ജിയാ ചലേ’ ഷൂട്ടിംഗ് ഓര്‍മ്മകള്‍ പങ്കുവെച്ച്‌ പ്രീതി സിന്‍റ

ഫിലിം ഡസ്ക്
Sunday, January 17, 2021

1998-ല്‍ മണിരത്നത്തിന്റെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രമാണ് ദില്‍സെ. പ്രീതി സിന്റയും മനീഷ കൊയ്രാളയുമായിരുന്നു ചിത്രത്തിലെ നായികമാര്‍.

തിയേറ്ററില്‍ വിജയം നേടിയ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം എ.ആര്‍. റഹ്മാന്റെ സംഗീതത്തില്‍ പിറന്ന ഗാനങ്ങളായിരുന്നു. അതില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗാനമായിരുന്നു ഷാരൂഖ് ഖാനും പ്രീതി സിന്റയും ഒന്നിച്ച ദില്‍സേയിലെ ജിയാ ചലേ എന്ന ഗാനം.

മലയാളികള്‍ ഈ ഗാനം അത്രമേല്‍ പ്രിയപ്പെട്ടതാകാന്‍ കാരണം കേരളത്തെ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്നു എന്നതു കൊണ്ട് തന്നെയായിരുന്നു. കായലും വഞ്ചിയും ആനയുമെല്ലാമായി മൊത്തം കേരളത്തനിമയുള്ള ഗാനമാണ് ജിയാ ചലേ. ഇടയ്ക്ക് മലയാളവും ഉണ്ട്. ഇപ്പോള്‍ ഈ ഗാനത്തെക്കുറിച്ചുള്ള മനോഹര ഓര്‍മ പങ്കുവെച്ചു കൊണ്ടുള്ള നടി പ്രീതി സിന്റയുടെ ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ആനകള്‍ക്ക് മുന്നില്‍ നിന്ന് നൃത്തം ചെയ്യുന്ന ചിത്രമാണ് പ്രീതി സിന്റ പങ്കുവെച്ചിരിയ്ക്കുന്നത്. ” ഞാന്‍ എന്താണ് ചെയ്യുന്നത് എന്നോര്‍ത്ത് ആനകള്‍ അമ്ബരന്നു നില്‍ക്കുകയാണ് എന്നാണോ നിങ്ങള്‍ ചിന്തിയ്ക്കുന്നത്? ഫറ ഖാന്‍ പറഞ്ഞകാര്യങ്ങള്‍ നല്ല കുട്ടിയായി ചെയ്യുകയാണ് ഞാന്‍. ദില്‍സെ ഷൂട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് ഇത് ” – പ്രീതി സിന്റ കുറിച്ചു. താരത്തിന്റെ ഈ ചിത്രത്തിന് രസകരമായ കമന്റുകളാണ് വരുന്നത്.

×