Advertisment

'അയാൾ നിരന്തരം ഓടുകയായിരുന്നു എന്നല്ല, ഓടിത്തളരുകയായിരുന്നു '; ദുബൈ സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളിക്ക് കോവിഡ് ; പ്രാർത്ഥനയോടെ പ്രവാസി സമൂഹം

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബൈ : കൊറോണ വൈറസ് ഭീതി പരത്തുമ്പോൾ പ്രവാസിമലയാളികളുടെ രക്ഷയ്ക്കായി ഓടിനടന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി ഒടുവിൽ കോവിഡ് ബാധിതനായി. സ്വന്തം ശാരീരിക പ്രശ്നങ്ങള്‍ പോലും നോക്കാതെ യുഎഇയിലെ മലയാളികളുട ആരോഗ്യം ഉറപ്പുവരുത്താന്‍ ഓടിനടന്ന വ്യക്തിയായിരുന്നു ഇദ്ദേഹം.

Advertisment

publive-image

കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ രണ്ടായിരത്തിലേറെ പ്രവാസിമലയാളികളെയാണ് നസീര്‍ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിയത്. കോവിഡ് സ്ഥിരീകരിച്ച നസീറിനെ ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വളരെ വേഗത്തില്‍ ആരോഗ്യവാനായി തിരിച്ചുവരാനായി കാത്തിരിക്കുകയാണ് ഇപ്പോൾ ദുബായിലെ പ്രവാസി മലയാളികൾ .

അമ്മാർ കിഴുപറമ്പിന്റെ വാക്കുകള്‍ ഇങ്ങനെ

അയാൾ നിരന്തരം ഓടുകയായിരുന്നു എന്നല്ല, ഓടിത്തളരുകയായിരുന്നു. തനിക്ക് വേണ്ടിയായിരുന്നില്ല ആ ഓട്ടം. യൂ.എ ഇയിലെ പ്രവാസി സമൂഹത്തിനു വേണ്ടി അർപ്പിച്ച നിസ്വാർത്ഥ ജീവിതമാണ് നസീർ വാടാനപ്പള്ളി എന്ന സാമൂഹ്യ പ്രവർത്തകന്റേത്. പ്രവാസലോകത്തു മരിച്ചുവീഴുന്നവരെയും തളർന്നു പോകുന്നവർക്കും ഒറ്റപ്പെട്ടു പോകുന്നവർക്കും പ്രതിഫലേച്ഛ കൂടാതെ കൈത്താങ്ങാവുന്ന സാമൂഹ്യ പ്രവർത്തകനാണ് നസീർ. ഏത് പാതിരാത്രിയിലും നിശബ്ദ പ്രവർത്തനം നടത്തുന്ന കാരുണ്യത്തിന്റെ കൈകൾ.

കൊറോണ വൈറസ് യൂ എ യിൽ പതിയെ അരിച്ചെത്തുമ്പോൾ തന്നെ മലയാളികളടക്കമുള്ള പ്രവാസി സമൂഹം ഒറ്റപ്പെടുന്നതിന്റെ ബേജാറിലായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ രോഗ വാഹകരായത് ദുബൈയിൽ നിന്നെത്തിയ പ്രവാസി മലയാളികൾ ആണെന്ന് വാർത്ത വന്നതോടെ കാര്യങ്ങൾ ഏറെ പേടിപ്പെടുത്താൻ തുടങ്ങി. സാമൂഹ്യ സമ്പർക്കത്തിലൂടെ ദുബൈ ദേര നായിഫിൽ കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നു എന്ന് വന്നതോടെ മലയാളികൾ ഏറെ വസിക്കുന്ന നായിഫ് പൂർണ്ണമായും ഒറ്റപ്പെട്ടു.

ആ സമയത്ത് നസീറും കെ എം സി സി പ്രവർത്തകരുമാണ് ദുബൈ ആരോഗ്യ വകുപ്പിനൊപ്പം മുന്നിൽ നിന്നത്. രോഗികളെ മാറ്റാനും രോഗികളുമായി സമ്പർക്കം പുലർത്തിയവരെ കൊറന്റൈനിൽ പ്രവേശിപ്പിക്കാനും മാത്രമല്ല, താമസ സ്ഥലത്തു ഒറ്റപ്പെട്ടുപോയവരെ ഭക്ഷണം നൽകി ആശ്വസിപ്പിക്കാനും വെളുത്തു മെലിഞ്ഞ കന്തൂറക്കാരൻ മുന്നിലുണ്ടായിരുന്നു.

ഇന്ത്യൻ സ്ഥാനപതി പോലും പേരെടുത്തു പറഞ്ഞ നസീർ സ്വന്തം ശരീരം മറന്നാണ് നിസ്സഹായാർക്കു തണലായത്. ആ ത്യാഗ പ്രവർത്തനത്തിനിടയിൽ വൈറസ് തന്റെ ശരീരത്തിൽ ഒളിച്ചുകയറിയത് ആ ജനസേവകൻ അറിഞ്ഞിരുന്നില്ല. ദുബൈ ആരോഗ്യ പ്രവർത്തകർ വിളിച്ചു ഉടനെ ആശുപത്രിയിൽ എത്താൻ ആവശ്യപ്പെട്ടപ്പോൾ ആർക്കോ എന്തോ സഹായം അടിയന്തിരമായി ആവശ്യമുണ്ട് എന്ന് മാത്രമാണ് കരുതിയത്. രക്ത പരിശോധനയിൽ ഫലം പോസിറ്റീവ് ആയതോടെയാണ് താനും കൊറോണ വൈറസ് ബാധിതനാണെന്ന സത്യം വിശ്വസിക്കേണ്ടി വന്നത്.

ജീവിതത്തിൽ ഇത്ര നാളും ചെയ്തു പോന്ന നന്മകളുടെ പേരിൽ പ്രാർത്ഥനയോടെ ആശുപത്രി കിടക്കയിലാണ് നസീർ. ദുബൈ പ്രവാസി സമൂഹത്തിന്റെ ഏതൊരു വിഷയത്തിലും തോൾ ചേർന്നു നിൽക്കുന്ന കാരുണ്യ പ്രവർത്തകന്റെ രോഗശമനത്തിനു വേണ്ടി കരഞ്ഞു പ്രാർത്ഥിക്കുകയാണ് പ്രവാസലോകം.

മലയാളി കമ്മ്യൂണിറ്റിയിൽ എത്തേണ്ട എന്ത് വിഷയവും നസീർ വാടാനപ്പള്ളി എന്ന ഈ തൃശൂർ സ്വദേശിയെ കൂട്ട് പിടിച്ചാണ് ദുബൈ വിവിധ സർക്കാർ വകുപ്പുകൾ ചെയ്യുന്നത് എന്നത് തന്നെയാണ് അദ്ദേഹത്തിന് ലഭിക്കുന്ന വലിയ അംഗീകാരം. നസീർ എന്ന പൊതു പ്രവർത്തകൻ വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥന മാത്രം..

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുവേണ്ടി മുന്നിൽ നിന്നു പ്രവർത്തിച്ച നസീർ വാടാനപ്പള്ളിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. കേരള സർക്കാരിന്റെ ഭാഗത്തു നിന്നും ഗൾഫിലെ പ്രമുഖരിൽ നിന്നും ഈ വിഷയത്തിൽ വലിയ ഇടപെടലുകൾ ആവശ്യമാണ്. സമയം നഷ്ടപ്പെടാതെ ഈ വിഷയത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.

Advertisment