പന്നുവിനെതിരായ ഗൂഢാലോചന; എഫ്ബിഐ ഡയറക്ടര്‍ ഇന്ത്യയിലെത്തും

കഴിഞ്ഞ മാസം, ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ച് സിഖ് വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നിഖില്‍ ഗുപ്ത എന്ന ഇന്ത്യന്‍ പൗരനെതിരെ കൊലപാതകം, വാടകയ്ക്ക് കൊലപാതകം എന്നീ കുറ്റങ്ങള്‍ യുഎസ് ചുമത്തിയിരുന്നു

New Update
fbi director.jpg

ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. ന്യൂഡല്‍ഹിയില്‍ നടന്ന കാര്‍ണഗീ ഗ്ലോബല്‍ ടെക്‌നോളജി ഉച്ചകോടിയിലെ പാനല്‍ ചര്‍ച്ചയിലാണ് എറിക് ഗാര്‍സെറ്റി  ഇക്കാര്യം അറിയിച്ചത്. ഖലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ അമേരിക്കയില്‍ വച്ച് വധിക്കാനുള്ള ശ്രമത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടയിലാണ് സന്ദര്‍ശനം.

Advertisment

ഒരു ഇന്ത്യന്‍ പൗരനും ഇന്ത്യന്‍ ഏജന്‍സി ഉദ്യോഗസ്ഥനുമെതിരെയാണ് യുഎസ് ഭരണകൂടം ആരോപണം ഉന്നയിച്ചത്. യുഎസ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ (എന്‍എസ്എ) ജോനാഥന്‍ ഫിനര്‍, ഇന്ത്യയുടെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിസ്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് എഫ്ബിഐ ഡയറക്ടറുടെ സന്ദര്‍ശനം. 

'യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ രാജ്യത്തിന് പുറത്ത് പോയി സന്ദര്‍ശിച്ച ഒന്നാമത്തെ രാജ്യമായിരുന്നു ഇത്. ഈ വര്‍ഷം തന്നെ നാല് തവണയായി. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മൂന്നാം തവണയാണ് ഇവിടെ വന്നത്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ രണ്ട് തവണയെത്തി. എഫ്ബിഐ ഡയറക്ടര്‍ അടുത്ത ആഴ്ച ഇവിടെത്തുമെന്നാണ് പ്രതീക്ഷ', എറിക് ഗാര്‍സെറ്റി വിശദമാക്കി. 

 നേരത്തെ ജോനാഥന്‍ ഫിനറും വിക്രം മിസ്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കൊലപാതക ഗൂഢാലോചനയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇതിനിടെ അമേരിക്കയില്‍ വധശ്രമം നടത്താന്‍ ഗൂഢാലോചന നടത്തിയതിനെ കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യ ഒരു അന്വേഷണ സമിതി രൂപീകരിച്ചതായും ഉത്തരവാദികളെ കണ്ടെത്തുമെന്ന് ഇന്ത്യയുടെ നിലപാടും യുഎസ് അംഗീകരിച്ചിരുന്നു.  വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കഴിഞ്ഞ മാസം, ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ച് സിഖ് വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നിഖില്‍ ഗുപ്ത എന്ന ഇന്ത്യന്‍ പൗരനെതിരെ കൊലപാതകം, വാടകയ്ക്ക് കൊലപാതകം എന്നീ കുറ്റങ്ങള്‍ യുഎസ് ചുമത്തിയിരുന്നു. അമേരിക്കന്‍ നീതിന്യായ വകുപ്പ് സമര്‍പ്പിച്ച കോടതി രേഖകള്‍ പ്രകാരം പേര് വെളിപ്പെടുത്താത്ത ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ ഗുപ്തയെ സഹായിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍, കൊലപാതകം നടത്തിയതിനും ഗൂഢാലോചന നടത്തിയതിനും ഗുപ്തയ്ക്ക് 20 വര്‍ഷം വരെ തടവ് ലഭിക്കും. കൊലപാതകം നടത്താന്‍ ഒരു കൊലയാളിക്ക് 100,000 ഡോളര്‍ നല്‍കാമെന്ന് ഗുപ്ത സമ്മതിച്ചിരുന്നു. അതിനുപുറമെ 2023 ജൂണ്‍ 9ന് 15,000 ഡോളര്‍ മുന്‍കൂറായി നല്‍കിയിരുന്നുവെന്നും  യുഎസ് അറ്റോര്‍ണി മാത്യു ജി ഓള്‍സെന്‍ പറയുന്നു .

നേരത്തെ അമേരിക്കന്‍ മണ്ണില്‍ ഒരു സിഖ് വിഘടനവാദിയെ കൊല്ലാന്‍ നടത്തിയ ഗൂഢാലോചനയെ അതീവ ഗൗരവത്തോടെയാണ് യുഎസ് കൈകാര്യം ചെയ്യുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. പന്നുവിനെ കൊല്ലാനുള്ള ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്നും ഇതില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആശങ്കയില്‍ മുന്നറിയിപ്പ് നല്‍കിയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന്, വിഷയം സമഗ്രമായി അന്വേഷിക്കാന്‍ ന്യൂഡല്‍ഹി ഉന്നതതല പ്രത്യേക അന്വേഷണ സമിതിക്ക് രൂപം നല്‍കി. വിഷയത്തിന്റെ ഗൗരവവും പ്രസക്തമായ വശങ്ങളും പകണക്കിലെടുത്ത് നവംബര്‍ 18ന് ഒരു ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് വ്യക്തമാക്കിയത്.

 

america gurpant singh pannoon
Advertisment