പ്രവാസി ധനസഹായ വിതരണം എങ്ങുമെത്തിയില്ല; ‘ഡ്രീമായി പോയ ഡ്രീം കേരള ‘ പോലെ ധനസഹായ വിതരണവും ആവിയായി പോയി; തൊഴില്‍ രഹിതരായ പ്രവാസികള്‍ക്ക് അവഗണന മാത്രം.

author-image
admin
New Update

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് വാഗ്ദാനം ചെയ്ത ധനസഹായ വിതരണവും സഹായങ്ങളും ഇനിയു മെങ്ങുമെത്തിയിട്ടില്ല. തൊഴില്‍രഹിതരായി മടങ്ങി വരുന്നവര്‍ക്ക് 5000 രൂപ ആശ്വാസ ധനസഹായമായി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും 20,000 പേര്‍ക്കാണ് നാമമാത്രമായ സഹായം ലഭിച്ചത്. 1,67,000 പേരാണ് ധനസഹായത്തിനായി അപേക്ഷിച്ചിരുന്നത്. ധനസഹായ വിതരണത്തിനായി സര്‍ക്കാര്‍ 50 കോടി രൂപ മാറ്റിവെച്ചെങ്കിലും കാര്യമായ വിതരണമൊന്നും ഇതുവരെയും നടന്നിട്ടില്ല.

Advertisment

publive-image

നോര്‍ക്കയുടെ കണക്ക് പ്രകാരം കോവിഡ് ബാധ മൂലം മെയ് ഏഴ് മുതല്‍ ആഗസ്റ്റ് 18 വരെ 1.65 ലക്ഷം പേരാണ് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. നോര്‍ക്കയുടെ രേഖകള്‍ പ്രകാരം വിവിധ രാജ്യങ്ങളില്‍ നിന്നായി 300,021 പ്രവാസികളാണ് നാട്ടില്‍ തിരിച്ചെത്തിയത്, ഇതില്‍ 50 ശതമാനം പേര്‍ തൊഴില്‍നഷ്ടപ്പെട്ടവരാണ്. അതായത്-1.65 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമുണ്ടായത്. സര്‍ക്കാരിന്റെ അനൗദ്യോഗിക കണക്കനുസരിച്ച് 30 ലക്ഷം മലയാളികളാണ് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 25 ലക്ഷം പേര്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലാണ് പണിയെടുക്കുന്നത്.

നടപ്പിലാക്കാത്ത ഒട്ടേറെ വാഗ്ദാനങ്ങള്‍ ഈ കോവിഡ് കാലത്ത് പ്രവാസികള്‍ക്കായി പ്രഖ്യാപിച്ചിരുന്നു. ധനസഹായം നല്‍കുമെന്ന വാഗ്ദാന ലംഘനത്തിന് പിന്നാലെയാണ് പ്രവാസികളുടെ പുനരധിവാസത്തിനായി ഡ്രീം കേരള പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിത്. നൂറ് ദിവസം കൊണ്ട് പ്രവാസികള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയെന്ന പേരിലായിരുന്നു  ജൂലൈ ഒന്നിന് ഡ്രീം കേരള പദ്ധതി വൈകുന്നേരത്തെ പതിവ് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

പ്രഖ്യാപനം കഴിഞ്ഞിട്ട് 50 ദിവസം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ചുള്ള ഒരു നടപടിയും നാളിത് വരെ ഉണ്ടായിട്ടില്ല. 2018-ലും,2019-ലും ലോക കേരള സഭ കോടികള്‍ മുടക്കി തിരുവനന്തപുരത്ത് നടത്തിയപ്പോഴും ഇത്തരം കുറേ പൊള്ളയായ വാഗ്ദാനങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിലൊന്ന് പോലും നടപ്പാക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ ഭാഗത്ത്‌നിന്നുമുണ്ടായിട്ടില്ല.

മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം 2016-ല്‍ ദുബായിലേക്ക് നടത്തിയ ആദ്യ വിദേശ യാത്രയിലും മുഖ്യമന്ത്രി കുറേ വാഗ്ദാനങ്ങള്‍ പ്രവാസികള്‍ക്കായി അവിടെ പ്രഖ്യാപിച്ചിരുന്നു. നാല് വര്‍ഷം കഴിഞ്ഞിട്ടും അവയെല്ലാം ഇപ്പോഴും തുടരുകയാണ്. പ്രവാസികള്‍ക്ക് വേണ്ടി ഇങ്ങനെ കുറേ തള്ളലുകളും ബഡായികളുമല്ലാതെ പിണറായി സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ല. പ്രവാസികള്‍ സര്‍ക്കാരിന്‍റെ സഹായത്തിനായി കാത്തിരിക്കുകയാണ്.അവരെ നിരാശരാക്കരുത്.

Advertisment