ഇന്ദിരാഗാന്ധിയുടെ മൃദു ഹിന്ദുത്വ നയം ഏറ്റെടുത്ത് പ്രിയങ്കയുടെ പുതിയ നീക്കം ! പിന്തുണച്ച് എഐസിസി ! പുതിയ നയം പ്രാദേശിക വികാരങ്ങൾക്കനുസരിച്ചെന്ന് ലീഗിനോട് കോൺഗ്രസ് ! മുസ്ലിം സംഘടനകളുടെ എതിർപ്പ് പറഞ്ഞു തീർക്കാൻ കെപിസിസിയോട് ആവശ്യപ്പെട്ട് എഐസിസി ! നാളത്തെ ലീഗ് യോഗം പ്രകോപനമാകില്ല !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, August 4, 2020

ഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രിമാരിൽ ആദ്യമായി മൃദു ഹിന്ദുത്വ നിലപാട് കൈക്കൊണ്ട നേതാവ് ഇന്ദിരാഗാന്ധിയായിരുന്നു. ഇന്ദിരയുടെ ഭരണസംവിധാനങ്ങളിലും ഇന്ദിര നയിച്ച കോൺഗ്രസിലും ഹിന്ദു മേധാവിത്വം പ്രകടമായിരുന്നു.

പിന്നീട് മതേതര പാർട്ടിയെന്ന് കോൺഗ്രസിനെ വിശേഷിപ്പിക്കുന്നതിൽ ആവേശം കാണിച്ചവരായിരുന്നു കോൺഗ്രസിനെയും കേന്ദ്ര സർക്കാരിനെയും നയിച്ച കോൺഗ്രസ് നേതൃത്വം.

ഇപ്പോൾ ആ നയം തിരുത്തി രംഗത്തുവന്നിരിക്കുകയാണ് ഇന്ദിരയുടെ കൊച്ചുമകൾ പ്രിയങ്ക. പ്രകടമായ മൃദു ഹിന്ദുത്വ സമീപനം ഉയർത്തിപിടിച്ചുകൊണ്ടാണ് രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രിയങ്കയുടെ ഇന്നത്തെ പ്രസ്താവന.

ക്ഷേത്ര നിർമ്മാണത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും, സാംസ്കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.

ഇന്നലെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്‌ രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചപ്പോൾ അതിനെതിരെ മുസ്ലിംലീഗ് രംഗത്തുവരികയും ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയശേഷമേ പ്രതികരണത്തിനുള്ളു എന്നു വ്യക്തമാക്കുകയുമായിരുന്നു.

ഇതോടെ കമൽനാഥിനെ എഐസിസി തള്ളിപ്പറയും എന്ന് ലീഗും മറ്റ് മുസ്ലിം സംഘടനകളും കരുതിയിരിക്കുമ്പോഴാണ് പാർട്ടിയുടെ ഏറ്റവും പ്രമുഖ നേതാവുതന്നെ കൂടുതൽ ശക്തമായ പ്രതികരണവുമായി രംഗത്തുവന്നത്.

മാത്രമല്ല, തൊട്ടുപിന്നാലെ എഐസിസി അതിനു പിന്തുണയുമായി രംഗത്തുവരികയും ചെയ്തു. ഇതോടെ മുസ്ലിംലീഗ് ചൊടിച്ചിരിക്കുകയാണ്. മാത്രമല്ല, സംസ്ഥാന നേതൃയോഗം അവർ കോഴിക്കോട് വിളിക്കുകയും ചെയ്തു.

ലീഗ് പിണങ്ങിയാൽ ദേശീയ തലത്തിൽ കോൺഗ്രസിന് പ്രശ്നമല്ല. പക്ഷെ കേരളത്തിൽ മുസ്ലിംലീഗ് പിണങ്ങിയാൽ പിന്നെ യുഡിഎഫിന്റെ കാര്യം അധോഗതിയാണ്. കേരളാ ഘടകത്തോട് ലീഗിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നിർദേശം.

അതായത് മൃദു ഹിന്ദുത്വ നിലപാടിൽ നിന്ന് പിന്നോക്കം പോകാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. എന്നാൽ കോണ്‍ഗ്രസിന്‍റെ ന്യായീകരണങ്ങള്‍ മുസ്ലിംലീഗിനും മറ്റ് മുസ്ലിം പാര്‍ട്ടികള്‍ക്കും തള്ളിക്കളയാനും കഴിയില്ല.

കാരണം ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് പ്രിയങ്കയുടെ പ്രതികരണമെന്നും സംസ്ഥാനത്തെ പ്രാദേശിക വിഷയത്തില്‍ ഒഴിച്ചുകൂടാനാകാത്തതാണ് ഇതെന്നുമാണ് കോണ്‍ഗ്രസിന്‍റെ വിശദീകരണം.

അയോധ്യ ഭൂമിയിലെ തര്‍ക്കം സുപ്രിം കോടതി വിധിയോടെ അവസാനിച്ചതാണ്. എല്ലാവരും അംഗീകരിച്ച കോടതി തീരുമാനപ്രകാരമാണ് രാമക്ഷേത്ര നിര്‍മ്മാണം. അതംഗീകരിക്കാതെ തരമില്ല. യുപിയില്‍ ബിജെപി നിലവിലെ സാഹചര്യത്തില്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. ആ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ചുള്ള നിലപാട് മാത്രമെ രാമക്ഷേത്ര നിര്‍മ്മാണത്തിലും സ്വീകരിക്കാനാകൂ.

എഐസിസി അംഗീകരിച്ചത് യുപിയിലെ സംസ്ഥാന വിഷയത്തില്‍ പ്രിയങ്കയുടെ നിലപാടാണ്. ഇങ്ങനെയാണ് കോണ്‍ഗ്രസിന്‍റെ വിശദീകരണം. എന്തായാലും എടുത്തുചാടി മുസ്ലിംലീഗ് മറിച്ചൊരു നിലപാട് സ്വീകരിക്കില്ലെന്ന് കോണ്‍ഗ്രസിനുറപ്പുണ്ട്. അതേസമയം കോണ്‍ഗ്രസ് ഭാവിയിലേയ്ക്കും ഈ നിലപാട് തുടരുകയാവും ചെയ്യുക.

×