നായർ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം അതിഗംഭീരമായി

New Update
nair benevolent associaton

ന്യൂയോർക്ക്: നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 3 ശനിയാഴ്ച ന്യൂഹൈഡ് പാർക്കിലുള്ള വൈഷ്ണവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 11:00 മണി മുതൽ വിവിധ കലാപരിപാടികളോടെ അതിഗംഭീരമായി ആഘോഷിച്ചു.

Advertisment

രാധാമണി നായർ, രത്നമ്മ നായർ, ശോഭ കറുവക്കാട്ട്, ലതിക നായർ, വത്സല പണിക്കർ, മുരളി പണിക്കർ എന്നിവരുടെ  നേതൃത്വത്തിൽ, സ്വഗൃഹങ്ങളിൽ നിന്ന് പാചകം ചെയ്തുകൊണ്ടു വന്ന സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഓണ സദ്യ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി.

nair benevolent associaton-2

ഓണസദ്യക്ക് ശേഷം ഓഡിറ്റോറിയത്തിലേക്ക് മഹാബലിയെ തായമ്പകയുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെ വരവേറ്റു. രാമൻ കുട്ടിയാണ് പ്രൗഢഗംഭീരമായി മഹാബലിയെ അവതരിപ്പിച്ചത്. മഹാബലിയുടെ അനുഗ്രഹ വർഷത്തോടെ തായമ്പകയുടെ മേളപ്പെരുക്കം അവതരിപ്പിച്ചത് ബാബു മേനോന്റെ നേതൃത്വത്തിലാണ്. രോഹൻ നായർ, നരേന്ദ്രൻ നായർ, ശശി പിള്ള, സദാശിവൻ നായർ, രാധാകൃഷ്ണൻ തരൂർ, പുരുഷോത്തമൻ പണിക്കർ, സുരേഷ് ഷൺമുഖം എന്നീ വിദഗ്ദ്ധരാണ് മേളത്തിൽ പങ്കെടുത്തത്. 

തുടർന്ന് രാധാമണി നായരുടെ ശ്രുതിമധുരവും ഭക്തിനിർഭരവുമായ പ്രാർത്ഥനാ ഗാനാലാപനത്തോടെ ഫസ്റ്റ് ലേഡി പത്മാവതി നായർ, എൻ.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, ഡോ. പി.ജി. നായർ, വിശിഷ്ടാതിഥികളായ എ.കെ. വിജയകൃഷ്ണൻ, സുധീർ നമ്പ്യാർ, ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജി.കെ. നായർ, ജയപ്രകാശ് നായർ, ഗോപിനാഥക്കുറുപ്പ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

nair benevolent associaton-3

എൻ.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ ഏവരേയും സ്വാഗതം ചെയ്തുകൊണ്ട്  സനാതനധർമ്മം നേരിടുന്ന  വെല്ലുവിളികളെ ഹൈന്ദവ സഹോദരങ്ങൾ വിഭാഗീയ ചിന്തകൾ മാറ്റിനിർത്തിക്കൊണ്ട് നേരിടണമെന്നും, നാട്ടിൽ നടക്കുന്ന മതാടിസ്ഥാനത്തിലുള്ള സംവരണാനുകൂല്യങ്ങൾ സാമ്പത്തികാടിസ്ഥാനത്തിലാക്കി മനുഷ്യരെ തുല്യരായി കാണുന്ന മാവേലി നാടുവാണിരുന്ന കാലത്തേതു പോലെയുള്ള, നമ്മുടെ കർമ്മഭൂമിയായ യു.എസ്സിലേതുപോലെ ജന്മഭൂമിയിലും നടപ്പിലാക്കുന്നതിന്  ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു.

പിന്നീട് എൻ.ബി.എ. വനിതാ ഫോറം അവതരിപ്പിച്ച തിരുവാതിര ചടങ്ങുകൾക്ക് ചാരുതയേകി. ശോഭ കറുവക്കാട്ട്, രാധാമണി നായർ, സുജാത പാലാട്ട്, ശോഭാ മേനോൻ, പ്രജിത നായർ, വനജ നായർ, ലതിക ഉണ്ണി, ചന്ദ്രലേഖ നായർ എന്നിവർ ചേർന്ന് അവതരിപ്പിച്ച നയനമനോഹരമായ തിരുവാതിര കോറിയോഗ്രാഫ് ചെയ്തത് ജോയിന്റ് സെക്രട്ടറി കൂടിയായ ഊർമിള റാണി നായരാണ്.

nair benevolent associaton-4

തിരുവാതിരയെത്തുടർന്ന് മുഖ്യാതിഥി എ.കെ. വിജയകൃഷ്ണൻ (പബ്ലിക് അഫയേഴ്സ്, ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ്)  ജനനന്മയ്ക്കായി കോണ്‍സുലേറ്റ് ആവിഷ്കരിച്ചിരിക്കുന്ന പ്രത്യേക പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.  

ചീഫ് ഗസ്റ്റ് സുധീർ നമ്പ്യാർ (ജനറൽ സെക്രട്ടറി, ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ) ഓണസന്ദേശം നൽകി. വിശിഷ്ടാതിഥി ഫോമ പ്രസിഡന്റ് ഡോ. ജേക്കബ്ബ് തോമസ് ഓണത്തെ പറ്റി  മഹത്തായ ഒരു പ്രസംഗം ചെയ്തു.  എൻ.ബി.എ. ട്രഷറർ ഗോപിനാഥക്കുറുപ്പ് ഈ വർഷത്തെ പുതിയ അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി.

എൻ.ബി. എ. സംഘടിപ്പിച്ച പിക്നിക്കിലെ കായിക മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ച ക്രിഷിവ്  അഖിൽ, ഹിമാ നായർ, വനജ നായർ, രാധാമണി നായർ, ഉണ്ണിക്കൃഷ്ണൻ നായർ, പുരുഷോത്തമൻ പണിക്കർ എന്നിവർക്കുള്ള പാരിതോഷികം വിശിഷ്ടാതിഥികളും എൻ.ബി.എ. ഭാരവാഹികളും ചേർന്ന് സമ്മാനിച്ചു.

nair benevolent associaton-5

അക്ഷിത ദീപു, ആവണി ശാന്തിലിയ, എന്നിവർ പല ഭാവങ്ങളിൽ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ ഏവരെയും ഹഠാദാകർഷിച്ചു.  ശ്രുതിമധുരങ്ങളായ ഗാനങ്ങൾ   ആലപിച്ചത് അജിത് നായർ, രവി നായർ, പ്രഭാകരൻ നായർ, അക്ഷിത ദീപു, ക്രിഷ് അഖിൽ, ശ്രുതി, സായി, ഹിമാ നായർ എന്നിവരാണ്.  ജയപ്രകാശ് നായരും രാധാമണിയും കവിതകളും ആലപിച്ചു.

കലാപരമായി ഓണപ്പൂക്കളമിടുവാൻ വത്സലാ പണിക്കർ, രാധാമണി നായർ, ഷൈലജ പണിക്കർ, രത്നമ്മ നായർ എന്നിവർ നേതൃത്വം നൽകി. സ്റ്റേജ് അലങ്കാരം പതിവുപോലെ തന്നെ സുധാകരൻ പിള്ളയുടെ കൈയ്യിൽ ഭദ്രമായിരുന്നു.

ഊർമ്മിള റാണി നായർ എം.സി.യായി പരിപാടികൾ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് ശശി പിള്ള നന്ദി പ്രകാശിപ്പിച്ചു. ഭാരതത്തിന്റെ ദേശീയ ഗാനാലാപനത്തോടെ  ഓണാഘോഷ പരിപാടികൾ സമംഗളം പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

Advertisment