കുവൈറ്റ്: കണ്ണൂരില്‍ പ്രവാസി വ്യവസായീ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ കുവൈറ്റിലെ പ്രവാസിയായ റെജി ഭാസ്കരന്റെ കോഴിക്കോട്ടെ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കുവൈറ്റിലെ പ്രവാസി സമൂഹം ജനകീയ കൂട്ടായ്മ ഒരുക്കുന്നു. 29 ന് ശനിയാഴ്ച അബ്ബാസിയയിലെ ഹൈഡൈന്‍ ഓഡിറ്റോറിയത്തിലാണ് വൈകിട്ട് 7 മണിക്ക് ജനകീയ കൂട്ടായ്മ ഒരുങ്ങുന്നത്.
പ്രവാസി സംരംഭകര്‍ക്ക് തുരങ്കം വയ്ക്കുന്നവര്‍ക്കെതിരെ കുവൈറ്റ് മലയാളികളുടെ കൂട്ടായ്മ എന്ന നിലയില്‍ ഒരുക്കുന്ന ജനകീയ കൂട്ടായ്മയിലേക്ക് കക്ഷി, രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ആളുകളെയും സംഘാടകര്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
കുവൈറ്റ് മലയാളിയും കുവൈറ്റിലെ മുന്‍ മാധ്യമ പ്രവര്‍ത്തകനുമായിരുന്ന റെജി ഭാസ്കര്‍ കോഴിക്കോട് വെങ്ങരയില്‍ ആരംഭിച്ച സര്‍വ്വീസ് സ്റ്റേഷന്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനെതിരെ ചില തല്പര കക്ഷികള്‍ സമര പരിപാടികളുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഇതോടെ പണം മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാവുകയും കോര്‍പറേഷന്റെയും മറ്റും അനുമതി ലഭിക്കുകയും ചെയ്തിട്ടും സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് പ്രദേശ വാസികളില്‍ ചിലരുടെ നിഷിപ്ത താല്പര്യങ്ങള്‍ മൂലമാണ്. എല്ലാ അനുമതിയും ലഭ്യമായിട്ടും റെജിയുടെ സര്‍വീസ് സ്റ്റേഷന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കില്ലെന്ന വാശിയിലാണ് ഈ തല്പര കക്ഷികള്‍.
ആന്തൂരില്‍ പ്രവാസിയായ സാജന്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് റെജി ഭാസ്കറുടെ സ്ഥാപനത്തിന്റെ ദുരവസ്ഥയും പുറംലോകം അറിയുന്നത്.
റെജിയുടെ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്ന സാമൂഹ്യ വിരുദ്ധര്‍ നടത്തിയ സമര പരിപാടികള്‍ ഉദ്ഘാടനം ചെയ്ത സംവിധായകന്‍ ജോയ് മാത്യു സാജന്റെ ആത്മഹത്യയ്ക്ക് ശേഷം പ്രവാസികള്‍ക്ക് അനുകൂലമായ നിലപാടുമായി രംഗത്തെത്തിയിരുന്നു.
പ്രവാസികളുടെ സംരംഭങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന രാഷ്ട്രീയക്കാര്‍ വിദേശങ്ങളില്‍ എത്തുമ്പോള്‍ ഉളുപ്പില്ലാതെ ഇവരെ സ്വീകരിക്കാന്‍ എത്തുന്ന പ്രവാസികളെയാണ് ആദ്യം തല്ലേണ്ടതെന്നായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. എന്നാല്‍ വേങ്ങരയില്‍ ഈ പ്രവാസി വിരുദ്ധ സമരം ഉദ്ഘാടനം ചെയ്ത താനും തല്ലുകൊള്ളികളുടെ ഗണത്തിലാണെന്ന് ജോയ് മാത്യു മറക്കുകയും ചെയ്തു.
എന്തായാലും റെജിക്ക് അനുകൂലമായി പ്രവാസി സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. റെജിയുടെ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ വേണ്ട സത്വര നടപടികള്‍ക്ക് രൂപം നല്‍കുന്നതിനാണ് ജനകീയ കൂട്ടായ്മ ഒരുങ്ങുന്നത്.
പുഴയുടെ തീരത്ത് നിന്നും 75 മീറ്റര്‍ അകലം പാലിച്ച് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി നിര്‍മ്മിച്ച സര്‍വീസ് സ്റ്റേഷനില്‍ നിന്നും വെള്ളം ഒഴുകിയെത്തി പൂനൂര്‍ പുഴ മലിനമാകും എന്ന് പറഞ്ഞുകൊണ്ടാണ് റെജിയുടെ സര്‍വീസ് സ്റ്റേഷനെതിരെയുള്ള സമരം.