ന്യൂയോര്‍ക്ക്: അമേരിക്കയിലുള്ള മാർ അത്തനേഷ്യസ് ആർട്സ് & കോളേജിലെ പൂർവ വിദ്യാർഥി സംഘടനയായ “മാർ അത്തനേഷ്യസ് കോളേജ് ആർട്സ് & സയൻസ് യു.എസ്.എ. അലംനൈ (മാക് യുഎസ്എ അലംനൈ) യുടെ ഒരു മീറ്റിംഗ് മാർച്ച് 14 വെള്ളിയാഴ്‌ച വൈകിട്ട് 9 മണിക്ക് (ഇഎസ്ടി) (ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം ശനിയാഴ്‌ച രാവിലെ 6:30 ന്) സൂം പ്ലാറ്ഫോമിൽ നടത്തുന്നു.
ഈ പൂർവ വിദ്യാർഥി സംഗമത്തിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ഇടുക്കി എം. പി. ഡീൻ കുര്യാക്കോസ്, എം എ കോളേജ് ഓഫ് ആർട്സ് & സയൻസിലെ പൂർവ്വ വിദ്യാർത്ഥികളായ കോതമംഗലം എം.എൽ.എ ആന്റണി ജോൺ, മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴല്‍നാടൻ, എം.എ കോളേജ് അസോസിയേഷൻ സെക്രട്ടറിയും ആര്‍ട്ട് ആൻഡ് സയൻസ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. വിന്നി വർഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എം.എ കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, അലമ്‌നൈ അസ്സോസിയേഷൻ പ്രസിഡന്റ് പ്രൊഫ. കെ.എം. കുര്യാക്കോസ്, അലമ്‌നൈ അസ്സോസിയേഷൻ സെക്രട്ടറി ഡോ. എബി പി. വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.
എറണാകുളം ജില്ലയിൽ കോതമംഗലത്തു സ്ഥിതി ചെയ്യുന്ന മാർ അത്തനേഷ്യസ് കോളേജ് ഓഫ് ആർട്സ് & സയൻസ് കോളേജ് 1955 ജൂലൈ 14 ന് 127 വിദ്യാർത്ഥികളോടും 15 അദ്ധ്യാപകരോടും കൂടി പ്രവർത്തനമാരംഭിച്ചു.
കോളേജിന്റെ ഔപചാരിക ഉദ്‌ഘാടനം 1956 ഒക്ടോബർ 30 ന് എത്യോപ്യൻ ചക്രവർത്തിയായിരുന്ന ഹെയ്‌ലി സെലാസി 1 നിർവഹിച്ചത് കേരളത്തെ സംബന്ധിച്ചിടത്തോളം ചരിത്രസംഭവമായിരുന്നു. അന്നുമുതലിന്നോളം കോളേജ് അതിന്റെ വളർച്ചയുടെ പാതയിൽ അനുസ്യൂതം മുന്നേറിക്കൊണ്ടിരിക്കുന്നു.
1961ൽ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ, ഇന്ന് 63 ഏക്കറിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി നടക്കുന്ന എം.എ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആരംഭിച്ചു.
2024ൽ നാഷണൽ ഇന്‍സ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിന്റെ (എന്‍ഐആര്‍എഫ്) റാങ്കിംഗിലെ ദേശീയതലത്തിൽ ഉന്നത നിലവാരം പുലർത്തുന്ന 100 കോളേജുകളിൽ 74-ാം സ്ഥാനം മാർ അത്തനേഷ്യസ് കോളേജ് ഓഫ് ആർട്സ് & സയൻസിനു ലഭിക്കുകയുണ്ടായി. കോളേജിന്റെ അക്കാദമിക് മികവിനുള്ള അംഗീകാരമായിരുന്നു അത്. എം.എ. കോളേജ് ഒരു ഓട്ടോണമസ് വിദ്യാഭ്യാസ സ്ഥാപനമാണ്.
കൂടുതൽ വിവരങ്ങൾക്ക്: സാബു സ്കറിയ (267) 980-7923, ജിയോ ജോസഫ് (914) 552-2936, പി. ഓ. ജോർജ്ജ് (845) 216-4536, ജോബി മാത്യു (301) 624-9539, ജോർജ്ജ് വർഗീസ് (954) 655-4500.
റിപ്പോര്‍ട്ട്: വര്‍ഗീസ് പോത്താനിക്കാട്