എന്തിന് കുശുമ്പു പറയണം ? ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ ഇപ്പോഴും ശക്തം തന്നെ ! അതിനെ മോശമായി കാണുന്ന ചിന്താഗതിയാണ് മാറേണ്ടത് – പ്രണയവും സൗഹൃദവും

കാര്‍ത്തിക ( റാണി ആനന്ദ് )
Monday, August 3, 2020

പ്രണയം വിഷയമാക്കിയുള്ള ഒരുപാട് പോസ്റ്റുകൾ കാണാറുണ്ട്. സൗഹൃദത്തെക്കുറിച്ച് വളരെ കുറവും. എന്താണ് പ്രണയവും സൗഹൃദവും തമ്മിലുള്ള വ്യത്യാസം. ഏതാണ് ഏറ്റവും “ഹൃദ്യം “.ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ വികാരമാണ് ‘പ്രണയം ‘. അതിൽ ഒരു സംശയവുമില്ല. പക്ഷെ അതിനേക്കാൾ ഒരുപാട് ഉയരത്തിൽ അല്ലേ സൗഹൃദത്തിന്റെ സ്ഥാനം. അതല്ലേ സത്യം. എത്ര സുഹൃത്തുക്കൾ ഉണ്ടായാലും വളരെ കുറച്ചു പേർ മാത്രമേ ‘ഇന്റിമേറ്റ് ‘എന്ന പട്ടികയിൽ പെടുകയുള്ളു.

ആണും പെണ്ണും തമ്മിലുള്ള സൗഹൃദം ആണ് സത്യത്തിൽ എപ്പോഴും കൂടുതൽ ആത്മാർഥമായി തോന്നിയിട്ടുള്ളത്. സ്ത്രീകൾ തമ്മിലുള്ള ബന്ധങ്ങൾ പലപ്പോഴും കുശുമ്പ്, അസൂയ.. തുടങ്ങിയതിൽ പെട്ട് മുറിയുന്നത് കണ്ടിട്ടുണ്ട്, ആണുങ്ങൾ തമ്മിൽ ഈഗോയും പ്രശ്നമാകാറുണ്ട്. (ഇതൊന്നും ഇല്ലാതെ മുന്നോട്ട് കൊണ്ടുപോകുന്ന നല്ല ബന്ധങ്ങൾ ഉണ്ടെന്നതും വിസ്മരിക്കുന്നില്ല).പലപ്പോഴും വിവാഹിതരായാൽ സ്ത്രീകൾക്ക് പഴയ കൂട്ടുകാരികളിലേക് എത്തിപ്പെടാൻ കഴിയാറില്ല. പക്ഷെപുരുഷന്മാർ പലരും പഴയ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നതായി തോന്നിയിട്ടുമുണ്ട്.

ഞാൻ പറഞ്ഞുവന്നത് ആൺ പെൺ സൗഹൃദങ്ങൾ എപ്പോഴും കുറച്ചു കൂടി ശക്തമായി നിലനിൽക്കുന്നുണ്ട് എന്നാണ് . രണ്ട് തരക്കാരിൽ നിന്നുമുള്ള കാഴ്ചപ്പാടുകളും ചിന്താഗതികളും മനസ്സിലാക്കാൻ കഴിയുമെന്നതായിരിക്കണം ആ ബന്ധത്തിന് അത്രയും ദൃഢതക്ക് കാരണം.

നല്ല സൗഹൃദങ്ങളേക്കാൾ വലുതായി ഒന്നുമില്ല. ഒരാണും പെണ്ണും തമ്മിലുള്ള സൗഹൃദത്തെ മോശമായ രീതിയിൽ മാത്രം കാണാൻ ശ്രമിക്കുന്ന സമൂഹത്തിന്റെ ചിന്താഗതി മാറേണ്ടതാണ് എന്നതാണ് ഏറ്റവും പ്രധാനം. അത്തരം ചിന്താഗതിക്കാർ ഇന്ന് ന്യൂനപക്ഷമാണ് എന്നതും ശ്രദ്ധേയമാണ്. സൗഹൃദം എന്ന പേരിൽ തരികിടകൾ കാണിക്കുന്നവരും ഉണ്ട്. ആരോഗ്യപരമായ സൗഹൃദങ്ങൾ അവനവന് മാത്രമല്ല സമൂഹത്തിനും ഗുണം ചെയ്യും,.

സമൂഹത്തിന്റെ മോശമായ കാഴ്ചപ്പാടാണ്, ആഗ്രഹമുണ്ടങ്കിലും സ്ത്രീകൾ ഇത്തരം സൗഹൃദങ്ങളെ ഭയക്കുന്നത്.സൗഹൃദത്തിന്റെ പേരിൽ ഒരല്പം സംസാരിച്ചാൽ അതിനെ മറ്റൊരർത്ഥത്തിൽ കാണുന്ന പുരുഷൻമാരും സ്ത്രീകളും വിരളമല്ല. എങ്കിലും ഇന്ന് അത്തരം അവസ്ഥയ്ക്ക് വളരെയധികം മാറ്റം
വന്നിട്ടുണ്ട്.

സ്ത്രീയെ ബഹുമാനിക്കാനും തന്നെപ്പോലെ ഒരു വ്യക്തിയാണ് എന്ന് ചിന്തിക്കാനും കഴിഞ്ഞാൽ നല്ല സ്ത്രീ പുരുഷ സൗഹൃദങ്ങൾ സമൂഹത്തിന് വലിയ മുതൽക്കൂട്ടാവും.നല്ല സൗഹൃദങ്ങളെ പറ്റി എന്റെയൊരു കാഴ്ചപാട് പങ്കുവെച്ചന്നേയുള്ളു.

റാണി ആനന്ദ്

×