ഒരു ബസിന്റെ വില മൂന്നുലക്ഷം രൂപ മാത്രം ! ലോക്ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധിക്കിടെ തകര്‍ന്നടിഞ്ഞ് സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം. 40000ത്തിലേറെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയില്‍. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താനായത് പത്തുമാസം മാത്രം ! ജീവനക്കാരുടെ ശമ്പളം പാതിയായി കുറഞ്ഞു. ബസുടമയ്ക്ക് ഒരു ദിവസം കിട്ടുന്നത് 100 മുതല്‍ 500 രൂപ വരെ മാത്രം ! ലോക്ഡൗണ്‍ ഒരുമാസത്തിലേറെ പിന്നിട്ടതോടെ പല തൊഴിലാളി കുടുംബങ്ങളും പ്രതിസന്ധിയുടെ നടുവില്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, June 14, 2021

കൊച്ചി: കൊച്ചി നഗരത്തില്‍ മാത്രം ഒരു ദിവസം ഓടിയിരുന്ന സ്വകാര്യ ബസുകളുടെ എണ്ണം 1250. ഈ ബസുകള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിരത്തിലിറങ്ങിയത് കഷ്ടി എട്ടുമാസം. ഒരു ബസിനെ ആശ്രയിച്ച് ജീവിക്കുന്നത് കുറഞ്ഞത് രണ്ടു പേരെന്നു വിചാരിച്ചാല്‍ തന്നെ 2500 കുടുംബങ്ങളുടെ പ്രതീക്ഷയും അത്താണിയുമാണ് കഴിഞ്ഞ കുറച്ചു നാളുകളായി വീട്ടില്‍ തന്നെ ഇരിക്കുന്നത്.

കേരളത്തില്‍ ഇങ്ങനെ കുറഞ്ഞത് ഇരുപതിനായിരത്തോളം ബസുകള്‍ ഉണ്ടെന്നാണ് കണക്ക്. മേല്‍പ്പറഞ്ഞ കണക്കുകല്‍ നോക്കിയാല്‍ 40000ത്തിലധികം കുടുംബങ്ങളാണ് ലോക്ഡൗണിന്റെ ദുരിതം പേറുന്നത്. ഈ വാഹനങ്ങളൊക്കെ നടത്തിയിരുന്നവരാകട്ടെ കടം കയറി നശിക്കുകയുമാണ്.

കഴിഞ്ഞ 2020 മാര്‍ച്ചിലെ ആദ്യ ലോക്ഡൗണില്‍ രണ്ടര മാസത്തോളം വാഹനങ്ങള്‍ വെറുതെ കിടന്നു. പല സ്വകാര്യ ബസുകളും കളകയറി മൂടപ്പെട്ട നിലയിലായിരുന്നു. പിന്നീട് സര്‍വീസ് തുടങ്ങിയപ്പോഴും ശനി, ഞായര്‍ ദിവസങ്ങളില്‍ വണ്ടി ഓടിയിരുന്നില്ല.

ഇപ്പോഴിതാ 40 ദിവസത്തോളം വാഹനമോടാതെ കിടക്കുന്നു. ആയിരം രൂപ മുതല്‍ ദിവസവും കിട്ടിയിരുന്ന ഇതിലെ തൊഴിലാളി കുടുംബങ്ങള്‍ ആദ്യ ലോക്ഡൗണിന് പിന്നാലെ വാഹനം നിരത്തിലിറങ്ങിയപ്പോള്‍ ശമ്പളം പകുതിയാക്കേണ്ട ഗതികേടിലെത്തി. പലര്‍ക്കും കിട്ടിയത് അഞ്ഞൂറില്‍ താഴെ മാത്രം.

ഇതിനു പിന്നാലെയാണ് പൊതുഗതാഗതം നിലച്ചത്. സര്‍ക്കാരിന്റെ 500 രൂപ കിറ്റുകൊണ്ടു മാത്രം ജീവിക്കാമെന്നു വച്ചാല്‍ മറ്റൊരാവശ്യം വന്നാല്‍ അതോടെ എല്ലാം തകിടം മറിയും. ഒരു ആശുപത്രി ആവശ്യം വന്നാല്‍ കടത്തിനുമേല്‍ കടവുമാകും.

ഇനി ഈ വാഹന ഉടമകളുടെ കാര്യമൊന്നു നേക്കാം. പലരും ബാങ്ക് വായ്പയെടുത്തൊക്കെയാണ് ബസ് വാങ്ങിയിട്ടുള്ളത്. ആദ്യ ലോക്ഡൗണിന് ശേഷം ദിവസവുമുള്ള വരുമാനം 100 രൂപ മുതല്‍ 500 രൂപവരെ പരമാവധി. ഒരുവാഹനത്തിന് മാസതവണ കുറഞ്ഞത് 30000ത്തിന് മുകളിലേക്കാണ്.

ഇതോടെ പലരും വാഹനം വില്‍ക്കാന്‍ പോലും തയ്യാറായാണ്. പക്ഷേ ഒരു ബസിന് വില 3ലക്ഷം പറഞ്ഞാല്‍ പോലും ആര്‍ക്കും വേണ്ട. നേരത്തെ നല്ല ലാഭകരമായ റൂട്ടിന് പോലും ഇന്നു ആരും ആവശ്യക്കാരില്ല.

വലിയ തുകമുടക്കി വാങ്ങിയിട്ടിരിക്കുന്ന ടൂറിസ്റ്റ് ബസുകളുടെയും സ്ഥിതി ഇതുതന്നെ. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 10 ദിവസം ഓടിയ ബസുകള്‍ വിരലിലെണ്ണാവുന്നതു മാത്രം. ലോക്ഡൗണ്‍ ഇനിയുമിങ്ങനെ നീണ്ടാല്‍ കേരളത്തില്‍ സ്വകാര്യ ബസ് വ്യവസായം ഇല്ലാതാകുമെന്ന് ഉറപ്പ്.

×