കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് കൂടി നടന്ന് പോയ മൂന്ന് പെണ്‍കുട്ടികള്‍ വാനിടിച്ച് മരിച്ചു

ന്യൂസ് ബ്യൂറോ, കൊല്ലം
Thursday, December 3, 2020

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് കൂടി നടന്ന് പോയ ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ അടക്കം മൂന്ന് വിദ്യാർത്ഥിനികൾ പിക്കപ്പ് വാനിടിച്ച് മരിച്ചു. തെന്മല പഞ്ചായത്തിലെ ഉറുകുന്ന് നേതാജി ഒലിക്കര പുത്തൻ വീട്ടിൽ സന്തോഷ് എന്ന അലക്സ്-സിന്ധു ദമ്പതികളുടെ മക്കളായയ ശാലിനി (14),  ശ്രുതി (11), സമീപവാസിയും നേതാജി റ്റിസൺ ഭവനിൽ കുഞ്ഞുമോൻ- സുജ (ഗൾഫ്) ദമ്പതികളുടെ മകള്‍ കെസിയ (16) യുമാണ് മരിച്ചത്.

ഇന്നലെ വൈകിട്ടു 3.45 ഓടെ ഉറുകുന്ന് ജംഗ്ഷന് സമീപത്തായിരുന്നു അപകടം. വീട്ടിൽ നിന്ന് സഹോദരിമാരുടെ പിതാവ് സന്തോഷ് നടത്തുന്ന കടയിൽ പോകാൻ പാതയോരത്ത് കൂടി നടന്ന് പോകുകയായിരുന്നു മൂന്ന് വിദ്യാർത്ഥിനികളും. ഇതിനിടെ കേരളത്തിൽ ചരക്ക് ഇറക്കിയ ശേഷം അമിത വേഗതയിൽ തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മൂന്ന് കുട്ടികളെയും ഇടിച്ചിടുകയായിരുന്നു.

രക്തത്തിൽ കുളിച്ചു കിടന്ന മൂന്ന് പേരെയും നാട്ടുകാര്‍ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ശ്രുതിയും കെസിയയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശാലിനിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ അന്ത്യം സംഭവിക്കുകയായിരുന്നു.

പിക്കപ്പ് വാൻ ഡ്രൈവർ തമിഴ്‌നാട് സ്വദേശി വെങ്കിടേശിനെ തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തു. തെന്മല ഗ്രാമപഞ്ചായത്തിലെ ഉറുകുന്ന് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് മരിച്ച സഹോദരിമാരുടെ പിതാവ് സന്തോഷ്.

×