കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര പാര്‍സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ ബി സുനില്‍ കുമാര്‍ കസ്റ്റംസിന് മറുപടി നല്‍കി, മന്ത്രി ജലീലിന് കുരുക്ക് മുറുകുന്നു.

New Update

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങളാണ് ഇറക്കുമതി ചെയ്തതെന്ന മന്ത്രി കെ.ടി ജലീലിന്റെ അവകാശവാദത്തിനെതിരെ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര പാര്‍സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ ബി സുനില്‍ കുമാര്‍ കസ്റ്റംസിന് മറുപടി നല്‍കി. ആര് വേണമെങ്കിലും അന്വേഷണം നടത്തട്ടെയെന്നാണ് ജലീലിന്റെ ഇപ്പോഴത്തെ നിലപാട്. സര്‍ക്കാര്‍ സ്ഥാപനമായ സിആപ്റ്റ് വഴിയാണ് ഖുറാന്‍ മലപ്പുറത്തും മറ്റും വിതരണം നടത്തിയത്.

Advertisment

publive-image

സംസ്ഥാനത്തേക്ക് എത്തുന്ന ഡിപ്ലോമാറ്റിക് ബാഗേജുകള്‍ക്ക് അനുമതി നല്‍കുന്നത് പ്രോട്ടോകോള്‍ ഓഫീസറാണ്. ഇദ്ദേഹത്തിന്റെ സമ്മതപത്രം ഹാജരാക്കിയാല്‍ മാത്രമെ പാഴ്സല്‍ വിട്ടുനല്‍കൂ. പാഴ്സല്‍ വിട്ടു നല്‍കിയതായി അറിയിച്ച് പ്രോട്ടോകോള്‍ ഓഫീസര്‍ക്കും കത്തു നല്‍കും. എന്നാല്‍ രണ്ടു വര്‍ഷമായി ഇത്തരത്തിലുള്ള ഒരു നടപടി ക്രമങ്ങളും നടന്നിട്ടില്ല.

നയതന്ത്ര പാഴ്സലായാണ് മതഗ്രന്ഥങ്ങള്‍ എത്തിയതെന്നാണ് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞത്. സ്വര്‍ണക്കടത്ത് കേസില്‍ മതഗ്രന്ഥങ്ങളെ മറയാക്കി മന്ത്രി കെ.ടി ജലീല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ കുറ്റപ്പെടുത്തി.

യുഎഇ കോണ്‍സുലേറ്റുമായി മന്ത്രി കെ.ടി ജലീല്‍ പല കാര്യങ്ങള്‍ക്കും ബന്ധപ്പെട്ടത് പ്രോട്ടോകോള്‍ ലംഘിച്ചാണെന്ന് അന്വേഷണ ഏജന്‍സികള്‍ വിദേശകാര്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മന്ത്രിമാര്‍ നേരിട്ട് വിദേശ രാജ്യങ്ങളുടെ ഓഫീസുമായി ബന്ധപ്പെടരുതെന്ന നിര്‍ദേശം ലംഘിച്ച ജലീല്‍ 2018-ന് ശേഷം നിരവധി തവണ സ്വകാര്യ സന്ദര്‍ശനങ്ങള്‍ തിരുവനന്തപുരത്തെ കോണ്‍സുലേറ്റ് ഓഫീസിലേക്ക് നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചട്ടലംഘനങ്ങള്‍ സംബന്ധിച്ച് നടപടിയെടുക്കേണ്ടതും വിദേശകാര്യ മന്ത്രാലയമാണ്. പ്രോട്ടോകോള്‍ ഓഫീസറെ ഒഴിവാക്കിയാണ് ജലീല്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സി ജലീലിന്റെ മൊഴി രേഖപ്പെടുത്താനും സാധ്യതയുണ്ട്.

തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗത്തില്‍നിന്നു രേഖകള്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നല്‍കിയത്. മതഗ്രന്ഥങ്ങള്‍ സ്വീകരിച്ചതിനു പുറമേ മറ്റെന്തെങ്കിലും ഇടപാടുകള്‍ ജലീലിന്റെ ഭാഗത്തുനിന്നുണ്ടായോ എന്നാണു പരിശോധിക്കുന്നത്.

കോണ്‍സുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത വരുത്താന്‍ വരുംദിവസങ്ങളില്‍ ജലീലിന്റെ മൊഴി രേഖപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. മതഗ്രന്ഥം ഉള്‍പ്പെടെയുള്ള പാഴ്സലുകള്‍ കോണ്‍സുലേറ്റിലെത്തിയ തീയതികളിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.

എന്‍ഐഎ സംഘം സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുക്കാന്‍ സെക്രട്ടേറിയേറ്റില്‍ നേരത്തെ എത്തിയിരുന്നു. നയതന്ത്ര ബാഗുകള്‍ സംസ്ഥാനത്തിന്റെ അറിവോടെ എത്ര തവണ എത്തി എന്ന കാര്യത്തിലെ വിവര ശേഖരണത്തിനാണ് എന്‍ഐഎ സംഘമെത്തിയത്. സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും എന്‍ഐഎ സംഘം ചര്‍ച്ച നടത്തിയിരുന്നു.

Advertisment