കുവൈറ്റ്: ഏറ്റവും ഒടുവില്‍ രൂപംകൊണ്ട ഗള്‍ഫ് സംഘര്‍ഷത്തില്‍ പ്രധാന എതിരാളികള്‍ സൗദി അറേബ്യയും ഖത്തറുമായിരുന്നു. ഒടുവില്‍ ഖത്തറിന് വ്യോമ, നാവിക പാതകള്‍ പോലും നിഷേധിക്കുന്ന തലത്തിലേക്ക് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിലപാട് കടുപ്പിച്ചു. ഇതോടെ ഖത്തര്‍ പ്രതിസന്ധിയിലായി.
മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും അതിന്റെ അലയടികളെത്തി. എന്നാല്‍ ഇപ്പോള്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഏറ്റവും സന്തോഷ വാര്‍ത്ത സൗദിയും ഖത്തറും തമ്മിലുള്ള അകല്‍ച്ച കുറയുന്നു എന്നതാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുകി തുടങ്ങിയെന്ന വിലയിരുത്തല്‍ ശക്തമാണ്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ പ്ലാന്റുകളിലൊന്നായ സൗദി അരാംകോയുടെ പ്ലാന്റുകള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തെ അപലപിച്ച് രംഗത്ത് വരാന്‍ ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താഹി തയാറായത് തന്നെ ശുഭസൂചനയായാണ് ഗള്‍ഫ് ലോകം വിലയിരുത്തുന്നത്.
സൗദിയ്ക്ക് പൂര്‍ണ്ണ പിന്തുണയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതോടെ ഖത്തര്‍ ഉപരോധം മുതല്‍ ഉടലെടുത്ത ഗള്‍ഫ് പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണാന്‍ കുവൈറ്റ് അമീറിന്റെ നേതൃത്വത്തില്‍ തുടര്‍ന്നുവന്ന സമാധാന ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലേക്ക് നീങ്ങുകയാണ്.
അങ്ങനെയെങ്കില്‍ ഖത്തറിന് ഉപരോധം പ്രഖ്യാപിച്ചിട്ടുള്ള ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ഇക്കാര്യത്തില്‍ പുനരാലോചനയ്ക്ക് തയാറായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഖത്തറാണ്. ഗള്‍ഫ് ഉപരോധനത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പിനെ സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അത്തരം ഭയാശങ്കകളൊക്കെ അസ്ഥാനത്താക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.
2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് ഉപരോധം പ്രഖ്യാപിച്ചത്. ഖത്തറിനെതിരെ കര, നാവിക, വ്യോമ ഇടപാടുകള്‍ മരവിപ്പിക്കുകയും യാത്രകള്‍ക്കുള്ള സൗകര്യങ്ങള്‍ അടയ്ക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ചയാണ് സൗദിയിലെ എണ്ണ സംസ്കരണശാലക്കും എണ്ണപ്പാടത്തിനും നേരെ ഭീകരാക്രമണമുണ്ടായത്. തുടർന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ സാധിച്ചെങ്കിലും പ്രവർത്തനം പൂർവ സ്ഥിതിയിലായിട്ടില്ല. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ ശാലയാണ് സൗദിയിലെ അബ്ഖൈകിലേത്.
പ്രതിദിനം ഏഴ് ദശലക്ഷം ക്രൂഡ് ഒായിൽ ഉപയോഗിക്കാൻ ശേഷിയുള്ള ശാലയാണിത്. ആക്രമണത്തിനിരയായ ഖുറൈസിലെ എണ്ണപ്പാടത്ത് 2000 കോടി എണ്ണ കരുതൽ ശേഖരമുണ്ട്.
ഡ്രോൺ ആക്രമണത്തിൽ വലിയ സ്ഫോടനമാണ് ഇൗ കേന്ദ്രങ്ങളിൽ ഉണ്ടായത് എന്നതിനാൽ അതിസൂക്ഷ്മമായ പരിശാധനയിലാണ് അരാംകോ.