ജിദ്ദയിൽ പ്രവാസി വെൽഫെയർ മണിപ്പൂർ വംശഹത്യ പ്രതിരോധ സംഗമം സംഘടിപ്പിച്ചു

ജിദ്ദയിൽ പ്രവാസി വെൽഫെയർ മണിപ്പൂർ വംശഹത്യ പ്രതിരോധ സംഗമം സംഘടിപ്പിച്ചു

New Update
SAUDI

ജിദ്ദ: സ്‌നേഹത്തിന്റെയും മാനവികതയുടെയും രാഷ്ട്രീയം പ്രചരിപ്പിച്ചുകൊണ്ട് മാത്രമേ നമ്മുടെ രാജ്യത്തിന് നഷ്ടപെട്ടു കൊണ്ടിരിക്കുന്ന അഖണ്ഡതയും ധാർമികതയും വീണ്ടെടുക്കാൻ കഴിയുകയുള്ളുവെന്ന് മണിപ്പൂരിൽ നടക്കുന്ന ക്രിസ്തീയ വംശഹത്യക്കെതിരെ പ്രവാസി വെൽഫയർ വെസ്‌റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച പ്രതിരോധ സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Advertisment

പൗരന്റെ അന്തസ്സിന് ഏറ്റവും ഉയർന്ന സ്ഥാനം കൽപ്പിക്കുന്ന ലോകത്തിലെ ഏറ്റവും സുന്ദരമായ ഭരണ ഘടനയുള്ള ഒരു രാജ്യത്ത് നിന്ന് കൊണ്ട്, ആ രാജ്യത്ത് കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട് നഗ്‌നരായി തെരുവിലൂടെ ആട്ടിയോടിക്കപെടുന്ന സ്ത്രീകളെ കുറിച്ച് സംസാരിക്കേണ്ടി വരുന്നു എന്നത് ലജ്ജാകരമാണ്. ഗുജറാത്തും മുസഫർ നഗറും യാദൃശ്ചിക സംഭവങ്ങൾ ആയിരുന്നില്ല എന്നും അധികാരത്തിലിരിക്കുന്ന സർക്കാറുകളുടെ പൂർണ പിന്തുണയോടെ തികഞ്ഞ ആസൂത്രണത്തോടെ സംഘ് പരിവാർ നടത്തിയ ഉന്മൂലനമായിരുന്നുവെന്നും, വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം ആധാരമാക്കിയ ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആൾ പ്രധാനമന്ത്രി ആയാലും അദ്ദേഹത്തിന്റെ ചിന്തകൾ മാറുന്നില്ല എന്ന് തന്നെയാണ് പ്രധാനമന്ത്രിയുടെ നീണ്ട മൗനവും അതിനുശേഷമുള്ള പ്രതികരണവും കാണിക്കുന്നത്.

 മീഡിയകളെയും ജുഡീഷ്യറിയെ പോലും വിലക്കെടുക്കുന്ന സംഘ് പരിവാർ നമ്മുടെ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്നറിയാൻ ഗുജറാത്ത് കോടതികളിൽ നിന്ന് വരുന്ന വിധികളും രാജ്യത്തെ മീഡിയകളിൽ വരുന്ന വാർത്തകളും മാത്രം ശ്രദ്ധിച്ചാൽ മതി.

വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തെ എതിരിടാൻ സ്‌നേഹത്തിന്റെയും മാനവികതയുടെയും രാഷ്ട്രീയം പ്രചരിപ്പിച്ചുകൊണ്ട് നമ്മുടെ രാജ്യത്തിന് നഷ്ടപെട്ട ധാർമികത വീണ്ടെടുക്കേണ്ടതുണ്ട്, അതിന്നായി ഭരണഘടനാ മൂല്യങ്ങൾക്ക് വില കൽപ്പിക്കാത്ത സംഘ് പരിവാറിനെ ജനാധിപത്യ മാർഗ്ഗങ്ങളിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ഉത്തരവാദിത്തം ജനാധിപത്യ വിശ്വാസികൾക്കുണ്ട് എന്നും വിഷയാവതാരകൻ ബഷീർ ചുള്ളിയൻ ഓർമിപ്പിച്ചു.

സനാതന ധർമ്മങ്ങളെയും ആർഷ ഭാരത സംസ്‌ക്കാരത്തെയും കുറിച്ച് വാതോരാതെ പറയുന്നവർ സർക്കാരിന്റെ പിന്തുണയോടെ നടത്തുന്ന ബലാത്സംഗങ്ങളും, ന്യൂനപക്ഷ വിഭാഗങ്ങളെയും ആദിവാസികളെയും തെരഞ്ഞു പിടിച്ചു വേട്ടയാടുകയും ചെയ്യുന്നത് ആസൂത്രിത നീക്കങ്ങളാണ്, ഇതിനെ നിസ്സംഗതതയോടെ നോക്കിനിൽക്കുന്ന ഒരു ജനസമൂഹമായി നമ്മൾ മാറി കഴിഞ്ഞു, കേരളത്തിൽ പോലും സ്ഥിതിഗതികൾ വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണ്, കെട്ടിയിറക്കപ്പെടുന്ന 'കേരള സ്‌റ്റോറി' പോലുള്ള നുണക്കഥകൾ ഇതാണ് കാണിക്കുന്നത്, ഈ സ്ഥിതി ഭയാനകമാണെന്ന് തുടർന്ന് സംസാരിച്ച സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ഹിറ്റ്‌ലറുടെ നാസി ജർമനിയുമായി ഇന്നത്തെ ഭരണകൂടത്തിനുള്ള സാമ്യതകൾ യാദൃശ്ചികമല്ല, ഫാസിസത്തിന്റെ വിജയ രഹസ്യം അവരുടെ ശക്തിയോ അധികാരമോ ആദർശമോ ഒന്നുമല്ലെന്നും അവരുടെ ആക്രമണങ്ങൾ കൺമുമ്പിൽ അരങ്ങേറിയിട്ടും മൗനം പൂണ്ട് നിസ്സംഗരായിരിക്കുന്ന ബഹു ഭൂരിപക്ഷം വരുന്ന നമ്മെ പോലെയുള്ളവരുടെ ഭീരുത്വവും അത് പോലെ തന്നെ ഓരോ പത്തു വർഷം കൂടുമ്പോഴും കൃത്യമായി ആവർത്തിച്ചുകൗണ്ടിരിക്കുന്ന വംശഹത്യകളെ കലാപമായി ചുരുക്കുന്ന മാധ്യമങ്ങളുമാണെന്ന് പ്രതിരോധ സംഗമത്തിൽ പങ്കെടുത്തവർ ഓർമിപ്പിച്ചു.

അബ്ദുള്ള മുക്കണ്ണി, എ.എം. സജിത്ത് (മലയാളം ന്യൂസ്), നസീർ ബാവ കുഞ്ഞു, മിർസ ഷെരീഫ്, ഇബ്‌റാഹീം ഷംനാട്, ശിഹാബ് കരുവാരകുണ്ട്, കബീർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. ജെസ്സീന ബഷീർ സ്വന്തമായി രചിച്ച കവിതയും, അരുവി മോങ്ങത്തിന്റെ കവിത അബ്ദുൽ ലത്തീഫ് കരിങ്ങനാടനും ആലപിച്ചു

 പ്രവാസി വെൽഫയർ വെസ്‌റ്റേൺ പ്രൊവിൻസ് പ്രെസിഡൻഡ് ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് സുഹ്‌റ ബഷീർ നന്ദിയും പറഞ്ഞു.

Advertisment