ഇലപൊഴിയും കാലം

സത്യം ഡെസ്ക്
Wednesday, August 5, 2020

തൊടുപുഴ :- മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്ത മാര്‍ ക്രിസോസ്റ്റം സഭയുടെ ഉടമസ്ഥതയിലുള്ള കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ അവഗണനയും പീഡനവും അനുഭവിക്കുന്നു എന്ന വാര്‍ത്ത ജൂലൈ 31-ലെ മാധ്യമം പത്രത്തില്‍ വായിച്ചു. ആരോപണം അടിസ്ഥാന രഹിതാമാണെന്ന് സഭാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കലും ശരിയായിരിക്കരുത് എന്നാണ് പ്രാര്‍ത്ഥനയെങ്കിലും പ്രസ്തു വാര്‍ത്ത മനസ്സില്‍ ഏല്‍പ്പിച്ച നൊമ്പരം ഇനിയും മാറിയിട്ടില്ല.

ഏറെ ധന്യമാണ് വലിയ മെത്രാപ്പോലീത്തയുടെ ജീവിതം..സ്വര്‍ണ്ണ നാവുള്ളവന്‍ എന്നാണ് ക്രിസോസ്റ്റം എന്ന പേരിന്റെ അര്‍ത്ഥം. ആ സ്വര്‍ണ്ണ നാവുകൊണ്ട് ഒരെ സമയം ഒരുപാട് ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത ദിവ്യ തേജസ്സാണ് വലിയ മെത്രാപ്പോലീത്ത. 102-ന്റെ നിറവില്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിയ വലിയമത്രാപ്പോലീത്തയെപ്പറ്റി ഇത്തരമൊരു വാര്‍ത്ത വന്നതു തന്നെ അരുതായ്കയാണെന്നു പറയാതെ വയ്യ.

മാധ്യമത്തില്‍ വന്ന വാര്‍ത്ത ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഔന്നത്യത്തിന്റേയും പ്രതാപത്തിന്റേയും പടവുകള്‍ ഒന്നൊന്നായി കീഴടക്കിയാലും ജീവിത സായാഹ്നങ്ങള്‍ എങ്ങനെ ആകുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.

വലിയവനൊ ചെറിയവനൊ ആകട്ടെ, ആര്‍ക്കും ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ!. അകാലത്തില്‍ ഒന്നുമറിയാതെ ആയുസ്സറ്റു പോകുന്ന ഭാഗ്യവാന്‍മാരൊ നിര്‍ഭാഗ്യാവാന്‍മാരൊ ഒഴികെ എല്ലാവരും ഒരുനാള്‍
പ്രായത്തിന് കീഴടങ്ങും. അവര്‍ക്കെല്ലാം വേണ്ടത് സാന്ത്വനവും, സമാശ്വാസവും, കൈത്താങ്ങുമാണ്. പഴുത്തയില കൊഴിയുമ്പോള്‍ ചിരിക്കുന്ന പച്ച ഇലയുടെ കഥയൊക്കെ എല്ലാവരും സൗകര്യപൂര്‍വ്വം മറക്കുകയാണ്.

അഡ്വ. എസ് അശോകന്‍

×