/sathyam/media/media_files/2025/02/19/hNqSoknSxCSLH2ctLw9M.jpg)
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സേനാ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി ട്രംപ് ഭരണകൂടം. സംയുക്ത സേനാ മേധാവി ജനറൽ സി.ക്യു. ബ്രൗൺ, നാവികസേനാ മേധാവി അഡ്മിറൽ ലിസാ ഫ്രാഞ്ചെറ്റി, വ്യോമസേനാ ഉപമേധാവി ജനറൽ ജിം സ്ലൈഫ് എന്നിവരെ പുറത്താക്കി.
തുല്യത ഉറപ്പാക്കാനുള്ള ഡൈവേഴ്സിറ്റി നയം സേനയിൽ നടപ്പാക്കിയതിന്റെ പേരിലാണ് നടപടിയെന്നു സൂചനയുണ്ട്. മൂന്നു പേരും മുൻ പ്രസിഡന്റ് ബൈഡന്റെ കാലത്തു നിയമിക്കപ്പെട്ടവരാണ്.
സി.ക്യു. ബ്രൗൺ അമേരിക്കൻ സേനയിലെ ഏറ്റവും ഉന്നതപദവിയിലെത്തുന്ന രണ്ടാമത്തെ ആഫ്രിക്കൻ വംശജനാണ്. ലിസാ ഫ്രാഞ്ചെറ്റി നാവികസേനയുടെ ആദ്യ വനിതാ മേധാവിയും.
യുഎസ് സേനയിൽ ആഫ്രിക്കൻ വംശജർ നേരിട്ടിരുന്ന സമ്മർദങ്ങളെക്കുറിച്ച് സി.ക്യു. ബ്രൗൺ തുറന്നുപറഞ്ഞിട്ടുണ്ട്. അദ്ദേഹം വ്യോമസേനാ മേധാവിയായിരുന്ന സമയത്ത് ഓഫീസർ തസ്തികയിൽ ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ നിയമം നല്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
അമേരിക്കൻ കോസ്റ്റ് ഗാർഡിന്റെ ആദ്യ വനിതാ മേധാവിയായ അഡ്മിറൽ ലിൻഡ ഫാഗനെ ട്രംപ് ഭരണമേറ്റെടുത്തതിനു പിന്നാലെ പുറത്താക്കിയിരുന്നു. അഡ്മിറൽ ഡൈവേഴ്സിറ്റി നയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാരോപിച്ചായിരുന്നു ട്രംപിന്റെ നടപടി.