പ്രവാസക്കിനാവ്

സത്യം ഡെസ്ക്
Monday, June 22, 2020

ബിജു ജോസഫ്

പകലെരിഞ്ഞടങ്ങി, നേരമിരുണ്ടു,
ഉള്ളുകീറിക്കൊണ്ടൊരുദിനം കൊഴിഞ്ഞു.
പറന്നങ്ങെത്തുവാനൊട്ടുമേ ആവാതെ
കടലുകൾക്കിപ്പുറമിരുന്നു ഞാൻ കേണു.

നിറംകെട്ടു ജീവിത തിരിനാളമിക്കാലം
കല്പിച്ചുപെരുകിയ വൈറസിലാൽ.
പണിയുമില്ലാതായ് പണവുമില്ലാതായ്
മുറിവുണക്കുവാൻപോലുമാവതില്ല.

തീക്കാറ്റുവീശുമി മണൽക്കാട്ടിലൊരു
തുള്ളിവെള്ളവുമാർക്കും വെറുതെയില്ലാ.
ഭക്ഷണമില്ലാതായിട്ടൊത്തിരിയായി
ഉറ്റവരെ വിളിച്ചിട്ടാഴ്ചകളും.

വേനലിൽപോലും കുളിരുനല്കീടുമെൻ
നാടിനെയോർത്ത് മനംവിണ്ടുകീറി.
മാറാലമൂടിയെങ്കിലുമാസ്വപ്നം
മാറത്തു കരിന്തിരി കത്തിനിൽപ്പൂ.

പ്രവാസത്തിന്റെയി പ്രയാസങ്ങളൊക്കെയും
വിലാപ പുകച്ചുരുളായിപടർന്നുയർന്നു.
ഇനിയെന്തെന്നുള്ളു നീറി-
ചിന്തിച്ചുറങ്ങി തേങ്ങലോടെ.

പേക്കിനാവിനാൽ ഞെട്ടിയുണർന്നു ഞാൻ കണ്ടു ദിശതെറ്റിയപട്ടമൊന്നിരുണ്ടവാനിൽ.

×