ഭോപാലിലെ ജനങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ അവരുടെ എംപി പ്രജ്ഞാ ഠാക്കൂറിനെ കാണാനില്ലെന്ന് പോസ്റ്റർ; പ്രജാഞാ കാൻസറിന് എയിംസിൽ ചികിത്സയിലാണെന്ന് ബിജെപി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, May 30, 2020

ഭോപാൽ: ഭോപാലിൽ നിന്നുള്ള ലോക്‌സഭാ എംപി പ്രജ്ഞാ ഠാക്കൂറിനെ കാണാനില്ലെന്ന് പോസ്റ്റർ. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഭോപാലിലെ ജനങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ അവരുടെ എംപിയെ എവിടെയും കാണാനില്ലെന്നു പറയുന്ന പോസ്റ്ററുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പ്രജ്ഞാ ഠാക്കൂറിന്റെ ചിത്രം പതിപ്പിച്ച പോസ്റ്ററുകളിൽ കാണാതായവർക്കായി അന്വേഷിക്കുക എന്നും എഴുതിയിട്ടുണ്ട്.

‘ഇനി വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നതിന് മുൻപ് ചിന്തിക്കണം. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിങ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ നഗരത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗത്തെ എവിടെയും കാണാനില്ല. ദുരിത സമയങ്ങളിൽ ജനങ്ങളോടൊപ്പം നിൽക്കാൻ കഴിയാത്ത ഇത്തരം ജനപ്രതിനിധികളെ ഭാവിയിൽ തിരഞ്ഞെടുക്കരുത്.

പ്രജ്ഞാ ഠാക്കൂറിനോട് വരാൻ ഞങ്ങൾ അഭ്യർഥിക്കുന്നു. അവർക്ക് ഇപ്പോൾ സ്വന്തം സർക്കാരുണ്ട്. വിഷമിക്കേണ്ട കാര്യമില്ല’– മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമലേശ്വർ പട്ടേൽ പറഞ്ഞു.

എന്നാൽ, എംപിയുടെ അഭാവത്തെ ന്യായീകരിച്ച് ബിജെപി വക്താവ് രാഹുൽ കോത്താരി രംഗത്തെത്തി. പ്രജാഞാ ഠാക്കൂർ കാൻസറിന് എയിംസിൽ ചികിത്സയിലാണ്. പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യുക, സമൂഹ അടുക്കളയിലൂടെ ഭക്ഷണം വിതരണം ചെയ്യുക തുടങ്ങിയ നിരവധി പ്രവൃത്തികൾ നടത്തുന്നുണ്ടെന്നും കോത്താരി പറഞ്ഞു.

ഈ മാസം ആദ്യം നടന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ മുഖ്യമന്ത്രി കമൽ നാഥിനെയും മകൻ നകുൽ നാഥിനെയും കാണാനില്ലെന്ന് പറഞ്ഞ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടു നേതാക്കളെയും കണ്ടെത്തുന്നവർക്ക് 21,000 രൂപ പാരിതോഷികവും വാഗ്ദാനം ചെയ്തു.

ജ്യോതിരാദിത്യ സിന്ധ്യ, മുൻ മന്ത്രിമാരായ ഇമാർട്ടി ദേവി, ലഖാൻ സിങ് യാദവ് എന്നിവരെയും കാണാനില്ലെന്ന് കാണിച്ച് ഈ മാസം ഗ്വാളിയറിന്റെ ചമ്പൽ പ്രദേശത്ത് പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ പോസ്റ്ററുകൾ പതിച്ചതിന് രണ്ടു പ്രാദേശിക നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

×