പ്രിയങ്ക ചോപ്ര- നിക്ക് ജൊനാസ് ദമ്പതികൾ അമേരിക്കയിൽ സ്വന്തമാക്കിയത് 144 കോടിയുടെ ആഢംബര വീട്

ഫിലിം ഡസ്ക്
Friday, November 15, 2019

പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും ലൊസ് ആഞ്ചൽസിൽ സ്വന്തമാക്കിയത് ഏഴ് കിടപ്പ് മുറികളുള്ള അത്യാഢംബര ഭവനം. വിവാഹശേഷം മുംബൈയിലും ന്യൂയോർക്കിലുമായി താമസിക്കുകയായിരുന്ന താരങ്ങൾ ഇപ്പോഴാണ് അമേരിക്കയിൽ വീട് വാങ്ങിച്ചിരിക്കുന്നത്.

ഏതാണ്ട് 20 മില്യൻ ഡോളറാണ് (144 കോടി) 20,000 സ്‌ക്വയർ ഫീറ്റുളള വീടിന്റ വില. ഈ വീട്ടിൽ നിന്ന് നിക്കിന്റെ സഹോദരനായ ജോ ജൊനാസിന്റെ വീട്ടിലേക്ക് മൂന്നു മൈൽ അകലമേയുള്ളൂ.

ജോ ജൊനാസ് 15,000 സ്‌ക്വയർ ഫീറ്റുളള വീടിന് ഏതാണ്ട് 14.1 മില്യൻ ഡോളറാണ് വില നൽകിയത്. ഗായകനായ ജോയുടെയും ഗെം ഓഫ് ത്രോൺസ് അഭിനേത്രി സോഫിയയുടെയും വീട്ടിൽ 10 ബെഡ്റൂമുകളും 14 ബാത്റൂമുകളുമുണ്ട്.

പ്രിയങ്ക-നിക് ദമ്പതികളുടെ വീട്ടിൽ ഏഴ് ബെഡ്റൂമുകളും 11 ബാത്റൂമുകളുമാണുള്ളതെന്നാണ് വിവരം. വിശാലമായ മുറ്റവും മരത്തടിയിലുള്ള സീലിങ്ങുകളും, ഗ്ലാസിൽ തീർത്ത സ്റ്റെയർകേസും, വലിയ ഡൈനിങ് റൂമും, വീട്ടിലുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിൽ നിക് താമസിച്ചിരുന്ന വീട് വിറ്റിരുന്നു. 6.9 മില്യൻ ഡോളറിന് വീട് വിറ്റത് പ്രിയങ്കയ്ക്കൊപ്പം കുറച്ച് കൂടി വലിയ വീട്ടിലേക്ക് മാറാനാണെന്നായിരുന്നു വാർത്തകൾ.

ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. 2018 ഡിസംബർ 1നായിരുന്നു പ്രിയങ്ക- നിക്ക് ജോഡികളുടെ കല്യാണം. ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിൽ രണ്ട് മതാചാരങ്ങൾ പ്രകാരവും വിവാഹം നടന്നു.

×