പിടി തോമസിന് കണ്ണീരോടെ വിട നല്‍കി ജന്മനാട് ! കൊടും തണുപ്പിനിടയിലും ഇന്നലെ അര്‍ധരാത്രി കമ്പംകെട്ട് മുതല്‍ പുലര്‍ച്ചെ തൊടുപുഴ വരെ പിടിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍; പിടിയുടെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് സഹപ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാക്കളും, നാട്ടുകാരും! ഇടക്കാലത്ത് പിടിയോട് പിണങ്ങിയ ഇടുക്കിക്കാര്‍ പിടിയെ യാത്രയാക്കിയത് കൊടുംമഞ്ഞില്‍ മണിക്കൂറുകളോളം കാത്തുനിന്ന് വേദനയോടെ !

New Update

തൊടുപുഴ: കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരന് വിട ചൊല്ലി ജന്മനാട്. പിടി തോമസിന് യാത്രാമൊഴിയേകാന്‍ പതിനായിരങ്ങളാണ് ഇന്നു പുലര്‍ച്ചെ മുതല്‍ ഒഴുകിയെത്തിയത്. ഇടുക്കി ജില്ലയില്‍ നിന്നും മാത്രമല്ല, സമീപ ജില്ലകളില്‍ നിന്നും നിരവധി പേരാണ് പിടിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയത്.

Advertisment

publive-image

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് പുലര്‍ച്ച 2.30ഓടെ സംസ്ഥാന അതിര്‍ത്തിയില്‍ എത്തിയ മൃതദേഹം ജില്ലാ കളക്ടറും ഇടുക്കി എം പി ഡീന്‍ കുര്യാക്കോസും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.

മൂന്നുമണിയോടെ കൊടുംതണുപ്പിനിടെ കട്ടപ്പന ടൗണിലേക്ക് മൃതദേഹവും വഹിച്ചുള്ള ആമ്പുലന്‍സ് എത്തിയതോടെ അതുവരെ അടക്കിപ്പിടിച്ച വികാരം തേങ്ങലും അലമുറയുമായി. പ്രായമായ പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിലവിളിച്ചു. പിടിയോടുള്ള മലയോര ജനതയുടെ സ്‌നേഹ വായ്പുകളാണ് കട്ടപ്പനയില്‍ കണ്ടു തുടങ്ങിയത്.

പിന്നീട് മൃതദേഹം ഇടുക്കി ഉപ്പുതോടിലെ വീട്ടിലേക്ക്. ആയിരങ്ങളാണ് പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വീട്ടിലെത്തിയത്. പാലാ, ഇടുക്കി ബിഷപ്പുമാര്‍ പി ടിയുടെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നീട് ഏറെ വൈകി മൃതദേഹം തൊടുപുഴയിലേക്ക്. റോഡിനിരുവശവും പുലര്‍ച്ചതന്നെ നൂറുകണക്കിനാളുകളാണ് പിടിയെ അവസാനമായി ഒന്നു കാണാന്‍ കാത്തുനിന്നത്.

publive-image

തൊടുപുഴയില്‍ പുലര്‍ച്ചെ അഞ്ചുമണി മുതല്‍ വലിയ ജനാവലിയാണ് എത്തിയത്. ഏറെ വൈകി എട്ടുമണിയോടെ മൃതദേഹം തൊടുപുഴയില്‍ രാജീവ് ഭവനില്‍ എത്തിച്ചു. പതിറ്റാണ്ടുകള്‍ പിടിയുടെ തട്ടകമായ തൊടുപുഴയിലും പതിനായിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

വിങ്ങിപ്പൊട്ടലോടെയാണ് പല പ്രവര്‍ത്തകരും പിടിയെ അവസാനമായി കാണാനെത്തിയത്. പിടിയുടെ കര്‍മ്മ മണ്ഡലമായ ഇടുക്കി പിടിയെ യാത്രയാക്കിയത് ഇടക്കാലത്ത് അദ്ദേഹത്തെ തള്ളിപ്പറഞ്ഞതിന്റെ വേദനകൂടി ഉള്‍കൊണ്ടാണെന്ന് വ്യക്തം. കോണ്‍ഗ്രസിലെ രണ്ടാം നിരനേതാക്കളില്‍ ഏറ്റവും പ്രമുഖനായ നേതാവിന് നല്‍കാനാവുന്ന എല്ലാ അംഗീകാരവും നല്‍കി തന്നെയാണ് യാത്രയാക്കുന്നത്‌.

Advertisment