അല്ല അച്ഛോ എന്തൂട്ടാ ഈ സുന?’ പൊട്ടിച്ചിരിപ്പിച്ച് ‘സുനാമി’ ട്രെയ്‌ലര്‍

ഫിലിം ഡസ്ക്
Sunday, February 28, 2021

ലാല്‍ കഥയും തിരക്കഥയും ഒരുക്കി മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ‘സുനാമി’യുടെ ട്രെയ്‌ലര്‍ പുറത്ത്. പൊട്ടിച്ചിരിപ്പിക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ആരാധന ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്‍, സിനോജ് വര്‍ഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ചിത്രത്തിന്റെതായി നേരത്തെ എത്തിയ ടീസറുകളും പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഫാമിലി എന്റര്‍ടെയ്നറായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് ലോക്ഡൗണിന് പിന്നാലെയാണ് പൂര്‍ത്തിയാക്കിയത്. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യാക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ്.

അനഘ, ഋഷ്ദാന്‍ എന്നിവര്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നു. പ്രവീണ്‍ വര്‍മയാണ് കോസ്റ്റ്യൂം ഡിസൈന്‍. അനൂപ് വേണുഗോപാലാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 11ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

×