വാഷിംഗ്ടൺ ഡിസി: കാനഡ, മെക്സിക്കോ എന്നീ അയൽക്കാർക്കും ആഗോളരംഗത്തെ മുഖ്യ എതിരാളിയായ ചൈനയ്ക്കും ചുങ്കം ചുമത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ ആഗോള വ്യാപരയുദ്ധം പ്രഖ്യാപിച്ചു.
കാനഡയിൽനിന്നും മെക്സിക്കോയിൽനിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് 25 ശതമാനം ചുങ്കമാണ് ഏർപ്പെടുത്തിയത്. ചൈനീസ് ഉത്പന്നങ്ങൾക്കുമേൽ മുന്പുണ്ടായിരുന്നതിനു പുറമേ 10 ശതമാനം ചുങ്കവും ചുമത്തി.
അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരുടെ വരവും മയക്കുമരുന്നിന്റെ ഒഴുക്കും തടയാത്തതിന്റെ പേരിലാണ് നടപടികളെന്ന് ട്രംപ് വിശദീകരിച്ചു.
മൂന്നു രാജ്യങ്ങൾ അമേരിക്കയ്ക്കെതിരേ പ്രതികാര നടപടികൾക്കു മുതിർന്നാൽ ഇനിയും ചുങ്കം ചുമത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
അതേസമയം കാനഡയും മെക്സിക്കോയും തിരിച്ചടിയായി അമേരിക്കയ്ക്കെതിരേ 25 ശതമാനം ചുങ്കം ചുമത്തുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
അമേരിക്കയിൽനിന്നുള്ള 15,500 കോടി ഡോളർ മതിപ്പുവരുന്ന ഉത്പന്നങ്ങൾക്ക് 25 ശതമാനം ചുങ്കം ചുമത്തുമെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചത്.
മദ്യം, പഴവർഗങ്ങൾ, പച്ചക്കറി, വസ്ത്രം, ഫർണിച്ചർ മുതലായവ ഇതിൽ ഉൾപ്പെടുന്നു. 3000 കോടി ഡോളർ മതിപ്പുവരുന്ന ഉത്പന്നങ്ങൾക്കുള്ള ചുങ്കം നാളെതന്നെ നിലവിൽവരും.
അമേരിക്കയിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്ന ഫെന്റാനിൽ എന്ന മയക്കുമരുന്ന് ഒരു ശതമാനം മാത്രമാണ് കാനഡിയൻ അതിർത്തിലിലൂടെ കടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
അമേരിക്കൻ ഇറക്കുമതിക്ക് 25 ശതമാനം ചുങ്കം ചുമത്താൻ ധനമന്ത്രിക്കു നിർദേശം നല്കിയതായി മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം അറിയിച്ചു.
മെക്സിക്കൻ സർക്കാരിന് മയക്കുമരുന്നു സംഘടനകളുമായി ബന്ധമുണ്ടെന്ന ട്രംപ് ഭരണകൂടത്തിന്റെ ആരോപണം തള്ളിക്കളഞ്ഞ അവർ, മയക്കുമരുന്നു സംഘടനകൾക്ക് നിയമവിരുദ്ധമായി ആയുധങ്ങൾ ലഭിക്കുന്നതു തടയാൻ അമേരിക്ക നടപടി എടുക്കുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു.