കൊച്ചി: അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ പാര്‍ലമെന്ററി തലത്തിലും സംഘടനാ തലത്തിലും പിടി തോമസിനെ തേടിയെത്തിയോ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലാതെ പറയാനാവുന്ന ഉത്തരം ഇല്ല എന്നു തന്നെയാണ്.
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയം കത്തി നിന്ന സമയത്ത് എ ഗ്രൂപ്പിന്റെ തന്ത്രഞ്ജനും കുന്തമുനയുമായിരുന്ന പിടിയെ പക്ഷേ നേതൃത്വം പദവികളുടെ കാര്യത്തില്‍ തഴഞ്ഞു എന്നതാണ് സത്യം. പിടിയെക്കാള്‍ ജൂണിയറായ പലരും മന്ത്രിയും പാര്‍ട്ടി പദവികളില്‍ തലയെടുപ്പുള്ളവയും സ്വന്തമാക്കിയപ്പോള്‍ പിടി അതിന്റെ പിന്നാലെ നടന്നതുമില്ല.
കോണ്‍ഗ്രസില്‍ പിടി തോമസിനെപ്പോലൊരു സംഘാടകന്‍ ഇനിയുണ്ടോ എന്ന കാര്യം സംശയമാണ്. പിടി തോമസ് ഇടുക്കി ഡിസിസി അധ്യക്ഷ സ്ഥാനം വഹിച്ച നാളുകള്‍ക്ക് ശേഷം ഇടുക്കി ജില്ലയില്‍ നിന്നൊരു കോണ്‍ഗ്രസുകാരന്‍ നിയമസഭ കണ്ടിട്ടില്ല. പിടി പ്രസിഡന്റ് സ്ഥാനം വഹിച്ച സമയത്തായിരുന്നു ജില്ലയില്‍ മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ വരെ ഉണ്ടായിരുന്നു.
പിടിയുടെ സംഘാടന മികവ് കോണ്‍ഗ്രസ് പല ഘട്ടങ്ങളിലും അറിഞ്ഞതാണ്. പക്ഷേ നേതാക്കള്‍ അതിന്റെ ഗുണഫലങ്ങള്‍ നേടിയ ശേഷം ഒടുവില്‍ പിടിയെ തള്ളിപ്പറഞ്ഞു. മുമ്പ് കെ എസ് യുവിന്റെ സംസ്ഥാന പ്രസിഡന്റുമാര്‍ക്കൊക്കെ നിയമസഭയിലേക്ക് സീറ്റു കൊടുത്തപ്പോള്‍ പിടിയെ ജില്ലാ കൗണ്‍സിലേക്ക് ഒതുക്കി.
അവിടെ പരാതികളില്ലാതെ മത്സരിച്ച പിടി വിജയിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പിടിക്ക് നിയമസഭയിലേക്ക് മത്സരിക്കാനൊരു സീറ്റ് കിട്ടിയത്. തൊടുപുഴയില്‍ 1991ല്‍ മത്സരിച്ച പിടി വിജയിച്ചു. പിന്നീട് ഒരു തവണകൂടി പിടി തൊടുപുഴയില്‍ വിജയിച്ചു. പിന്നെ തോറ്റു.
ലോക്‌സഭയിലേക്ക് മത്സരിച്ച പിടി ഇടുക്കി ഇടതുപക്ഷത്തുനിന്നും പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് ജില്ലയില്‍ നിന്നും മാറ്റി നിര്‍ത്തിയതും ഒടുവില്‍ തൃക്കാക്കരയില്‍ മത്സരിച്ച് വിജയിച്ചതും പിടിയുടെ ചരിത്രം. പിടി തോമസിനെക്കാള്‍ ജൂണിയറായ വിഡി സതീശന്റെ കീഴില്‍ ഇന്നു പിടി പാര്‍ലമെന്ററി പാര്‍ട്ടില്‍ ഇരുന്നു.
പിടിയോളം സംഘടനാ പാരമ്പര്യമോ, പ്രാപ്തിയോ, സംഘാടന മികവോ ഇല്ലാതിരുന്ന പലരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് സംസ്ഥാന മന്ത്രിയും കേന്ദ്ര മന്ത്രിപദവിയും വര്‍ഷങ്ങളോളം ജനപ്രതിനിധിയായതുമൊക്കെ കേരളം കണ്ടു. പിന്നീട് ഒന്നു മാറ്റി നിര്‍ത്തപ്പെട്ടപ്പോള്‍ പാര്‍ട്ടിയെ ഭീഷണിപ്പെടുത്തി വര്‍ക്കിങ് പ്രസിഡന്റ് പദവി നല്‍കി അവരെയൊക്കെ പാര്‍ട്ടി അനുനയിപ്പിക്കുന്നതും കോണ്‍ഗ്രസ് രാഷ്ട്രീയം കണ്ടത്.
എന്നിട്ടും കൊതി തീരാതെ യുഡിഎഫ് കണ്‍വീനര്‍ പദവിക്കായി കേന്ദ്രത്തില്‍ നടത്തിയ സമ്മര്‍ദ്ദ നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ വിമതനെന്ന നിലയില്‍ ചില നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങളും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കണ്ടതാണ്. അവിടെയെല്ലാമാണ് പിടി വേറിട്ടു നിന്നത്. ഒരു പദവിയുടെയും പിന്നാലെ അദ്ദേഹം പോയില്ല.
ഒടുവില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പദവി പോലും അദ്ദേഹത്തെ തേടിയെത്തിയതാണ്. അദ്ദേഹം അതിനായി പരിശ്രമിക്കുകയോ ആരുടെയെങ്കിലും പിന്നാലെ പോകുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ കഴിവുള്ള നേതാക്കളെ അംഗീകരിക്കാനും അവരുടെ കഴിവിനെ പാര്‍ട്ടിക്കായി പ്രയോജനപ്പെടുത്താനും ഇനിയെങ്കിലും കോണ്‍ഗ്രസിനു കഴിയണം. ഇനി പിടിയെ പോലെ ഒഴിവാക്കപ്പെട്ട നേതാക്കള്‍ ഉണ്ടാകാതിരിക്കട്ടെ.