസ് ‌മന്ത്രിച്ചു.

`ഇനി എന്നാണ് ‌നമ്മള്‍ പരസ്‌പരം കണ്ടുമുട്ടുക‌ ? അടുത്ത താങ്ക്‌സ്‌ഗിവിങ്ങു ദിനം വരെ ഇനിയും കാത്തിരിക്കേണ്ടിവരുമോ! 'അതോ അനന്തമായി നീളുമോ ഈ കാത്തിരിപ്പ്?

കാറില്‍ കയറി നേരെ എത്തിയതു ഭാര്യ വീട്ടിലാണ്. അവിടെ നടന്നിരുന്ന താങ്ക്‌സ്‌ഗിവിങ്‌ ആഘോഷങ്ങളില്‍ പങ്കെടുത്തിനുശേഷം ഡൈനിങ്‌ ടേബിളില്‍ ഒരുക്കിയിരുന്ന വിഭവസമൃദ്ധമായ ഡിന്നര്‍ കുടുംബസമ്മേതം ആസ്വദിക്കുമ്പോള്‍ അല്‌പം അകലെയല്ലാത്ത നഴ്‌സിങ്‌ഹോമില്‍ ഏകയായി കഴിയുന്ന അമ്മയുടെ മുമ്പിലും ആരോ ഒരു നഴ്‌സിങ്‌ഹോം ജീവനക്കാരന്‍ താങ്ക്‌സ്‌ഗിവിങ്‌ ഡിന്നര്‍ നിരത്തിവെച്ചു.

ഇമവെട്ടാതെ ഡിന്നര്‍ പ്ലേറ്റിലേക്ക്‌ നോക്കിയിരുന്നപ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയ ചിത്രം ആരോ വിവരിച്ചത് മനസിലേക്കു കടന്നുവന്നു.

പെട്ടെന്ന് മകൻ വന്നു തോളിൽ തട്ടി എന്താണ് പപ്പാ കരയുന്നതെന്നു ചോദിച്ചപ്പോഴാണ് മയക്കത്തിൽ നിന്നും ഉണർന്നത്. മമ്മി എവിടെയാണ് മോനെ ? ഈ വര്ഷം അമ്മയെകാണാൻ പോകേണ്ട അല്ലെ ?

നഴ്സിംഗ് ഹോമിലെ ഭൂരിഭാഗം അന്തേവാസികളെയും കോവിഡ് മഹാമാരി തട്ടിയെടുത്തപ്പോൾ അമ്മേയെയും ഒഴിവാക്കിയില്ലല്ലോ. അവസാനമായി ഒന്ന് ചുംബനം നൽകുന്നതിനോ യാത്രയയപ്പു നൽകുന്നതിനോ കഴിഞ്ഞില്ലാലോ. മനസ്സിൽ വീണ്ടും അമ്മയുടെ രൂപം തെളിഞ്ഞു വന്നു.

മഹാമാരിയിൽ ജീവൻ ഹോമിക്കേണ്ടിവന്ന ആയിരകണക്കിന് മാതാപിതാക്കളുടെ മക്കളുടെ ദുഃഖത്തിൽ ഈ താങ്ക്സ്ഗിവിങ് ദിനത്തിൽ പങ്കു ചേരുന്നു .

 

voices
Advertisment