രോഗിയുമായി പറക്കുകയായിരുന്ന മെക്സിക്കൻ നാവികസേനയുടെ വിമാനം ടെക്സസിൽ തകർന്ന് വീണു; ഗാൽവെസ്റ്റണിന് സമീപമുണ്ടായ അപകടത്തിൽ അഞ്ച് മരണം

New Update
mexican-flight-accident

ടെക്സസ്: രോഗിയുമായി യാത്ര ചെയ്തിരുന്ന മെക്സിക്കൻ നാവികസേനയുടെ ചെറുവിമാനം ടെക്സസിലെ ഗാൽവെസ്റ്റണിന് സമീപം തകർന്ന് വീണു. അപകടത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ വിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Advertisment

ഹ്യൂസ്റ്റണിൽ നിന്ന് ഏകദേശം 50 മൈൽ തെക്കുകിഴക്കായി ടെക്സസ് തീരത്തുള്ള ഗാൽവെസ്റ്റൺ കോസ്‌വേയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. 

വിമാനം തകർന്ന് വീണ സമയത്ത് ആകെ എട്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മെക്സിക്കൻ നാവികസേന ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരിൽ നാല് പേർ നാവികസേനയിലെ ഉദ്യോഗസ്ഥരും, ഒരു കുട്ടിയുമുൾപ്പെടെ മറ്റ് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.

അപകടത്തിൽപ്പെട്ടവരിൽ രണ്ട് പേർ ഗുരുതരമായി പൊള്ളലേറ്റ മെക്സിക്കൻ കുട്ടികൾക്ക് സഹായം നൽകുന്ന ‘മിച്ചൗ ആൻഡ് മൗ ഫൗണ്ടേഷൻ’ എന്ന സംഘടനയുടെ അംഗങ്ങളാണെന്നും അധികൃതർ വ്യക്തമാക്കി. ഇവരാണ് രോഗിയുമായി ബന്ധപ്പെട്ട സഹായപ്രവർത്തനത്തിനായി യാത്ര ചെയ്തിരുന്നതെന്നും സൂചനയുണ്ട്.

അപകടകാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണോ കാലാവസ്ഥാ പ്രതികൂലതകളാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. 

പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ടെന്ന വിവരവും അന്വേഷണസംഘം പരിഗണിക്കുന്നുണ്ട്.

Advertisment