ഖത്തര്‍: ദോഹയില്‍ മലയാളി നേഴ്സ് ദമ്പതികളുടെ പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കുകയും മാതാപിതാക്കള്‍ അവശനിലയില്‍ ആശുപത്രിയിലാകുകയും ചെയ്ത സംഭവത്തില്‍ മലയാളി ഹോട്ടലിനെതിരെ അന്വേഷണം. സംഭവ ദിവസം ഈ കുടുംബം ഭക്ഷണം വാങ്ങിയ ഹോട്ടലിനെതിരെയാണ് അന്വേഷണം നടക്കുന്നത്.
മരിച്ച കുട്ടികളുടെ മൃതദേഹത്തിലും അവശനിലയില്‍ ആശുപത്രിയിലുള്ള മാതാപിതാക്കളുടെ ഉള്ളിലും വിഷാംശം കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
/)
ഖത്തര്‍ അബു നഖ് ല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നേഴ്സാണ് കുട്ടികളുടെ പിതാവ് കോഴിക്കോട് ഫാറൂഖ് സ്വദേശി ഹാരിസ്. മാതാവ് ഷമീമ മമ്മൂട്ടി നാദാപുരം കുമ്മംങ്കോട് വാണിയൂര്‍ സ്വദേശിയും ഖത്തര്‍ ഹമദ് ആശുപത്രിയില്‍ നെഴ്സുമാണ്.
ഇരുവരും ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ഇവരുടെ മക്കളായ റിഹാന്‍ (മൂന്നര), റിദാ (8 മാസം) എന്നിവരാണ് മരിച്ചത്.
ഭക്ഷ്യവിഷബാധയാണോ കീടങ്ങളെ നശിപ്പിക്കുന്ന സ്പ്രേ സമീപത്തെ ഫ്ലാറ്റില്‍ അടിച്ചതാണോ വിഷബാധയ്ക്ക് കാരണമെന്ന് വ്യക്തമല്ല. ഈ കുടുംബത്തിനല്ലാതെ മറ്റാര്‍ക്കും സമാന ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുമില്ല.
സമീപത്തെ മലയാളി ഹോട്ടലില്‍ നിന്ന് ഇവര്‍ ഭക്ഷണം വാങ്ങിയിരുന്നു. എന്നാല്‍ ഏറെ തിരക്കുള്ള ഈ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച മറ്റാര്‍ക്കും ആരോഗ്യ പ്രശ്നങ്ങളില്ല.
ദിവസവും അഞ്ഞൂറോളം പേര്‍ ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഇതുവരെ ഇത്തരത്തില്‍ ഒരു പരാതി ഉണ്ടായിട്ടില്ലെന്നും തങ്ങളുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും കാണിച്ച് ഈ ഹോട്ടല്‍ അധികൃതര്‍ വിശദീകരണ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
എന്തായാലും സംഭവം ഖത്തറിലെ മലയാളി സമൂഹത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇവരുടെ മാതാപിതാക്കള്‍ സംഭവം അറിഞ്ഞ് നാട്ടില്‍നിന്നെത്തിയിട്ടുണ്ട്.