നടി ആക്രമിക്കപ്പെട്ട കേസ് ! അവളെ ദയവുചെയ്ത് നമ്മുടെ കൂടെപ്പിറപ്പായി ഒരു നിമിഷം കണ്ടുകൂടെ ?

പ്രകാശ് നായര്‍ മേലില
Wednesday, November 25, 2020

പ്രബുദ്ധകേരളം ചർച്ചചെയ്യണം. ഈ നിഷ്‌ക്രിയത്വം നാം ഉപേക്ഷിക്കണം. ഒറ്റയ്ക്ക് നീതിക്കായി പൊരുതുന്ന ഒരു പെൺകുട്ടിയുടെ ദൈന്യാവസ്ഥ നമ്മൾ മനസ്സിലാക്കണം.

ഒപ്പമുണ്ടായിരുന്ന പലരും അവളെ കൈവിട്ടു. പ്രിയപ്പെട്ട കൂട്ടുകാരിയും പിൻവാങ്ങി. വിരലിലെണ്ണാവുന്ന തന്റേടമുള്ള ചില അഭിനേത്രികൾ മാത്രമാണ് ഇന്നവൾക്കൊപ്പം പിന്തുണയുമായി നിൽക്കുന്നത്.

കയ്യൂക്കും കയ്യിൽ പണവും ഉള്ളവർക്ക് എന്തുമാകാമെന്ന നില വരാൻ പാടില്ല. സ്ത്രീസുരക്ഷയെപ്പറ്റി ഊണിലും ഉറക്കത്തിലും വാചകമടിക്കുന്ന നേതാക്കളും ബുദ്ധിജീവികളും സാംസ്കാരികനായകരും ഈ വിഷയത്തിൽ ഇനിയെങ്കിലും മൗനം വെടിയണം.

താരസംഘടന ഈ പെൺകുട്ടിയെ ഏതുവിധത്തിലാണ് സഹായിച്ചത് ? എന്തിനാണ് ഇങ്ങനെ ഒരു സംഘടന ? അതിലെ ഒരംഗത്തിൻ്റെ മാനം നഷ്ടമായപ്പോൾ അവൾക്കൊപ്പം നീതിക്കുവേണ്ടി നിൽക്കേണ്ടവർ ആ കടമ എത്രത്തോളം നിർവഹിച്ചു ? ഇതൊക്കെ അവർ സ്വന്തം മനസ്സാക്ഷിയോടുകൂടെ ചോദിക്കട്ടെ ??

സ്ത്രീകളുടെ രക്ഷകരും സംരക്ഷകരും ഒക്കെയായി അഭ്രപാളികളിൽ നിറഞ്ഞാടിയ സൂപ്പർ താരങ്ങൾ ഇതുവരെ അവരുടെ ഈ കൊച്ചനുജത്തിയോട് എത്രത്തോളം നീതിപുലർത്തി എന്ന് വിശകലം ചെയ്യട്ടെ ?

അഡ്വ. ജയശങ്കറിന്റെ അഭിപ്രായത്തിൽ “കോടതിമുറിയിൽ പൾസർ സുനി ചെയ്തതിനേക്കാൾ കൂടുതൽ പലതവണ അവൾ അപമാനിതയായി, പലയാവർത്തി ആ വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിക്കപ്പെട്ടു.

ഇവിടെ നടക്കുന്നത് പോസിക്യൂഷനല്ല, പ്രോസ്റ്റിട്യൂഷനാണ് എന്ന് ജഡ്‌ജിതന്നെ വിളിച്ചു പറയുന്ന അവസ്ഥ, സാക്ഷിപറയാൻ വന്ന ജനപ്രതിനിധിയായ എംഎല്‍എയോട് എവിടെ പീഡനമുണ്ടായാലും നിങ്ങളവിടെ ഓടിയെത്തുമോ എന്ന ജഡ്‌ജിയുടെ ചോദ്യം. ഒക്കെ അമ്പരപ്പിക്കുന്നതാണ്.

സഹികെട്ട് പലതവണ അവൾക്ക് കോടതിയിൽ പൊട്ടിക്കരയേണ്ടിവന്നു. കോടതിയിൽ പ്രോസിക്യൂഷനനു കൂലമായി മൊഴികൊടുക്കാൻ പോയ എല്ലാ സാക്ഷികളും ഇതുപോലെ പീഡിപ്പിക്കപ്പെട്ടു . പ്രോസിക്യൂഷനും നിസ്സഹായാവസ്ഥയിലായി ” (ABC Malayalam News Co .Video)

ഇന്നലെയിതാ ഈ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറും രാജിവച്ചിരിക്കുന്നു. എന്തൊരവസ്ഥയാണിത് ? മാനം നഷ്ടപ്പെട്ട ഒരു യുവതി നീതിക്കായി നീതിപീഠത്തിനു മുന്നിൽ താണുകേണു വിലപിക്കുന്നു ?

സാക്ഷികളെ കൂറുമാറ്റാനും സ്വാധീനിക്കാനും പരസ്യ മായ ശ്രമങ്ങൾ നടന്നിരിക്കുന്നു. പ്രതി, സാക്ഷികളെ സ്വാധീനിക്കുന്നു എന്ന കാരണത്താൽ അയാളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ തന്നെ കോടതിയോടാവശ്യപ്പെട്ടിരിക്കുകയുമാണ്.

മാപ്പുസാക്ഷിയെ കൂറുമാറാൻ സ്വാധീനിച്ച കുറ്റത്തിന് സിനിമാക്കാരനായ എംഎല്‍എയുടെ സെക്രട്ടറി അറസ്റ്റിലായപ്പോൾ അയാളെ പുറത്താക്കിയെന്നു പറഞ്ഞു തടിയൂരുന്ന എംഎല്‍എയും സംശയമുനയിലാണ്.

സരിത കേസിലെ ഈ സെക്രട്ടറിയുടെ ഇടപെടലും ഇപ്പോഴത്തെ ഇടപെടലുമൊക്കെ ആർക്കുവേണ്ടിയായിരുന്നെന്നും ആര് നിർദ്ദേശിച്ചാണെന്നും അരിയാഹാരം കഴിക്കുന്ന എല്ലാ കേരളീയർക്കും നന്നായി അറിയാവുന്നതാണ്.

കോടതികളിൽ പരാതിക്കാരായെത്തുന്ന ബലാൽസംഗത്തിനും പീഡനത്തിനും ഇരകളാകുന്ന സ്ത്രീകൾ പ്രതിഭാഗം അഭിഭാഷകരാൽ പലപ്പോഴും അപഹാസ്യരോ അവഹേളിതരോ ആകാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അതുമൂലം പലരും കേസുമായി കോടതികളിൽ പോകാൻ മടിക്കുന്നു എന്നും പറയപ്പെടുന്നു.

പ്രശസ്ത മാധ്യമപ്രവർത്തകനായിരുന്ന കെ.വി.എസ് ഇളയത് എഴുതിയ അനുഭവക്കുറിപ്പ് ഒരിക്കൽ വായിച്ചത് ഞാനോർക്കുന്നു. ഒരു യാത്രക്കിടെ ഒരാൾ ഒരു യുവതിയെ അപമാനയ്ക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ദൃക്‌സാക്ഷിയായ അദ്ദേഹം യുവതിക്കനുകൂലമായി കോടതിയിൽ സാക്ഷിപറയാനെത്തിയപ്പോൾ പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യം കേട്ട് ഒരു നിമിഷം അദ്ദേഹം നടുങ്ങിപ്പോയി. ചോദ്യമിതായിരുന്നു…

“താങ്കളും വാദിയായ യുവതിയും തമ്മിൽ രഹസ്യബന്ധമുണ്ടെന്നും അതുകൊണ്ടാണ് താങ്കൾ അവർക്കനുകൂലമായി സാക്ഷിമൊഴിനൽകാൻ തയ്യറായതെന്നും പറയുന്നത് ശരിയാണോ” ?

ചോദ്യം കേട്ട് കെ.വി.എസ് ഇളയത് ഒരു നിമിഷം അമ്പരന്നുപോയെങ്കിലും ഉടൻതന്നെ ഉരുളയ്ക്കുപ്പേരിപോലെ അദ്ദേഹം വക്കീലിന് മറുപടി നൽകി “പ്രതിയുടെ അഭിഭാഷകനായ താങ്കൾക്ക് പ്രതിയുടെ ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന് എന്നോടും ചിലർ പറഞ്ഞിരുന്നു. അതുപോലെ അസംബന്ധമാണ് താങ്കൾ ചോദിച്ച കാര്യവും “ഇതായിരുന്നു ഇളയത് നൽകിയ മറുപടി.

ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിൽ പലവിധ മാനസികപീഡനങ്ങളും ഒറ്റപ്പെടലുകളും ഒപ്പമുണ്ടാകുമെന്നു കരുതിയവരുടെ മലക്കം മറിച്ചിലുകളും കേസ് അട്ടിമറിക്കാനുള്ള ഹീനതന്ത്രങ്ങളും ഒക്കെ കണ്ടുമടുത്തും അതിജീവിച്ചുമാണ് ആ പെൺകുട്ടി ഇന്നും നീതിക്കായി പോരാടുന്നത്. അവളെ ദയവുചെയ്ത് നമ്മുടെ കൂടെപ്പിറപ്പായി ഒരു നിമിഷം കണ്ടുകൂടെ ?

×