രമേശ് ചെന്നിത്തലയ്ക്കും പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്

New Update
55777

ജീമോൻ റാന്നി

ഹൂസ്റ്റണ്‍: കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്. മലയാളി കൂടിയായ  മേയര്‍ കെന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മഹാരാഷ്ട്ര കമ്മിറ്റി മുന്‍ ഭാരവാഹിയെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു മേയര്‍ കെന്‍ മാത്യു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തന രംഗത്തേക്കെത്തിയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് കെന്‍ മാത്യു പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ സജീവമായിരുന്നു. ഇവിടെ നിന്നാണ് അച്ചടക്കവും ചിട്ടയും പഠിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ആശയങ്ങളാണ് ഇന്നും പിന്തുടരുന്നതെന്നും അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നതായും കെന്‍ മാത്യു പറഞ്ഞു.

Advertisment

88888

കെന്‍ മാത്യുവിനെപ്പോലെയുള്ള പൊതുപ്രവര്‍ത്തകര്‍ ഓരോ മലയാളിക്കും അഭിമാനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെന്‍ മാത്യുവിന്റെ നേട്ടം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രചോദനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധിയൻ ആദർശം പിന്തുടർന്നതാണ് കെൻ മാത്യുവിന്റെ വിജയത്തിനു കാരണമെന്നും കോൺഗ്രസ് പ്രവർത്തകർക്ക് മാതൃകയാണിതെന്നും പന്തളം സുധാകരൻ പറഞ്ഞു.

കായംകുളം സ്വദേശിയായ കെൻ മാത്യുവിനെ ജന്മനാടിന്റെ സ്വീകരണം ഏറ്റുവാങ്ങുന്നതിനായി ഹരിപ്പാട് എംഎൽഎ കൂടിയായ രമേശ് ചെന്നിത്തല ക്ഷണിച്ചു. വൈകാതെ നാട്ടിലെത്തുമെന്ന് ഉറപ്പും കെൻ മാത്യു രമേശ് ചെന്നിത്തലക്ക് നൽകി.

ഒഐസിസി യുഎസ്എ നാഷണല്‍ ചെയര്‍മാന്‍ ജെയിംസ് കൂടല്‍, പ്രസിഡന്റ് ബേബി മണക്കുന്നേല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍, സെക്രട്ടറി ഷിബു സാമുവേല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജേക്കബ് കുടശനാട്, സൗത്ത് ഇന്ത്യൻ യുഎസ്  ചേംബർ ഓഫ് കോമേഴ്‌സ് ഡയറക്ടർ ബോർഡംഗം ജിജു കുളങ്ങര,  മാഗ് പ്രസിഡന്റ് ജോജി ജോസഫ് , ഒഐസിസി യൂഎസ്‍എ നേതാക്കളായ ജീമോന്‍ റാന്നി, വാവച്ചന്‍ മത്തായി, രഞ്ജിത്ത് പിള്ള , തോമസ് സ്റ്റീഫൻ. സായി ഭാസ്‍കർ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പൊതുപ്രവര്‍ത്തകരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രശസ്തരും പരിപാടിയില്‍ പങ്കെടുത്തു.

Advertisment