കുവൈറ്റ്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിഹാസത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യം പറഞ്ഞപ്പോള്‍ കള്ളിക്ക് തുള്ളല്‍ വരുന്നപോലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്ന് ചെന്നിത്തല തിരിച്ചടിച്ചു.
പ്രതിപക്ഷ നേതാവിന്റെ കക്ഷത്ത് ആരാണ് ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്നതെന്ന് ഇന്ന് രാവിലെ മഞ്ചേശ്വരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചിരുന്നു. അതിന് നവോഥാന നായകന്‍റെ അട്ടിപ്പേറവകാശം കക്ഷത്ത് വയ്ക്കാനുള്ള പിണറായി വിജയന്‍റെ മോഹമാണ് തകര്‍ന്നതെന്നായിരുന്നു ചെന്നിത്തലയുടെ തിരിച്ചടി.
ശബരിമലയില്‍ വിശ്വാസത്തെ ചവിട്ടി മെതിച്ചിട്ട് ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും വിശ്വാസികള്‍ക്കൊപ്പമാണെന്ന പല്ലവിയാണ് സി പി എം നടത്തുന്നത്. എന്നാല്‍ യു ഡി എഫ് ഇന്നും എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. വിശ്വാസ സംരക്ഷണം യു ഡി എഫിന്റെ അജണ്ടയാണ് - കുവൈറ്റില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
വിദേശ നിക്ഷേപം സ്വദേശത്തേക്ക് ചോദിക്കുമ്പോള്‍ ആദ്യം നാട്ടിലെ സാഹചര്യങ്ങള്‍ അനുകൂലമാക്കാനാണ് ശ്രമിക്കേണ്ടത്. പതിനായിരം കോടി രൂപയുടെ വിദേശ നിക്ഷേപം കേരളത്തിലേക്ക് വരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. മുന്‍പ് പ്രളയ സഹായമായി വിദേശങ്ങളില്‍ നിന്ന് എണ്ണായിരം കോടി കേരളത്തിലേക്ക് വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എത്ര വന്നുവെന്ന് കൂടി അദ്ദേഹം പറയണം.
പതിനായിരം കോടിയുടെ നിക്ഷേപം എന്ന് പറഞ്ഞത് ഏതൊക്കെ എന്ന് പറയാനും സര്‍ക്കാരിന് ബാധ്യതയുണ്ട്. നിലവില്‍ സൂചിപ്പിച്ചവയാണെങ്കില്‍ അതില്‍ പലതും പ്രവാസികളായ മലയാളി സംരംഭര്‍ കേരളത്തില്‍ നേരത്തെ തുടങ്ങിയതോ പ്രഖ്യാപിച്ചതോ ആയ പദ്ധതികളാണ്. മടങ്ങി വരുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ ഒരു തൊഴില്‍ ചെയ്ത് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉള്ളപ്പോള്‍ ലോക കേരള സഭ പോലുള്ള നാട്ടുകാര്‍ക്കും പ്രവാസികള്‍ക്കും ഒരു പ്രയോജനവുമില്ലാത്ത സര്‍ക്കാര്‍ ധൂര്‍ത്തുകളോട് സഹകരിക്കുന്ന പ്രശ്നമില്ലെന്നും പിണറായി പറഞ്ഞു.
ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തി വെറുമൊരു വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ പദ്ധതിയിട്ട പുനലൂരിനെ സുഗതന് ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. ഒടുവില്‍ കോടികള്‍ മുടക്കി നാട്ടില്‍ നിക്ഷേപം തുടങ്ങിയ ആന്തൂരിലെ സാജനും ജീവനോടുക്കേണ്ടി വന്നപ്പോഴാണ് ലോക കേരള സഭ എന്ന പ്രഹസനവുമായി ഇനി സഹകരിക്കേണ്ടെന്നു പ്രതിപക്ഷം തീരുമാനിച്ചത് - അദ്ദേഹം പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പില്‍ സംഭവിച്ചത് യു ഡി എഫിനകത്തെ പ്രശ്നങ്ങളാണ്. അത്തരം പ്രശ്നങ്ങള്‍ കേട്ടുമടുത്ത് പാലായില്‍ 7 ശതമാനത്തോളം ആളുകള്‍ വോട്ട് ചെയ്യാന്‍ പോയില്ല. മാത്രമല്ല, ബി ജെ പിയുടെ പാര്‍ട്ടി വോട്ടുകള്‍ ഇടതുപക്ഷത്തിന് മറിയുന്ന സാഹചര്യവുമുണ്ടായി. അതൊന്നും മറ്റ് ഉപതെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കാമെന്ന് സി പി എം കരുതേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വി കെ ശ്രീകണ്ഠന്‍ എം പി, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നഗ്മ, ഓ ഐ സി സി ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.