/sathyam/media/media_files/MZkKONwR35WTn11LxmdH.webp)
ന്യൂയോർക്ക്: യു.എസിൽ ഏറ്റവും അധികം ജീവനക്കാരുള്ള ആമസോൺ വൻ അഴിച്ചുപണിക്കൊരുങ്ങുന്നു. അഞ്ച് ലക്ഷം ജീവനക്കാരെ പിരിച്ചുവിടാനാണ് പദ്ധതി. ജീവനക്കാർക്ക് പകരം റോബോട്ടുകളെ ജോലിക്ക് നിയോഗിക്കും. 2033 ഓടെയാണ് ഇതു യാഥാർഥ്യമാക്കുക.
വെയർഹൗസുകളിലും മറ്റും ജോലി ചെയ്യുന്നവരെയായിരിക്കും പ്രധാനമായും പുറത്താക്കുക. ശതകോടീശ്വരനായ ജെഫ് ബെസോസിന്റെ കമ്പനിയാണ് ലോകത്തെ ഏറ്റവും വലിയ മൾട്ടിനാഷണൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ.
നിലവിൽ 12 ലക്ഷം ജീവനക്കാരാണ് കമ്പനിക്ക് യു.എസിലുള്ളത്. ഓട്ടോമേഷൻ സാ​ങ്കേതിക വിദ്യ നടപ്പാക്കിയാൽ 2027ഓടെ 1.60 ലക്ഷത്തിലേറെ പേരെ പുതുതായി നിയമിക്കുന്നത് ഒഴിവാക്കാനാകും. ചെലവ് കുറക്കുന്നതിന്റെയും വെയർഹൗസ് പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് നീക്കം.
ജീവനക്കാരുടെ എണ്ണം കുറച്ചാൽ ഉപഭോക്താക്കളിൽ എത്തിക്കുന്ന ഓരോ ഇനത്തിനും ഏകദേശം 30 സെന്റ് ലാഭിക്കാൻ കഴിയുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
ആമസോണിലെ റോബോട്ട് സംവിധാനത്തെ ‘കോബോട്ടുകൾ’ എന്നാണ് വിളിക്കുന്നത്. റോബോട്ടുകളുടെ സഹായത്തോടെ ജീവനക്കാർ പ്രവർത്തിക്കുന്നതായിരുന്നു ആമസോണിലെ രീതി. അതേസമയം, നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കുന്നതിനുപകരം ഉയർന്ന ശമ്പളമുള്ള സാങ്കേതിക ജോലികൾ ചെയ്യുന്നതിനാണ് റോബോട്ടുകളെ വിന്ന്യസിക്കുന്നതെന്നാണ് ആമസോൺ പറയുന്നത്.
ഷ്രെവ്‌പോർട്ടിൽ 160ലധികം പേർ റോബോട്ടിക് ടെക്നീഷ്യൻമാരായി ജോലി ചെയ്യുന്നുണ്ട്. മണിക്കൂറിൽ കുറഞ്ഞത് 24.45 ഡോളറാണ് ഇവരുടെ വരുമാനം. മറ്റുള്ള വെയർഹൗസുകളിൽ ജീവനക്കാർക്ക് മണിക്കൂറിൽ 19.50 ഡോളറാണ് വേതനം.