കൊച്ചി: തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന കൃത്യമായ മാർഗനിർദേശം പിടി തോമസ് നൽകിയിരുന്നുവെന്ന് വിശ്വസ്ത സുഹൃത്തായ ഡിജോ കാപ്പൻ. ഒരു മാസം മുമ്പ് ഡിജോ കാപ്പനുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന നിർദേശം പിടി തോമസ് നൽകിയത്.
/sathyam/media/post_attachments/K5QoM9fGn5N26Ijz74yN.jpg)
കൊച്ചി രവിപുരത്തെ ശ്മശാനത്തിൽ വേണം തന്നെ സംസ്കരിക്കാൻ. ചിതാഭസ്മത്തിൽ കുറച്ച് ഉപ്പുതോട്ടിലെ അമ്മയുടെ കല്ലറയ്ക്ക് അകത്ത് വയ്ക്കണം. മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമ്പോൾ റീത്ത് വയ്ക്കാൻ പാടില്ല.
വയലാറിൻ്റെ 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം' എന്ന ഗാനം പൊതുദർശനത്തിനിടെ ശാന്തമായി കേൾപ്പിക്കണം. തൻ്റെ പേരിലുള്ള സ്വത്തുവകകൾ ഭാര്യ ഉമയ്ക്ക് സ്വതന്ത്രമായി വീതം വയ്ക്കാം, എന്നിങ്ങനെയാണ് പിടി നൽകിയ നിർദേശം.
വെല്ലൂരിൽ ചികിത്സയിൽ തുടരുന്നതിനിടെ നവംബർ 22-നാണ് ഡിജോ കാപ്പനെ പിടി ഫോണിൽ വിളിച്ചത്. ഉമ അറിയാതെയാണ് വിളിക്കുന്നതെന്നും താൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണമെന്നും രഹസ്യമായി സൂക്ഷിക്കണമെന്നുമുള്ള കർശന നിർദേശത്തോടെയാണ് തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് ഡിജോയ്ക്ക് നിർദേശം നൽകിയത്.