/sathyam/media/media_files/2025/09/25/images-60-2025-09-25-22-15-06.jpg)
കാലിഫോർണിയ: കാലിഫോർണിയയിലെ ഫ്രീമോണ്ടിൽ 71 കാരനായ ലൈംഗിക കുറ്റവാളിയെ ഇന്ത്യൻ വംശജനായ യുവാവ് കുത്തിക്കൊലപ്പെടുത്തി.
29 കാരനായ വരുൺ സുരേഷാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഡേവിഡ് ബ്രിമ്മറെന്ന യുഎസ് പൗരനെ കൊലപ്പെടുത്തിയത്.
വരുൺ മുൻകൂട്ടി പദ്ധതിയിട്ട് ബ്രിമ്മറെ കുത്തുകയായിരുന്നു എന്നും, ഉടൻ അടിയന്തര സഹായം ലഭിച്ചിട്ടും ഒന്നിലധികം കുത്തേറ്റതിനെ തുടർന്ന് ഇയാളെ രക്ഷിക്കാൻ ആയില്ലെന്നും പൊലീസ് അറിയിച്ചു.
കൊലപാതകം നടത്തിയ വരുൺ സുരേഷ് കോടതിയിൽ കുറ്റസമ്മതം നടത്തി. താൻ ഒരുപാട് കാലമായി ഇത്തരത്തിൽ ഒരു ബാല പീഡകനെ കൊല്ലാൻ ആഗ്രഹിച്ചിരുന്നതായും, കുട്ടികളെ ഉപദ്രവിക്കുന്നവർ ജീവിച്ചിരിക്കാൻ പാടില്ലെന്നും വരുൺ കോടതിയിൽ മൊഴി നൽകി.
1995-ൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഡേവിഡ് ബ്രിമ്മർ ഒമ്പത് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇയാളെ ലൈംഗിക കുറ്റവാളികളുടെ ലിസ്റ്റിൽ രജിസ്റ്റർ ചെയ്തിരുന്നു.
കാലിഫോർണിയയിലെ മേഗൻസ് ലോ ഡാറ്റാബേസ് ഉപയോഗിച്ചാണ് വരുൺ ബ്രിമ്മറിന്‍റെ ക്രിമിനൽ ചരിത്രം കണ്ടെത്തിയത്. തുടർന്ന് ഇയാളെ പിന്തുടർന്ന് കണ്ടെത്തുകയും കൊല്ലാൻ തീരുമാനിക്കുകയുമായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.