കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാണ്. നിരവധി പേരെ പുറത്താക്കുന്നു, ബി.ജെ.പി സര്‍ക്കാര്‍ നിശബ്ദമാണ് . രാജ്യത്തെ ഈ ഭീകരമായ മാന്ദ്യത്തിന് ആരാണ് ഉത്തരവാദികള്‍?’ ;  രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്റെ നിശബ്ദത അപകടകരമാണെന്ന് പ്രിയങ്കാ ഗാന്ധി ; രക്ഷിക്കാന്‍ കോണ്‍ഗ്രസ് വരട്ടെയെന്ന് ശശിതരൂര്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, August 19, 2019

ഡല്‍ഹി : രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്റെ നിശബ്ദത അപകടകരമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യത്തെ വ്യവസായങ്ങള്‍ നിശ്ചലമാവുകയാണെന്നും ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാവുകയാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

നിരവധി കമ്പനികള്‍ അടച്ചുപൂട്ടിയതിന്റെയും ഇതുവഴി നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായതും കാണിക്കുന്ന പത്രവാര്‍ത്തകളോടെയായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

‘സര്‍ക്കാരിന്റെ നിശബ്ദത അപകടകരമാണ്. കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാണ്. നിരവധി പേരെ പുറത്താക്കുന്നു, ബി.ജെ.പി സര്‍ക്കാര്‍ നിശബ്ദമാണ്. എല്ലാത്തിനുമുപരി, രാജ്യത്തെ ഈ ഭീകരമായ മാന്ദ്യത്തിന് ആരാണ് ഉത്തരവാദികള്‍?’ എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

അതേസമയം പ്രിയങ്കയുടെ ട്വീറ്റിന് ശശി തരൂര്‍ എം.പി നല്‍കിയ മറുപടി കോണ്‍ഗ്രസ് തിരിച്ചുവരട്ടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കൂവെന്നായിരുന്നു.

‘നമ്മള്‍ ഇപ്പോള്‍ എവിടെയാണ് എന്നത് കാണിക്കുന്ന ലളിതമായ ഉദാഹരണമാണിത്. കോണ്‍ഗ്രസ് തിരിച്ചുവരട്ടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കൂ.’ എന്നായിരുന്നു ശശിതരൂരിന്റെ മറുപടി.

×