കാലിഫോര്‍ണിയ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദൈവാലയം കൂദാശ ചെയ്തു

New Update
california churc

ലോസ്ആഞ്ചലസ്: സതേണ്‍ കാലിഫോര്‍ണിയയിലെ ലോസ്ആഞ്ചലസ്, ഓറഞ്ച്, സാന്‍ഡിയാഗോ, റിവര്‍സൈഡ്, സാന്‍ബെര്‍ണാഡിനോ എന്നീ കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്ന സീറോ മലബാര്‍ കാത്തലിക് വിശ്വാസികള്‍ക്കായുള്ള പുതിയ ദേവാലയത്തിന്റെ വെഞ്ചരിപ്പും കൂദാശാ കര്‍മ്മവും പ്രഥമ വിശുദ്ധ കുര്‍ബാനയും ഒക്‌ടോബര്‍ ഒന്നിന് നടത്തപ്പെട്ടു. 

Advertisment

ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ആയിരുന്നു മുഖ്യ കാര്‍മികന്‍. ഭക്തിസാന്ദ്രവും വര്‍ണ്ണാഭവുമായ തിരുകര്‍മ്മങ്ങളില്‍ ചിക്കാഗോ രൂപതയുടെ പ്രഥമ അധ്യക്ഷനായിരുന്ന മാര്‍ ജേക്കബ് അങ്ങാടിയത്ത്, ചാന്‍സിലര്‍ റവ.ഡോ. ജോര്‍ജ് ദാനവേലില്‍, പ്രൊക്യുറേറ്റര്‍ റവ.ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍, വികാരി റവ.ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, മുന്‍ വികാരി റവ.ഫാ. മാത്യൂസ് മുഞ്ഞനാട്ട്, റവ.ഡോ. പോള്‍ പൂവത്തുങ്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

california church-2

അലങ്കരിച്ച ദൈവാലയ കവാടത്തില്‍ വച്ച് സഭാദ്ധ്യക്ഷന്മാരെ വികാരി ക്രിസ്റ്റിയച്ചന്‍ മെഴുകുതിരികള്‍ നല്‍കി സ്വീകരിച്ചു. ബഹുമാനപ്പെട്ട വൈദീകരെ ട്രസ്റ്റിമാരായ ജിമ്മി ജോസഫ്, ബിജു ജോര്‍ജ്, സോണി സെബാസ്റ്റ്യന്‍ എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ച് ദൈവാലയത്തിലേക്ക് ആനയിച്ചു. 

വികാരി ജേക്കബ് ക്രിസ്റ്റി മുഖ്യാതിഥികളേയും വിശ്വാസികളേയും സ്വാഗതം ചെയ്തു. തുടര്‍ന്ന് കൂദാശാകര്‍മ്മങ്ങള്‍ക്ക് തുടക്കമായി. രൂപതാ ചാന്‍സിലര്‍ റവ.ഡോ. ജോര്‍ജ് ദാനവേലില്‍ ചടങ്ങിന്റെ ഓരോ ഭാഗങ്ങളും വിശ്വാസികള്‍ക്കായി വിവരിച്ചുകൊടുത്തു.

california church-3

വി. കുര്‍ബാന മധ്യേയുള്ള  തന്റെ സന്ദേശത്തില്‍ നമ്മളാകുന്ന കല്ലുകള്‍ ചേര്‍ത്തുവെച്ച് യേശു പണിയുന്ന സഭയാണ് ദൈവാലയം. സഭാ സമൂഹത്തിന്റെ മൂലക്കല്ല് യേശുവാണ്. നാം ഓരോരുത്തരും ദൈവത്തിന്റെ ആലയമാണെന്നും മാര്‍ ജോയി ആലപ്പാട്ട് പിതാവ് ഓര്‍മ്മിപ്പിച്ചു. 

സ്‌നേഹവിരുന്നിനുശേഷമുള്ള പൊതുസമ്മേളനത്തില്‍ ആലപ്പാട്ട് പിതാവ് അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ പിതാക്കന്മരും, ബഹുമാനപ്പെട്ട വൈദീകരും, ട്രസ്റ്റിമാരും ചേര്‍ന്ന് ദീപം തെളിയിച്ചു. ക്രിസ്റ്റിയച്ചന്റെ നേതൃത്വത്തില്‍ പുതിയ ദൈവാലയ സ്വപ്നം സാക്ഷാത്കരിച്ച വിശ്വാസ സമൂഹത്തെ അഭിവന്ദ്യ പിതാക്കന്മാര്‍ അഭിനന്ദിച്ചു. 

california church-6

ഇടവകയില്‍ സേവനം അനുഷ്ഠിച്ച മുന്‍ വികാരിമാരായ റവ.ഡോ. ജേക്കബ് കട്ടയ്ക്കല്‍, റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, വെരി റവ.ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, വെരി. റവ.ഫാ. ജയിംസ് നിരപ്പേല്‍, വെരി.റവ.ഫാ. മാത്യൂസ് മുഞ്ഞനാട്ട് എന്നീ വൈദീകരുടെ സ്തുത്യര്‍ഹമായ വേസനങ്ങള്‍ അഭിവന്ദ്യ പിതാക്കന്മാര്‍ വേദിയില്‍ അനുസ്മരിച്ചു. 

california church-4

2001 മുതല്‍ ഇടവകയില്‍ സേവനം ചെയ്ത ട്രസ്റ്റിമാര്‍, മതബോധന സ്‌കൂള്‍ പ്രഥമ അധ്യാപകര്‍, സാക്‌റിസ്റ്റ്യൻ  മുതലായവരെ പൊന്നാട അണിയിച്ച് പ്ലാക്കുകള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് മതബോധന സ്‌കൂള്‍ കുട്ടികളുടേയും ഇടവകാംഗങ്ങളുടേയും കലാവിരുന്ന് അരങ്ങേറി. 

california church-5

സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് പള്ളി വികാരി റവ.ഡോ. സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, സെന്റ് പയസ് ടെന്‍ത് സീറോ മലബാര്‍ ക്‌നാനായ പള്ളി വികാരി റവ.ഫാ.ബിനോയ് നാരമംഗലത്ത് എന്നിവര്‍ ആശംസാ സന്ദേശം നല്‍കി. അനുമോദന സമ്മേളനത്തില്‍ വികാരി ക്രിസ്റ്റിയച്ചന്‍ സ്വാഗതവും ട്രസ്റ്റി സോണി ബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.  

വിവരങ്ങൾക്ക് കടപ്പാട്: ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍

റിപ്പോര്‍ട്ട്: ജോസഫ് ഇടിക്കുള

Advertisment