കൊച്ചി : എറണാകുളം പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, കവര്‍ച്ചയുടെ തെളിവ് ഇല്ലാതാക്കാനാണ് കൊലപാതകമെന്ന് പൊലീസ്. കേസില്‍ പിടിയിലായ ഡിനോയിയും കൊല്ലപ്പെട്ട ജോബിയും പുതുവര്‍ഷദിനത്തില്‍ കൊച്ചി പുതുക്കലവട്ടത്തെ വീട്ടില്‍ വന്‍ കവര്‍ച്ച നടത്തിയിരുന്നു. 60 പവനാണ് ഇവര്‍ മോഷ്ടിച്ചത്.
/sathyam/media/post_attachments/Ioapfkd7AmWSKnV913Gl.jpg)
ഇതിന് പിന്നാലെ പുതുക്കലവട്ടത്തെ വീട്ടിലെത്തി പൊലീസ് മോഷ്ടാക്കളുടെ വിരലടയാളം ശേഖരിച്ചിരുന്നു. ജോബി പിടിയിലായാല്‍ താന്‍ കുടുങ്ങുമെന്ന് ഡിനോയ് ഭയന്നു. ഇതേത്തുടര്‍ന്നാണ് ജോബിയെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പുതുക്കലവട്ടത്തെ വീട്ടുടമയുടെ സഹോദരപുത്രനാണ് ഡിനോയ്. ഡിനോയിയുടെ സഹോദരിയുടെ വിവാഹത്തിനായി വീട്ടുടമയും കുടുംബവും പോയ സമയത്താണ് കവര്‍ച്ച നടന്നത്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികളായ പ്രദീപ്, മണിലാല്‍, സുലു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.