Advertisment

ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കണമെന്ന് കെ. സുധാകരന്‍; സിപിഎം എന്ന പാർട്ടിക്ക് വേണ്ടി പാർട്ടി നിയമിച്ച വെറും പാർട്ടിക്കാരി എന്ന നിലയിൽത്തന്നെയായിരുന്നു ജോസഫൈൻ എന്നും പ്രവർത്തിച്ചിരുന്നതെന്ന് വി.ടി. ബല്‍റാം-പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെതിരെ പ്രതിഷേധം ഉയരുന്നു; സിപിഎം പ്രതിരോധത്തില്‍! ജോസഫൈനെതിരെ നടപടിയ്ക്ക് സാധ്യത

New Update

publive-image

Advertisment

തിരുവനന്തപുരം: പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ ക്രൂരയായ ജയില്‍ വാര്‍ഡനെ ഓര്‍മിപ്പിക്കുന്നുവെന്നും പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണമെന്നും സംവിധായകന്‍ ആഷിഖ് അബു ആവശ്യപ്പെട്ടു.

നിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തണമെന്ന് സിപിഎം നേതാവ് പി.കെ. ശ്രീമതി പറഞ്ഞു.സിപിഐ യുവജന സംഘടനയായ എ.ഐ.എസ്.എഫും ജോസഫൈനെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടു.

സംഭവത്തില്‍ കെ. സുധാകരന്റെ പ്രതികരണം

ഇന്നലെ എം സി ജോസഫൈൻ എന്ന വനിതാ കമ്മീഷൻ അധ്യക്ഷയെ ഭർതൃവീട്ടിൽ പീഡനം അനുഭവിക്കുന്ന സ്ത്രീ വിളിച്ചിട്ടുണ്ടാവുക ഒരുപക്ഷേ അവസാന ആശ്രയം എന്ന നിലയിൽ ആയിരിക്കും. അവരുടെ ഭൗതിക സാഹചര്യം എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് ഒരു തൽസമയ ചാനൽ പരിപാടിയിൽ ജോസഫൈൻ അവരെ അപമാനിച്ചത്. അവർക്ക് പൊലീസ് സ്റ്റേഷനിൽ പോകാനോ സ്വന്തമായി ഒരു ഫോൺ ഉപയോഗിക്കാനെങ്കിലുമോ ഉള്ള ഭൗതിക സാഹചര്യം ഉണ്ടോയെന്ന കാര്യത്തിൽ നമുക്കാർക്കും ഉറപ്പില്ല.

ജോസഫൈനെ വിളിക്കാൻ അവർ ആ ഫോണും അവസരവും നേടിയത് പോലും ഒരു പക്ഷേ പല ഭീഷണികളേയും മറികടന്നായിരിക്കാം. എല്ലാവർക്കും പൊലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടാനുള്ള സാഹചര്യം ഉണ്ടാകുമെങ്കിൽ സർക്കാർ എന്തിനാണ് ഹെൽപ്പ് ലൈൻ നമ്പറുകൾ പരസ്യപ്പെടുത്തിയത് എന്ന് പോലും ആലോചിക്കാനുള്ള ബോധമില്ലാത്ത വ്യക്തിയാണ് വനിതാ കമ്മിഷന്റെ തലപ്പത്ത് എന്നത് ദൗർഭാഗ്യകരമാണ്. സർക്കാർ സംവിധാനങ്ങളിൽ ഉള്ള പ്രതീക്ഷ കൂടി നഷ്ടപ്പെടുത്തി പീഡനം അനുഭവിക്കുന്ന ഒരുപാട് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് അടക്കം തള്ളി വിടുന്നതാണ് ജോസഫൈന്റെ ഇരയോടുള്ള ആ തൽസമയ പ്രതികരണം.

സിപിഎം പ്രവർത്തകർ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുമ്പൊൾ ആ പ്രതികളെ സംരക്ഷിക്കാനുള്ള ഒരു സഹകരണ സംഘം എന്ന നിലയിലാണ് വനിതാ കമ്മീഷൻ കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. ജോസഫൈനെ മാറ്റി നിർത്തി അവരുടെ പരിഗണനയിൽ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം ഉണ്ടാകണം.

വിമര്‍ശനവുമായി വി.ടി. ബല്‍റാം

അഞ്ച് വർഷമാണ് കേരളത്തിൽ വനിതാ കമ്മീഷൻ്റെ കാലാവധി. ഇപ്പോഴത്തെ കമ്മീഷൻ വന്നിട്ട് നാലര വർഷം കഴിയാറായി. എന്നിട്ടിപ്പോൾ മാത്രമാണ് പല ''ഇടതുപക്ഷ", "സ്ത്രീപക്ഷ", "നവോത്ഥാന പക്ഷ" പ്രൊഫൈലുകൾക്കും എംസി ജോസഫൈൻ അത്ര ഫൈനല്ല എന്ന് പറയാൻ നാവു പൊന്തുന്നത്. ജോസഫൈൻ പുതുതായി അപ്രതീക്ഷിതമായ തരത്തിൽ എന്തോ പെരുമാറി എന്ന മട്ടിൽ.

ഈ നാലര വർഷവും വനിതാ കമ്മീഷൻ അധ്യക്ഷയുടെ രീതികൾ ഇങ്ങനെത്തന്നെയായിരുന്നു എന്ന് കേരളത്തിലാർക്കും അറിയാത്തതല്ല. ഒരു അർദ്ധ ജുഡീഷ്യൽ അധികാര സ്ഥാനത്തിരിക്കുന്ന നിഷ്പക്ഷയും നീതിബോധവുമുള്ള വ്യക്തി എന്ന നിലയിലല്ല, സിപിഎം എന്ന പാർട്ടിക്ക് വേണ്ടി പാർട്ടി നിയമിച്ച വെറും പാർട്ടിക്കാരി എന്ന നിലയിൽത്തന്നെയായിരുന്നു ജോസഫൈൻ എന്നും പ്രവർത്തിച്ചിരുന്നത്. അവരുടെ ഈ അറഗൻസും എമ്പതിയില്ലായ്മയും തുടക്കം മുതലേ പ്രകടമായിരുന്നു.

സിപിഎം നേതാക്കൾക്കെതിരെ ആരോപണങ്ങളുയർന്ന ഘട്ടങ്ങളിലൊക്കെ ജോസഫൈൻ സ്വീകരിച്ച ഇരട്ടത്താപ്പുകൾ ഇപ്പോഴത്തെ പല വിമർശകരും അന്ന് കണ്ടതായിപ്പോലും നടിച്ചിരുന്നില്ല. പീഡനത്തിനിരയാകുന്ന വനിത സഖാക്കളെ നിശ്ശബ്ദരാക്കാൻ സിപിഎമ്മിൻ്റെ ഖാപ് പഞ്ചായത്ത് തീവ്രതാ മാനദണ്ഡങ്ങളുപയോഗിച്ച് കടന്നു വരുമ്പോഴും "ഞങ്ങളുടെ പാർട്ടി ഒരു കോടതിയാണ്, പോലീസാണ്" എന്ന് പറഞ്ഞ് പാർട്ടിയെ മഹത്വവൽക്കരിക്കാനാണ് ജോസഫൈൻ ശ്രമിച്ചത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു ദലിത് വനിതയെ സിപിഎം സംസ്ഥാന സെക്രട്ടറി അശ്ലീല ഭാഷയിൽ അധിക്ഷേപിച്ചപ്പോൾ "അദ്ദേഹത്തെ പലരും ശക്തമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ടല്ലോ, അത് തന്നെയാണ് ഏറ്റവും വലിയ ശിക്ഷ" എന്ന് വിധിയെഴുതിയ പാർട്ടിക്കാരിയാണ് സഖാവ് എംസി ജോസഫൈൻ. അന്നൊക്കെ അതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയവരെ വട്ടം കൂടി വന്ന് ആക്രമിക്കാനായിരുന്നു പലർക്കും തിടുക്കം.

അല്ലെങ്കിൽത്തന്നെ സിപിഎമ്മിൻ്റെ എല്ലാ നിയമനങ്ങളും ഇങ്ങനെത്തന്നെയാണല്ലോ. അതിൽ ചിലത് എങ്ങാനും ക്ലിക്കായാൽ ഉടനെ അവരെ "വളർത്തിയെടുത്ത സംവിധാന''ത്തിന് ക്രഡിറ്റ് എടുക്കണം, വാഴ്ത്തിപ്പാടണം. ക്ലിക്കായില്ലെങ്കിലോ, ആ വ്യക്തികളെ സെലക്റ്റീവായി തള്ളിപ്പറഞ്ഞ് "സംവിധാന"ത്തിൻ്റെ മഹത്വ പരിവേഷം അപ്പോഴും സംരക്ഷിക്കണം. 53 ലക്ഷത്തോളം ഹോണറേറിയവും യാത്രാബത്തയും ഇതിനോടകം കൈപ്പറ്റിയ വനിതാ കമ്മീഷനും 11 കോടിയിലേറെ പൊതു ഖജനാവിന് ബാധ്യതയായ ഭരണ പരിഷ്ക്കരക്കമ്മീഷനുമൊക്കെ എന്ത് ക്രിയാത്മക സംഭാവനയാണ് കേരളത്തിന് നൽകിയത് എന്നതിനുത്തരം പറയേണ്ടത് ആ വ്യക്തികൾ മാത്രമല്ല, അവരെ നിയമിച്ച "സംവിധാനം" കൂടിയാണ്.

ചുരുക്കിപ്പറഞ്ഞാൽ, ഏതാനും മാസങ്ങൾക്കുള്ളിൽ കാലാവധി കഴിഞ്ഞ് എംസി ജോസഫൈനെ ആ സ്ഥാനത്തു നിന്ന് സ്വാഭാവികമായി മാറ്റുമ്പോഴോ, നിൽക്കക്കള്ളിയില്ലാതെ അതിന് മുൻപ് തന്നെ അവർക്ക് ഒഴിഞ്ഞു പോവേണ്ടി വന്നാലോ "പിണറായി ഡാ" എന്ന് പോസ്റ്റിടാൻ വേണ്ടി മുൻകൂട്ടി കളമൊരുക്കി വക്കുകയാണീ അഭിനവ വിമർശകർ. അപ്പോഴും അവരെ അഞ്ച് വർഷം കേരള ജനതക്ക് മേൽ കെട്ടിയേൽപ്പിച്ച "സംവിധാന"ങ്ങൾക്ക് യാതൊരു ഓഡിറ്റിംഗും ഉണ്ടാകരുത് എന്ന് അവർക്ക് നിർബ്ബന്ധമുണ്ടെന്ന് മാത്രം.

അതേസമയം, പ്രതിഷേധം വ്യാപകമാകുമ്പോഴും ജോസഫൈനെ പിന്തുണച്ച് ഇതുവരെ സര്‍ക്കാരോ സിപിഎമ്മോ രംഗത്തെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടി അണികളില്‍ നിന്ന് പോലും വനിതാ കമ്മീഷനെതിരെ രൂക്ഷമായ പ്രതികരണം വന്നതോട് കൂടി സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. നേരത്തെയും വിവാദ പരാമര്‍ശങ്ങള്‍ നടത്തി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ജോസഫൈനെതിരെ ഇത്തവണ നടപടിയുണ്ടാകുമെന്നാണ് സൂചന.

congress cpm protest mc josephine
Advertisment