Advertisment

കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ  'മലയാളം മിഷന്‍' ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍  ഉദ്ഘാടനം ചെയ്തു

അനുഭവസമ്പന്നരും അഭിനിവേശമുള്ളവരുമായ അധ്യാപകര്‍ നയിക്കുന്ന ക്ലാസുകള്‍ രസകരവും ഇടപഴകുന്നതുമായ പഠന അനുഭവം ഉറപ്പാക്കുന്നു.

New Update
424244

ഹ്യൂസ്റ്റണ്‍(ടെക്‌സാസ്): കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷനും മലയാളി മുസ്ലിംസ് ഓഫ് ഗ്രേയ്റ്റര്‍ ഹ്യൂസ്റ്റണും  (MMGH) സംയുക്തമായി 'എന്റെ കേരളം' ഓണ്‍ലൈന്‍ മലയാളം ക്ലാസുകള്‍ വിജയകരമായി ആരംഭിച്ചു. ഈ പരിപാടിയോടൊപ്പം കേരള സംസ്ഥാന മലയാളം മിഷന്റെ ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ ഉദ്ഘാടനവും നടന്നു. ഹ്യൂസ്റ്റണിലെ മലയാളി കുട്ടികള്‍ക്ക് മലയാള ഭാഷയില്‍ സമഗ്രമായ അടിത്തറ നല്‍കുകയും അവരുടെ സാംസ്‌കാരിക വേരുകളോടുള്ള ആഭിമുഖ്യം വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാഠ്യ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

Advertisment

സൗകര്യപ്രദമായ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ഒരുക്കുന്ന ഈ ക്ലാസുകള്‍ എല്ലാ പ്രായത്തിലെയും എല്ലാ തലങ്ങളിലെയും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. അനുഭവസമ്പന്നരും അഭിനിവേശമുള്ളവരുമായ അധ്യാപകര്‍ നയിക്കുന്ന ക്ലാസുകള്‍ രസകരവും ഇടപഴകുന്നതുമായ പഠന അനുഭവം ഉറപ്പാക്കുന്നു.

ഈ സംരംഭം എം.എം.ജി.എച്ച്. പ്രസിഡന്റ് മുഹമ്മദ് റിജാസ് അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. പ്രത്യേക അതിഥികളായി റോബിന്‍ ജെ.  ഇലക്കാട്ട് (മേയര്‍, മിസോറി സിറ്റി, ഹ്യൂസ്റ്റണ്‍), സുരേന്ദ്രന്‍ കെ. പട്ടേല്‍  (Judge, 240th District Court, Fort Bend County), , മാത്യൂസ് മുണ്ടയ്ക്കല്‍ (പ്രസിഡന്റ്, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍), വിനോദ് വൈശാഖി (മലയാളം മിഷന്‍ റജിസ്ട്രാര്‍), ആഷാ മറിയം ജോണ്‍ (മലയാളം മിഷന്‍ പി.ആര്‍.ഒ), ഡോ. എസ്.എ.  ഷാനവാസ് (HOD, Department of Linguistics, Kerala University)  എന്നിവര്‍ പങ്കെടുത്ത് ആശംസ അറിയിച്ചു.

കുട്ടികളുടെ അധ്യാപിക ആമിന ഷാനവാസ്  (MA Linguistics)  കഥകള്‍ പറഞ്ഞും സംസാരിച്ചും കുട്ടികളെ ആകര്‍ഷിച്ചു. കൂടാതെ, അമേരിക്കയില്‍ അറിയപ്പെടുന്ന പ്രമുഖ സാമൂഹ്യ-സാംസ്‌ക്കാരിക-സമുദായ നേതാക്കളായ യു.എ. നസീര്‍ സാഹിബ്, സമദ് പൊന്നേരി, അബ്ദുള്‍ ഗഫൂര്‍ (എംഎംജിഎച്ച് ഉപദേശക സമിതി ബോര്‍ഡ് അംഗം) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സഗീര്‍ അബ്ദുള്ള (MMGH വൈസ് പ്രസിഡന്റ്) യോഗം ഏകോപിപ്പിക്കുന്നതിനായുള്ള എല്ല സാങ്കേതിക പിന്തുണയും നല്‍കി. എം.എം.ജി.എച്ച്. ഭാരവാഹികള്‍ സ്വാഗതവും ഡോ. ഷംന സഗീര്‍ നന്ദിയും പറഞ്ഞു.

ഇതിന്റെ ഭാഗമായി മലയാളം മിഷന്‍ ഹ്യൂസ്റ്റണ്‍ ഈ വര്‍ഷത്തെ ഹ്യൂസ്റ്റണിലെ റീജിയണല്‍ ചാപ്റ്റര്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. നജീബ് കുഴിയില്‍ (പ്രസിഡന്റ്), ഡോ. ഫുവാദ് അലൂര്‍ (വൈസ് പ്രസിഡന്റ് ), അജി ഹുസൈന്‍ (അദ്ധ്യക്ഷന്‍), ഡോ. ബുഷ്‌റ മണക്കാട്ട് (സെക്രട്ടറി), അമര്‍ ഹാരിസ് (ജോയിന്റ് സെക്രട്ടറി), ഡോ. സാഹിറ ജിഫ്രി, ജസ്ല ഗഫൂര്‍ (കണ്‍വീനര്‍മാര്‍), ആമിന ഷാനവാസ് (എം.എ. മലയാളം ഭാഷാശാസ്ത്രം അധ്യാപിക) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഈ കമ്മിറ്റി മറ്റു മലയാളി സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ഹ്യൂസ്റ്റണിലെ കുട്ടികള്‍ക്കായി മലയാളം ഭാഷ പഠിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യും.

വാര്‍ത്ത: അജി ഹുസൈന്‍ കോതമംഗലം, ഹ്യൂസ്റ്റണ്‍

 

Advertisment