വാഷിംഗ്ടൺ ഡിസി: അമേരിക്കൻ മദ്യത്തിനും കാർഷികോത്പന്നങ്ങൾക്കും ഇന്ത്യ ഉയർന്ന ചുങ്കമാണ് ചുമത്തുന്നതെന്നു യുഎസ് ആവർത്തിച്ചു.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റാണ് പത്രസമ്മേളനത്തിൽ പരാമർശം നടത്തിയത്. കാനഡയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയവേയാണ് അവർ ഇക്കാര്യം സൂചിപ്പിച്ചത്.
“പതിറ്റാണ്ടുകളായി കാനഡ യുഎസിനെയും ഇവിടുത്തെ കഠിനാധ്വാനികളായ ജനങ്ങളെയും പിഴിയുകയായിരുന്നു. അവർ ചുമത്തിയ ചുങ്കം ഞെട്ടിക്കുന്നതാണ്. അതേപോലെ ഇന്ത്യയെ നോക്കൂ. അമേരിക്കൻ മദ്യത്തിന് 150 ശതമാനം ചുങ്കം’’- ലീവിറ്റ് പറഞ്ഞു.
ഇന്ത്യ, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങൾ ചുമത്തുന്ന ചുങ്കം അടയാളപ്പെടുത്തിയ ചാർട്ടും അവർ പ്രദർശിപ്പിച്ചു. യുഎസിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ട്രംപിനെ പോലെയൊരു പ്രസിഡന്റ് ഉണ്ടാവേണ്ട കാലമാണിതെന്നും ലീവിറ്റ് കൂട്ടിച്ചേർത്തു.