യൂറോപ്യൻ യൂണിയനെ പിരിച്ചുവിടണമെന്ന് ഇലോൺ മസ്‌ക്. വിവാദ പ്രസ്താവന ‘എക്‌സിന്’ 140 മില്യൻ ഡോളർ പിഴ ചുമത്തിയതിയതിനു പിന്നാലെ

New Update
musk

വാഷിങ്ടൺ: ‘എക്‌സി’ന് 140 മില്യൻ ഡോളർ പിഴ ചുമത്തിയതിനു പിന്നാലെ യൂറോപ്യൻ യൂണിയനെ വിമർശിച്ച് ഇലോൺ മസ്‌ക്. ഇ.യുവിന്റെ കർശനമായ ഉള്ളടക്ക-സുതാര്യത നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് പിഴ ചുമത്തിയത്.

Advertisment

ഇ.യു നിർത്തലാക്കണമെന്നും സർക്കാറുകൾക്ക് അവരുടെ ജനങ്ങളുടെ താൽപര്യങ്ങളെ യഥാർഥത്തിൽ പ്രതിനിധീകരിക്കാൻ കഴിയുന്നതിന് പരമാധികാരം വ്യക്തിഗത രാജ്യങ്ങൾക്ക് തിരികെ നൽകണമെന്നും മസ്‌ക് വാദിച്ചു. 

അതുവഴി സർക്കാറുകൾക്ക് അവരുടെ ജനങ്ങളെ നന്നായി പ്രതിനിധാനം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം ‘എക്സിൽ’ എഴുതി. 27 രാഷ്ട്രങ്ങൾ അടങ്ങിയ ഇ.യു ബ്ലോക്കിന്റെ ഡിജിറ്റൽ സേവന നിയമത്തെച്ചൊല്ലി ‘എക്സും’ യൂറോപ്യൻ റെഗുലേറ്റർമാരും തമ്മിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് മസ്കി​ന്റെ പരാമർശങ്ങൾ.

നിയമപ്രകാരമുള്ള മൂന്ന് സുതാര്യതാ ആവശ്യകതകൾ ലംഘിച്ചതിന് ഇലോൺ മസ്‌കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന് പിഴ ചുമത്തുകയാണെന്ന് യൂറോപ്യൻ കമീഷൻ നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. 

പ്ലാറ്റ്‌ഫോമിന്റെ നീല ചെക്ക്‌മാർക്കുകൾ നിയമം ലംഘിച്ചത് അവയുടെ വഞ്ചനാപരമായ രൂപകൽപന മൂലമാണെന്നും ഇത് ‘എക്‌സ്’ ഉപയോക്താക്കളെ വിവിധ തട്ടിപ്പുകൾക്കും കൃത്രിമത്വത്തിനും വിധേയമാക്കാൻ സാധ്യതയുണ്ടെന്നും റെഗുലേറ്റർമാർ അഭിപ്രായപ്പെട്ടു.

 ‘എക്‌സ്’ അതിന്റെ പരസ്യ ഡാറ്റാബേസിനുള്ള ചട്ടങ്ങൾ പാലിക്കുന്നതിലും അന്വേഷകർക്ക് പൊതു ഡാറ്റയിലേക്ക് ആക്‌സസ് നൽകുന്നതിലും പരാജയപ്പെട്ടതായും അവർ പറഞ്ഞു.

Advertisment