മലപ്പുറം: കരിങ്കല്ലത്താണിയില്‍ സ്‌കൂളിന് മുന്നിലെ സ്റ്റോപ്പില്‍ ബസ് നിര്‍ത്തുന്നില്ലെന്ന പരാതിയില്‍ ഇടപെട്ട് പ്രിന്‍സിപ്പാള്‍. താഴെക്കോട് കാപ്പുപറമ്പ് പിടിഎംഎച്ച്എസ്എസിലെ പ്രിന്‍സിപ്പാളായ ഡോ. സക്കീര്‍ എന്ന സൈനുദ്ധീനാണ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി റോഡിലേക്കിറങ്ങി ബസ് തടഞ്ഞ് നിര്‍ത്തിയത്. പ്രിന്‍സിപ്പാള്‍ ബസ് തടയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ കുട്ടികളുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ഡോ.സക്കീര്‍.
കോഴിക്കോട് പാലക്കാട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന രാജപ്രഭ എന്ന സ്വകാര്യ ബസ് സ്ഥിരമായി സ്‌റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് അപകടകരമായ രീതിയില്‍ അമിതവേഗതയില്‍ ഓടിച്ചു പോകുന്നുവെന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരവധി തവണ താക്കീത് നല്‍കിയിട്ടും നടപടിയാവാത്തതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പാള്‍ നേരിട്ട് രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസവും ബസ് തടയാനുളള ശ്രമം നടത്തിയിരുന്നെങ്കിലും ബസ് അമിത വേഗത്തില്‍ കടന്നുപോയതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് റോഡിലെ ഡിവൈഡര്‍ ക്രമീകരിച്ചാണ് പ്രിന്‍സിപ്പല്‍ ബസ്സിനെ തടഞ്ഞുനിര്‍ത്തിയത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.