/sathyam/media/media_files/cJoKCoxgS4n6RDX41X2G.jpg)
ഹൂസ്റ്റണ്‍: ട്വൻ്റിഫോർ കണക്ടുമായി ചേർന്ന് കേരളത്തിൽ ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലയിലും മാതൃക സൃഷ്ടിക്കാൻ അമേരിക്കയിലെ ഹൂസ്റ്റൺ മലയാളി സമൂഹം. ഇതിനായുള്ള രൂപരേഖ ഉടൻ തയ്യാറാക്കും. സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സും ഇന്ത്യൻ - അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണും സംയുക്തമായി സംഘടിപ്പിച്ച സംവാദപരിപാടിയിലാണ് തീരുമാനമുണ്ടായത്.
24 എഡിറ്റർ ഇൻ ചാർജ് പി.പി ജയിംസ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി അരവിന്ദ് എന്നിവർക്ക് സമ്മേളനം സ്വീകരണം നല്കി. മലയാളിയായ ഡിസ്ട്രിക്റ്റ് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, ജഡ്ജ് ജൂലി മാത്യു എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഡോ. ജോർജ് കാക്കനാട്ട് പരിപാടിക്ക് നേതൃത്വം നല്കി.
അമേരിക്കയിലെ ഹുസ്റ്റണിൽ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന സംവാദപരിപാടിയിൽ 24 അസി.എക്സിക്യൂട്ടീവ് എഡിറ്റർ വി അരവിന്ദ് , 24 കണക്ടിൻ്റെ ആശയം മുന്നോട്ട് വച്ചു. പി പി ജയിംസ് വിശദവിവരങ്ങൾ നല്കി.
അമേരിക്കയുടെ ആരോഗ്യ തലസ്ഥാനം എന്ന് വിളിപ്പേരുള്ള ഹുസ്റ്റണിലെ നഴ്സസ് സമൂഹവും മലയാളി കൂട്ടായ്മകളും ആശയം മുൻനിർത്തി പദ്ധതി തയ്യാറാക്കാൻ സന്നദ്ധത അറിയിച്ചു.
കുട്ടികളിൽ റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിലെ അമേരിക്കൻ മാതൃക കേരളത്തിൽ നടപ്പാക്കാൻ രൂപരേഖ തയ്യാറാക്കും. ഇതിനായി ചേംബർ ഓഫ് കൊമേഴ്സും ഹൂസ്റ്റൺ മലയാളി അസോസിയേഷനും തുടർ ചർച്ചകൾ നടത്തും.
ആരോഗ്യമേഖലയിൽ സമാനമായ മാതൃക സൃഷ്ടിക്കാനുള്ള 24 കണക്ട് ഉദ്യമത്തിന് ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പിൻതുണ അറിയിച്ചു.
ഡിസ്ട്രിക്റ്റ് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, ജഡ്ജ് ജൂലി മാത്യു, ബേബി മണക്കുന്നേൽ, ഡോ. മാത്യു സാമുവൽ, സാബു കുര്യൻ, ഡോ. റീനു വർഗീസ്, ഡോ. ആലീസ് സജി, ജോജി ജോസഫ്, ജിൻസ് മാത്യു, ജിജി ഓലിക്കൻ എന്നിവർ സംസാരിച്ചു. കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകരായ പി.പി ജയിംസിനേയും വി അരവിന്ദിനേയും ചടങ്ങ് ആദരിച്ചു.