ഫാത്തിമ ലത്തീഫിന്റെ കുടുംബത്തിന് പിന്തുണ അർപ്പിച്ച് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ

ന്യൂസ് ബ്യൂറോ, കൊല്ലം
Saturday, November 16, 2019

കൊല്ലം : ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ നീതി നേടി കുടുംബം നടത്തുന്ന പോരാട്ടത്തിന് കേരളത്തിന്റെ ഒറ്റക്കെട്ടായുള്ള പിന്തുണ. രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിന്ന് നിരവധി പ്രമുഖ നേതാക്കളാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പിന്തുണ അറിയിച്ച് കൊണ്ട് കൊല്ലം രണ്ടാം കുറ്റിയിലെ ഇവരുടെ വീട്ടിലെത്തിയത്. കൊല്ലം എംപി എൻകെ പ്രേമചന്ദ്രനും മേയർ വി രാജേന്ദ്രബാബുവും കുടുംബത്തിനൊപ്പം കുടുംബത്തിന് പിന്തുണയർപ്പിച്ച് രംഗത്തെത്തിയിരുന്നു.

ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ രാവിലെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാത്രിയും കൊല്ലത്തെ വീട്ടിലെത്തി ഇവർക്ക് പിന്തുണ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിൽ സമീപകാലങ്ങളിലായി നടന്ന് വരുന്ന വിവേചനങ്ങൾ പരിശോധിക്കണമെന്നായിരുന്നു ജലീലിന്റെ അഭിപ്രായം. എല്ലാ ദുരൂഹതകളും നീക്കുന്ന തരത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇരവിപുരം എംഎൽഎ എം നൗഷാദാണ് വിഷയം സബ്മിഷനായി നിയമസഭയിൽ ഉന്നയിച്ചത്. അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാനും ബിന്ദുകൃഷ്ണയും ഒന്നിച്ചായിരുന്നു ഫാത്തിമയുടെ വീട്ടിലെത്തിയത്. കേസന്വേഷണത്തിന്റെ വിശദാംശങ്ങൾ അരാഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തമിഴ്‌നാട് ഡിജിപിയെ ബന്ധപ്പെട്ടു.

കെഎസ്‌യു, എസ്എഫ്‌ഐ, എംഎസ്എഫ് തുടങ്ങിയ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്താനങ്ങളുടെ സംസ്ഥാന പ്രതിനിധികളും ഫാത്തിമയുടെ വീട്ടിൽ നേരിട്ടെത്തി പിന്തുണ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലും ഫാത്തിമ ലത്തീഫിന് നീതി തേടിയുള്ള ക്യാമ്പയിൻ സജീവമാണ്.

×