ഫിലഡൽഫിയ: ഫിലഡൽഫിയ മലയാളികളെയും സ്പോർട്സ് പ്രേമികളെയും ആനന്ദ നിർവൃതിയുടെ ഉത്തുംഗ ശൃംഗത്തിൽ ആറാടിച്ച മൂന്ന് അഭിമാന നേട്ടങ്ങളുടെ ഇടിവെട്ട് വിജയ മുഹൂർത്തങ്ങളാണ് കഴിഞ്ഞ വാരം ഫിലഡൽഫിയ മലയാളികളെ തേടിയെത്തിയത്.
എൻ കെ ലൂക്കോസ് മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി ഫിലി സ്റ്റാർസും, സത്യൻ മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി ഫിലി ആർസിനെൽസും, മില്ലേനിയം കപ്പ് സ്വന്തമാക്കി നോർത്ത് ഈസ്റ് ഫിലി ക്രിക്കറ്റ് ക്ലബ്ബും ചരിത്ര നേട്ടം കൊയ്തപ്പോൾ, ഈ നേനേട്ടങ്ങൾ ഫിലഡൽഫിയാ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി സംഭവിച്ച അഭിമാന നേട്ടങ്ങളാണെന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നു.
ഒരേസമയം മൂന്ന് ചരിത്ര നേട്ടങ്ങൾ ഫിലാഡൽഫിയ മലയാളികൾക്ക് സമ്മാനിച്ച ഫിലി സ്റ്റാർസിന്റെയും, ഫിലി ആർസിനെൽസിന്റെയും, നോർത്ത് ഈസ്റ് ഫിലി ക്രിക്കറ്റ് ക്ലബ്ബിന്റെയും അഭിമാന താരങ്ങളായ ടീം അംഗങ്ങൾക്ക് ആവേശോജ്വലമായ സ്വീകരണം നൽകാൻ ഒരുങ്ങുകയാണ് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മയായ ബഡി ബോയ്സ് ഫിലാഡൽഫിയ.
സെപറ്റംബർ 13 ന് വെള്ളിയാഴ്ച വൈകിട്ട് 5:30 ന് നോർത്ത് ഈസ്റ്റ് ഫിലഡൽഫിയായിലുള്ള മയൂര ഇന്ത്യൻ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ചാണ് സ്വീകരണ പരിപാടികളും അനുമോദന ചടങ്ങുകളും അരങ്ങേറുന്നത്. ഫിലഡൽഫിയായിലെയും സമീപ പ്രദേശങ്ങളിലെയും സ്പോർട്ട്സ് പ്രേമികളും, സംഘടനാ നേതാക്കളും പൗരപ്രമുഖരും എത്തിച്ചേരുന്ന ഈ വൻ സ്വീകരണ പരിപാടിയിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു