പ്രളയം : ക്യാമ്പില്‍ കഴിയുന്ന ഒരാൾക്ക് അഞ്ച് ചപ്പാത്തിയും കുറുമയും അടങ്ങുന്ന ഭക്ഷണപ്പൊതിയുമായി വിയ്യൂര്‍ ജയിലിലെ തടവുകാര്‍

ന്യൂസ് ബ്യൂറോ, തൃശൂര്‍
Monday, August 19, 2019

തൃശ്ശൂര്‍: പ്രളയ ബാധിതരായി ക്യാമ്പില്‍ കഴിയുന്നവർക്ക് സഹായ ഹസ്തവുമായി വിയ്യൂർ ജയിലിലെ അന്തേവാസികൾ. വിവിധ ക്യാംപുകളിൽ കഴിയുന്ന ആയിരക്കണക്കിന് ആളുകൾക്കാണ് തടവുകാർ ജയിൽ ചപ്പാത്തി എത്തിക്കുന്നത്. സ്വയം സന്നദ്ധരായ ഇരുപതോളം തടവുകാരാണ് ഇതിനായി പ്രവർത്തിക്കുന്നത്

ക്യാംപില്‍ കഴിയുന്ന ഒരാൾക്ക് അഞ്ച് ചപ്പാത്തിയും കുറുമയും അടങ്ങുന്ന ഭക്ഷണപ്പൊതിയാണ് തടവുകാർ എത്തിക്കുന്നത്. ക്യാംപുകളിലെ അവശ്യം ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ അറിയിച്ചാൽ മതി.

നഗരത്തിലെ ക്യാംപുകളിൽ നേരിട്ടും ദൂരെയുള്ളവര്‍ക്ക് സന്നദ്ധ സംഘടനകൾ വഴിയും ഭക്ഷണം എത്തിക്കും. സ്വയം സന്നദ്ധരായ ഇരുപതോളം തടവുകാരാണ് ഇതിനായി പ്രവർത്തിക്കുന്നത്. സാധാരണ ജോലി സമയത്തിന് ശേഷമാണ് ഇവർ ദുരിത ബാധിതർക്ക് ഭക്ഷണം തയ്യാറാക്കാൻ സമയം കണ്ടെത്തുന്നത്.

വിയ്യൂർ, വില്ലടം, മണലാറുകാവ്,കോലഴി, ചേർപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ക്യാംപുകളിലാണ് തടവുകാർ സ്ഥിരമായി ഭക്ഷണപ്പൊതി എത്തിക്കുന്നത്. ജയിലിലെ സെയിൽസ് കൗണ്ടർ വില്പനയെയും ഓൺലൈൻ വ്യാപാരത്തെയും ബാധിക്കാത്ത തരത്തിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.

×