ഫിഫ ലോകകപ്പ് 2026: മലയാളി ഫുട്ബോൾ പ്രേമികൾക്കായി യുഎസ്എ കെഎംസിസി ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.

New Update
4e081258-87ae-43b6-abe4-a96317ff62f9

ന്യൂയോർക്ക് : ടീമുകളുടെ ആധിക്യം കൊണ്ടും ആതിഥേയ രാജ്യങ്ങളുടെ എണ്ണം കൊണ്ടും ശ്രദ്ധേയമാവാൻ പോകുന്ന 2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്ന മലയാളി ഫുട്ബോൾ ആരാധകർക്കായി വിപുലമായ രീതിയിൽ വിരുന്നൊരുക്കി കാത്തിരിക്കുകയാണ് യുഎസ്എ & കാനഡ കെഎംസിസി (USA & Canada KMCC) 

Advertisment

48 രാജ്യങ്ങൾ മാറ്റുരക്കുന്ന ഇത്തവണത്തെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് നടക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളിലും എത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് ഹെൽപ്പ് ഡെസ്കിന്റെ രൂപത്തിലാണ് കെഎംസിസി സഹായവുമായി രംഗത്ത് വന്നിട്ടുള്ളത്. ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുകയുണ്ടായി. സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരെ കൂടാതെ മറ്റ് പ്രമുഖ നേതാക്കളുടെയും സാന്നിധ്യമുണ്ടായിരുന്നു.  

മത്സരങ്ങൾ കാണാത്തുന്നവർക്കായി വിപുലമായ സേവനങ്ങളാണ് കെഎംസിസി ഒരുക്കുന്നത്.
മൂന്ന് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലോകകപ്പ് മത്സരങ്ങൾക്കിടയിൽ ആരാധകർ നേരിടാൻ സാധ്യതയുള്ള യാത്രാ-താമസ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ഹെൽപ്പ് ഡെസ്ക് ലക്ഷ്യമിടുന്നത്. 

എയർപോർട്ട് പിക്ക്-അപ്പ് & ഡ്രോപ്പ് സൗകര്യം, പ്രാദേശിക ഗതാഗത മാർഗങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ. സുരക്ഷിതമായ താമസസ്ഥലങ്ങൾ കണ്ടെത്തുന്നതിനും ട്രാവൽ പ്ലാനിംഗിനും പിന്തുണ. പ്രാദേശിക സിം കാർഡുകൾ, കറൻസി എക്സ്ചേഞ്ച് എന്നിവ ലഭ്യമാക്കാനുള്ള സഹായം. ടിക്കറ്റ് സംബന്ധമായ വിവരങ്ങളും സ്റ്റേഡിയങ്ങളിലേക്കുള്ള റൂട്ട് മാപ്പും. 24 മണിക്കൂറും ലഭ്യമാകുന്ന എമർജൻസി സപ്പോർട്ട് സിസ്റ്റം. തുടങ്ങിയവയാണ് പ്രധാനമായും ഹെൽപ്പ് ഡെസ്ക് വഴി ലഭ്യമാക്കുക.

പ്രവാസലോകത്തെ മലയാളി കരുത്ത് ലോകകപ്പ് വേളയിൽ സന്ദർശകർക്ക് വലിയ ആശ്വാസമാകുമെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ പറഞ്ഞു. യുഎസ്എ & കാനഡ കെഎംസിസി പ്രസിഡന്റും വേൾഡ് കെഎംസിസി ട്രഷററുമായ യു.എ നസീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വടക്കെ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ എത്തുന്ന മലയാളികൾക്ക് ഒത്തൊരുമയോടെയുള്ള പിന്തുണ നൽകാൻ കെഎംസിസി സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. 

ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, അബ്ദുറഹിമാൻ രണ്ടത്താണി എന്നിവർക്ക് പുറമെ ഡോക്ടർ അബ്ദുൽ അസീസ് (ന്യൂ യോർക്) ഹനീഫ് എരഞ്ഞിക്കൽ (ന്യൂ ജേഴ്‌സി) കുഞ്ഞു പയ്യോളി (ലോസ് അഞ്ചേൽസ്) ഇബ്രാഹിം കുരിക്കൾ (ടോരൊന്റോ) വാഹിദ് പേരാമ്പ്ര (കാനഡ), ഷബീർ നെല്ലി (ടെക്സസ് ),  മുഹമ്മദ്‌ ഷാഫി (സാൻഫ്രാൻസിസ്കോ), തയ്യിബ ഇബ്രാഹിം (ടോരൊന്റോ) തുടങ്ങിയവർക്ക് പുറമെ എഐകെഎംസിസി  ഭാരവാഹികളായ കുഞ്ഞിമോൻ, നൗഷാദ്, ഡോക്ടർ അമീറലി, അൻവർ നഹ (യുഎഇ കെഎംസിസി) ഷിയാസ് സുൽത്താൻ, ഷെഫീഖ്, നസീം പുളിക്കൽ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. 

ലോകകപ്പ് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് താഴെ പറയുന്ന മാർഗങ്ങളിലൂടെ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാം:
 * ടോൾ ഫ്രീ (USA): 1-800-KMCC-HELP (1-800-562-2433)
 * വെബ്സൈറ്റ്: www.usakmcc.org
 * ഇമെയിൽ: info@usakmcc.org
 * സോഷ്യൽ മീഡിയ: @USAKMCC

Advertisment