ന്യൂഡല്‍ഹി: രാജ്യത്തെ ഭീകരാക്രമണങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള, വയനാട് ലക്കിടി സ്വദേശി വിവി വസന്തകുമാര്‍ ഉള്‍പ്പടെ 76- ബറ്റാലിയനിലെ 40 ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ആക്രമണത്തിന് ഒരുവയസ്. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് അംഗവും പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദ് നടത്തിയ ചാവേര്‍ ആക്രമണം നടത്തിയത്. 40 ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ പരിക്കേറ്റവര്‍ നിരവധിയായിരുന്നു.
2019 ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15-നാണ് രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം ഉണ്ടായത്. 78 വാഹനങ്ങളിലായി സഞ്ചരിച്ച 2547 ജവാന്മാരെ ലക്ഷ്യം വച്ചായിരുന്നു ചാവേര്‍ ആക്രമണം. ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്ക് സഞ്ചരിച്ച വാഹനവ്യൂഹം പുല്‍വാമ ജില്ലയിലെ അവന്തിപ്പുരയ്ക്ക് സമീപം എത്തിയപ്പോഴാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ആദില്‍ അഹമ്മദ് ജവാന്മാരുടെ വാഹനങ്ങളിലേക്ക് ഇടിച്ചു കയറ്റിയത്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പിന്നില്‍ 23-കാരനായ ജയ്ഷെ മുഹമ്മദ് ഭീകരന്‍ മുദിസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് പിന്നീട് വ്യക്തമായി. ഇലക്ട്രീഷ്യനായ ഇയാളാണ് ആവശ്യമായ ആക്രമണത്തിന് ഉപയോഗിച്ച കാറും സ്ഫോടവസ്തുക്കളും ശേഖരിച്ച് ആദില്‍ അഹമ്മദിന് കൈമാറിയത്.
പുല്‍വാമ ജില്ലയിലെ ത്രാള്‍ സ്വദേശിയായ മുദിറിന് കാര്‍ വാങ്ങി നല്‍കിയത് ഭീകരസംഘടനകളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന സജ്ജാദ് ഭട്ടാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണത്തിനിടെ മുദസിറിനെ സൈന്യം വധിച്ചു. നിരവധി ഭീകരാക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. കശ്മീര്‍ പോലീസും എന്‍ഐഎയും ചേര്‍ന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയത്.
ചാവേറായ ആദില്‍ ഓടിച്ച് കാറില്‍ 100 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നു. ഇയാളുടെ കൈകളിലേക്ക് ഇത്രയധികം സ്ഫോട വസ്തുക്കള്‍ എങ്ങനെയെത്തി എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി നിലനില്‍ക്കുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍, ലഷ്‌കറെ തയിബ എന്നീ ഭീകരസംഘടനകളുടെ സഹായം സൂത്രധാരനായ ആദില്‍ അഹമ്മദിന് ലഭിച്ചുവെന്നാണ് സൂചന. പുല്‍വാമ ഭീകരാക്രമണത്തിന് പ്രധാന കാരണം സുരക്ഷാ വീഴ്ചയാണ്. ആക്രമണത്തിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഭീകരര്‍ക്ക് പ്രദേശവാസികളില്‍നിന്നു പിന്തുണ ലഭിച്ചിരുന്നു.