ദുബൈ: ഖത്തര്‍ ലോകകപ്പ് കാണാനായി യു.എ.ഇയില്‍നിന്ന് ഓരോദിവസവും പോകുന്നതിന് തയാറെടുത്ത് സ്വകാര്യ ജെറ്റുകളും. നേരത്തെ കളി നടക്കുന്ന ദിവസങ്ങളില വിവിധ വിമാനക്കമ്ബനികള്‍ ഷട്ടില്‍ സര്‍വിസുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണിപ്പോള്‍ പ്രൈവറ്റ് ജെറ്റ് ഓപറേറ്റര്‍മാരും സര്‍വിസുകള്‍ പ്രഖ്യാപിച്ചത്. മത്സരദിനങ്ങളില്‍ 2500 സര്‍വിസുകള്‍ നടത്തുമെന്ന് ദുബൈയിലെ ജെടെക്സ് കമ്ബനി കഴിഞ്ഞദിവസം വെളിപ്പെടുത്തി. ധാരാളം ആളുകള്‍ ജെറ്റ് സേവനത്തിനായി ബന്ധപ്പെടുന്നുണ്ടെന്ന് കമ്ബനിവൃത്തങ്ങള് അറിയിച്ചു. ജെടെക്സ് അല്ലാത്ത കമ്ബനികളും ജെറ്റ് സര്‍വിസ് നടത്താന്‍ ഒരുങ്ങുന്നുണ്ട്.
സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്യുന്ന നാലോ ആറോ യാത്രക്കാര്‍ക്ക് വിമാനത്തിന്റെ തരവും വലുപ്പവും അനുസരിച്ച് വണ്‍-വേ ഏകദേശം 66,000 ദിര്‍ഹം മുതല്‍ മുകളിലേക്ക് ചെലവ് വരും. സാധാരണ വിമാനങ്ങളിലെ യാത്രക്ക് ഒരാള്‍ക്ക് 1000 മുതല്‍ 4000വരെ ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസാണെങ്കില്‍ 12,000വരെ ചെലവ് പ്രതീക്ഷിക്കാം. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ലോക കായികമാമാങ്കത്തിന് 12 ലക്ഷം ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്ന് ദോഹയിലേക്ക് എയര്‍ അറേബ്യയും ഫ്ലൈ ദുബൈയും ലോകകപ്പ് ദിനങ്ങളില്‍ 45ലധികം ഷട്ടില്‍ സര്‍വിസ് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
സാധാരണദിവസങ്ങളില്‍ അബൂദബിക്കും ദോഹക്കും ഇടയില്‍ 18 പ്രതിവാര വിമാന സര്‍വിസ് നടത്തുന്ന ഇത്തിഹാദ് എയര്‍വേസ് ലോകകപ്പ് സമയത്ത് 42 സര്‍വിസുകളാണ് ആസൂത്രണം ചെയ്തത്. മത്സരങ്ങളുടെ നാലു മണിക്കൂര്‍ മുമ്ബ് ഖത്തറില്‍ എത്തുകയും മത്സരം കഴിഞ്ഞ് നാലു മണിക്കൂറിന് ശേഷം മടങ്ങുകയും ചെയ്യുന്നരീതിയിലാണ് യാത്ര. ലോകകപ്പ് കാലത്ത് മാച്ച് ടിക്കറ്റും ടൂറിസ്റ്റ് വിസയും കൈയിലുള്ളവര്‍ക്ക് മാത്രമാണ് ഖത്തറിലേക്ക് യാത്രാനുമതിയുള്ളത്. ലോകകപ്പ് അടുക്കുംതോറും യു.എ.ഇയില്‍ താമസിച്ച് മത്സരങ്ങള്‍ കാണാന്‍ പോകാന്‍ ആഗ്രഹിക്കുന്ന രാജ്യാന്തര ഫുട്ബാള്‍ ആരാധകരുടെ ഹോട്ടല്‍ മുറികള്‍ക്കുള്ള ആവശ്യം വര്‍ധിച്ചിട്ടുണ്ട്. നഗരത്തിലെ ഹോട്ടലുകളില്‍ ലോകകപ്പ് ദിവസങ്ങളിലേക്ക് ബുക്കിങ്ങിന് ഇപ്പോള്‍ തന്നെ തിരക്ക് ആരംഭിച്ചു. ഖത്തറില്‍ ബുക്കിങ് നേരത്തെ തന്നെ തുടങ്ങിയതിനാല്‍ അടുത്ത ഓപ്ഷന് എന്നനിലയിലാണ് ദുബൈയെ തിരഞ്ഞെടുക്കുന്നത്.