അബുദാബി: അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നും ഒന്നരക്കോടി രൂപയുമായി കണ്ണൂര്‍ സ്വദേശിയായ ജീവനക്കാരൻ കടന്നു കളഞ്ഞതായി പരാതി. ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന യുവാവിനെതിരെ ലുലു ഗ്രൂപ്പ് അബുദാബി പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ ദിവസം ഇയാള്‍ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. ആറ് ലക്ഷം ദിര്‍ഹത്തിന്റെ കുറവാണ് പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തിയത്. എംബസി വഴി കേരള പൊലീസിലും ലുലു പരാതി നൽകിയിട്ടുണ്ട്. യുഎഇയിലുണ്ടായിരുന്ന യുവാവിന്റെ കുടുംബവും നാട്ടിലേക്ക് മടങ്ങി.